കണ്‍സ്യൂമര്‍ഫെഡ്  എം.ഡി. നിയമനത്തിന് സര്‍ക്കാര്‍തല സമിതി

Deepthi Vipin lal

കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറുടെ നിയമനത്തിനായി അഭിമുഖം നടത്തുന്നതിനും യോഗ്യത പരിശോധിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്സണായുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. എം.ഡി. തസ്തികയിലേക്ക് നേരത്തെ സഹകരണ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഈ അപേക്ഷകള്‍ പരിശോധിച്ച് അഭിമുഖം നടത്തുന്നതിനുള്ള ചുമതലയാണ് സെലക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുള്ളത്.

സഹകരണ വകുപ്പ് സെക്രട്ടറിക്ക് പുറമെ സഹകരണ സംഘം രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍, ഐ.എം.കെ. പൊഫസര്‍ ഡോ.കെ.എസ്. ചന്ദ്രശേഖര്‍, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍ എന്നിവരാണ് സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണു നേരത്തെ കണ്‍സ്യൂമര്‍ഫെഡില്‍ മാനേജിങ് ഡയറക്ടറായി നിയമിക്കാറുണ്ടായിരുന്നത്. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജറായിരുന്ന എം. രാമനുണ്ണിയാണ് ഇതല്ലാതെ കണ്‍സ്യുമര്‍ഫെഡ് എം.ഡി.യായി നിയമിതനായിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ നിയമനച്ചട്ടത്തില്‍ സിവില്‍ സര്‍വീസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടത് എന്ന വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാമനുണ്ണിയുടെ നിയമനം കോടതി കയറി. ഇത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പിന്നീട്, ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ക്കും കണ്‍സ്യുമര്‍ഫെഡ് എം.ഡി. സ്ഥാനത്തേക്ക് അപേക്ഷിക്കാവുന്നവിധം നിയമനച്ചട്ടത്തില്‍ ഭേദഗതി വരുത്തി.

പുതിയ നിയമനച്ചട്ടം അനുസരിച്ചാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ കരാര്‍ വ്യവസ്ഥയിലാണ് മാനേജിങ് ഡയറക്ടറെ നിയമിക്കുന്നത്. ഐ.എ.എസ്., ഐ.പി.എസ്. റാങ്കിലുള്ളവര്‍, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍, അല്ലെങ്കില്‍ തുല്യറാങ്കിലുള്ള സര്‍ക്കാര്‍ തസ്തികയിലുള്ളവര്‍, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. ഫിനാന്‍സ്, ബാങ്കിങ,് മാര്‍ക്കറ്റിങ് എന്നീ മേഖലയില്‍ എം.ബി.എ. ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. മാനേജീരിയല്‍ തലത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിജ്ഞാപനമനുസരിച്ച് അപേക്ഷിച്ചവരെയാണ് സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തുക. ഈ അഭിമുഖത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Leave a Reply

Your email address will not be published.

Latest News