ഇടക്കൊച്ചി ബാങ്ക് നൂറിന്റെ നിറവില്‍

moonamvazhi

 

– വി.എന്‍. പ്രസന്നന്‍

എറണാകുളംജില്ല ആലപ്പുഴജില്ലയുമായി കൈകോര്‍ക്കുന്ന പ്രദേശമാണ് ഇടക്കൊച്ചി. അവിടത്തെ സര്‍വീസ് സഹകരണബാങ്ക് ശതാബ്ദിയിലേക്ക്. 1922 നവംബര്‍ 17നു (മലയാളവര്‍ഷം 1098 വൃശ്ചികം 2) രജിസ്റ്റര്‍ ചെയ്ത് 1923 ജനുവരി ഏഴിനു (1098 ധനു 23)പ്രവര്‍ത്തനം തുടങ്ങിയ ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് ശതാബ്ദിയാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. നവംബര്‍ 28 ഞായറാഴ്ച ബാങ്ക് ആസ്ഥാനത്തു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.കെ. ബാബു എം.എല്‍.എ അധ്യക്ഷനായിരുന്നു. സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ കെ.വി. ഏബ്രഹാം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ മൈലന്തറ, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജീജ ടെന്‍സന്‍, അഭിലാഷ് തോപ്പില്‍, പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍, ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോണ്‍ റിബല്ലോ, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ കെ.എം. മനോഹരന്‍, പി.ഡി. സുരേഷ്, ടി.എന്‍. സുബ്രഹ്മണ്യന്‍, കെ.എസ്. അമ്മിണിക്കുട്ടന്‍, ടി.ആര്‍. ജോസഫ്, ലില്ലിവര്‍ഗീസ്, സെക്രട്ടറി പി.ജെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി, 75 വയസ്സു തികഞ്ഞ അംഗങ്ങള്‍ക്കു വര്‍ഷം 1200 രൂപ പെന്‍ഷന്‍ നല്‍കി. ഇതു വരുംവര്‍ഷങ്ങളിലും തുടരും.

കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനാണ് ഈ സംഘം സ്ഥാപിച്ചത്. കര്‍ഷകരില്‍നിന്നു നാളികേരം വിലകൊടുത്തു വാങ്ങി സംഭരിക്കുകയും അവര്‍ക്കു വിത്തും വളവും വായ്പയും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തായിരുന്നു തുടക്കം. അന്നൊക്കെ കെട്ടുതെങ്ങുവായ്പയായിരുന്നു പ്രധാനം. വായ്പയെടുത്ത കര്‍ഷകരുടെ പറമ്പുകളില്‍നിന്നു സംഘം ഏര്‍പ്പെടുത്തുന്ന തെങ്ങുകയറ്റത്തൊഴിലാളികള്‍ തെങ്ങുകയറി ശേഖരിക്കുന്ന തേങ്ങ വിറ്റ് വായ്പത്തുകയുടെ ഗഡുക്കള്‍ വരവു വച്ച് ബാക്കി അവര്‍ക്കു തന്നെ കൊടുക്കുന്നതായിരുന്നു രീതി. 25 പേരാണു സംഘം സ്ഥാപിച്ചത്. കളപ്പുരയ്ക്കല്‍ അന്തേന്‍ അയിരുന്നു ആദ്യ പ്രസിഡന്റ്. എടക്കൊച്ചി പരസ്പരസഹായസംഘം ക്ലിപ്തം 116 എന്നായിരുന്നു അന്നത്തെ പേര്. കളപ്പുരയ്ക്കല്‍ കുടുംബത്തിന്റെ ഒരു കെട്ടിടത്തിലായിരുന്നു ഓഫീസ്. 1958ല്‍ പാമ്പായിമൂലയില്‍ ഇരുപതരസെന്റ് വാങ്ങി അവിടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നത്തെ കൊച്ചിന്‍ കോര്‍പറേഷന്റെ 15,16 ഡിവിഷനുകള്‍ മാത്രമാണു പ്രവര്‍ത്തനപരിധി. ഇവിടത്തെ കൗണ്‍സിലര്‍മാര്‍ ആരെങ്കിലുമൊക്കെ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ വരുന്നതും പതിവ്.

പടിപടിയായി സംഘം ഉയര്‍ന്നു. 1975ല്‍ പേര് ഇടക്കൊച്ചി സഹകരണസംഘം എന്നാക്കി. ചില പ്രശ്‌നങ്ങള്‍ മൂലം 1989നുശേഷം ഒരുകൊല്ലം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമായിരുന്നു. എങ്കിലും വൈകാതെ 1991ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിവന്നു. കെ.എം. ആന്റണി മാസ്റ്റര്‍ പ്രസിഡന്റായി. അതിനുശേഷം പുരോഗതി ഏറെ നേടി. 1986മുതല്‍ സംഘം ഒരു ടെക്‌സ്റ്റൈല്‍ സ്റ്റോര്‍ നടത്തുന്നുണ്ട്. അംഗങ്ങള്‍ക്കു 7500 രൂപയുടെ വരെ തുണികള്‍ വായ്പ കിട്ടും. പണം ഒരുവര്‍ഷത്തിനകം അടച്ചാല്‍ മതി. തുടക്കത്തില്‍ വാടകക്കെട്ടിടത്തിലായിരുന്നു ടെക്‌സ്‌റ്റൈല്‍സ് സ്റ്റോര്‍. പിന്നീട് സ്വന്തം കെട്ടിടമായി. ആ കെട്ടിടത്തിനു തറക്കല്ലിട്ടതു വി.എം. സുധീരനാണ്. ബാങ്ക് ആസ്ഥാനമന്ദിരത്തോടു ചേര്‍ന്നാണു സ്‌റ്റോര്‍.

‘ക്ലാസ് 5’ വിഭാഗം സംഘമായിരുന്നു ഇത്. 1993 നവംബര്‍ ഒന്നിനു ‘ക്ലാസ് നാല്്’ആയി. 1997ല്‍ സംഘം 75-ാം വാര്‍ഷികം ആഘോഷിച്ചു. മെഡിക്കല്‍ ക്യാമ്പും കലാകായികമത്സരങ്ങളും നടത്തി. സിനിമാനടന്‍ റിസബാവയാണ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണു നിലവിലുള്ള രണ്ടുനിലക്കെട്ടിടം പണിതത്. പ്ലാറ്റിനം ജൂബിലി മന്ദിരം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. 1998 ഏപ്രില്‍ ഒന്നിനു സംഘം ‘ക്ലാസ് 3’ വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ആ വര്‍ഷം മുതല്‍ ബാങ്ക് ലാഭത്തിലുമാണ്. സ്ഥിരമായി ലാഭവിഹിതം നല്‍കുന്നുമുണ്ട്. 2000 ആഗസ്ത് നാലിന് ഇത് ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്ക് ആയി മാറി. 2012 സെപ്തംബര്‍ ഒന്നിനു ‘ക്ലാസ് 2’ വിഭാഗത്തിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2013 ജൂണ്‍ ഒന്നിനു ‘ക്ലാസ് 1’ വിഭാഗത്തിലേക്കുയര്‍ന്നു. 2015മെയ് ഏഴിന് സൗത്ത് ശാഖ ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സെന്റ് ലോറന്‍സ് സ്‌കൂളിനടുത്ത് വാടകക്കെട്ടിടത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2015 ഒക്ടോബര്‍ ഒന്നിനു ‘ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ്’ ആയി.’എ ഗ്രേഡ്’ ആണ് ബാങ്കിന്റെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍.

2016ലെ നോട്ടുനിരോധനകാലത്തും ബാങ്ക് വായപാനടപടികള്‍ മുടങ്ങിയില്ല. 2017-18ല്‍ സഹകാരികളെയും വിദ്യാര്‍ഥികളെയും റസിന്റ്‌സ് അസോസിയേഷനുകളെയും സഹകരിപ്പിച്ചു ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. ഇതു തുടരുകയുമാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാനും കൃഷിയില്‍ താത്പര്യം ജനിപ്പിക്കാനും വിത്തുകളും തൈകളും വിതരണം ചെയ്തു. അംഗങ്ങളുടെ പരസ്പരജാമ്യത്തില്‍ നല്‍കുന്ന സാധാരണവായ്പകളുടെ പരിധി 50,000 രൂപ പരെയാക്കി. സൗജന്യമായി ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 2018-19ല്‍ വനിതാഅംഗങ്ങള്‍ക്കായി ‘ഇ.എസ്.സി.ബി സഹായി’വായ്പാപദ്ധതി നടപ്പാക്കി. വനിതകളുടെ സ്വയംസഹായസംഘങ്ങള്‍ രൂപവത്കരിച്ചു തൊഴിലും വരുമാനവും വര്‍ധിപ്പിക്കലും ബ്ലേഡ്പലിശക്കാരില്‍നിന്നു മോചിപ്പിക്കലുമാണു ലക്ഷ്യം. ഒരംഗത്തിനു 50,000 രൂപ വീതം 15 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് 7.5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വസ്തു ഈട് വായ്പ പരിധി 15 ലക്ഷമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഏഴു വര്‍ഷകാലാവധിയില്‍ ഏഴുലക്ഷം രൂപ വരെ നല്‍കിയിരുന്ന ഭവനവായ്പ 10 വര്‍ഷ കാലാവധിയില്‍ 10 ലക്ഷം രൂപയാക്കി.

2019-20ല്‍ 46 വീടുകള്‍ക്കായി 2,89,40,000 രൂപ ഭവനവായ്പ നല്‍കാനായി. ‘ഇ.എസ്.സി.ബി സഹായി’ പദ്ധതിയില്‍ കുറഞ്ഞപലിശയ്ക്ക് 43 ഗ്രൂപ്പിലായി 1,79,50,000 രൂപ വായ്പ നല്‍കാനായി. 359 സ്ത്രീകളുടെ കുടംബങ്ങള്‍ക്ക് ഇതു പ്രയോജനപ്പെട്ടു. നൂറാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍, 2021 മാര്‍ച്ചിലെ കണക്കു പ്രകാരം ബാങ്കിനു 46 ലക്ഷം രൂപ അറ്റലാഭമുണ്ട്. 71 കോടിരൂപയാണു പ്രവര്‍ത്തനമൂലധനം. 13,000 ഏ ക്ലാസ് അംഗങ്ങളുണ്ട്. 1,88,00000 രൂപയാണ് ഓഹരിമൂലധനം. 69 കോടിരൂപയുടെ നിക്ഷേപമുണ്ട്. 61 കോടി രൂപയാണു വായ്പ. കോര്‍ബാങ്കിങ് നടപ്പാക്കിയിട്ടുണ്ട്. സി.സി.ടി.വി നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തി. ബാങ്ക് മന്ദിരവും ശാഖാമന്ദിരവും പൂര്‍ണഎയര്‍കണ്ടീഷന്‍ഡ് ആണ്. 14 സ്ഥിരം ജീവനക്കാരും അഞ്ചോളം താത്കാലികജീവനക്കാരുമാണു ബാങ്കിനുള്ളത്.

സേവന പ്രവര്‍ത്തനങ്ങള്‍

ഇടക്കൊച്ചിയിലെ എല്ലാ സ്‌കൂളിനും ഉച്ചഭക്ഷണത്തിനും മറ്റും ബാങ്ക് ധനസഹായം ചെയ്യുന്നു. ഇടക്കൊച്ചി സര്‍ക്കാര്‍ ഹൈസ്‌കൂളിനു പൂര്‍ണസജ്ജമായ സി.സി.ടി.വി. നല്‍കി. ഇടക്കൊച്ചി പി.വി.എം.എം.എ.ഐ സ്‌കൂളിന് ക്ലാസ് മുറികള്‍ വേര്‍തിരിക്കുന്ന ബോര്‍ഡ് തട്ടികകള്‍ നിര്‍മിച്ചു നല്‍കി. അറ്റകുറ്റപ്പണികളും നടത്തിക്കൊടുത്തു. അംഗങ്ങളുടെ മക്കളില്‍എസ്.എസ്.എല്‍.സി ക്കും ഐ.സി.എസ്.ഇ-സിബി.എസ്.ഇ പത്താംക്ലാസ് പീക്ഷകളിലും ഹയര്‍സെക്കണ്ടറിക്കും ഉന്നതവിജയം നേടുന്നവര്‍ക്കു 1750 രൂപയുടെ ക്യാഷ് അവാര്‍ഡുകളും മെമന്റോയും നല്‍കുന്നു. എസ്.എസ്.എല്‍.സി.ക്കു പട്ടികജാതി-വര്‍ഗഅംഗങ്ങളുടെ കുട്ടികളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്കും ഇടക്കൊച്ചി സര്‍ക്കാര്‍ ഹൈസ്‌കുളില്‍നിന്ന് ഉന്നതവിജയം നേടുന്ന കുട്ടിക്കും പ്രത്യേകക്യാഷ്അവാര്‍ഡുകളും മെമന്റോയും നല്‍കുന്നുണ്ട്. ബാങ്ക് അതിര്‍ത്തിയിലെ ഹോമിയോ ക്ലിനിക്കിന് മരുന്നുകളും കുപ്പികളും വാങ്ങാന്‍ ധനസഹായം നല്‍കുന്നുണ്ട്. ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ക്കു ഒറ്റത്തവണചികിത്സാസഹായമായി 2000 രൂപ നല്‍കുന്നു.

അംഗം മരിച്ചാല്‍ കുടുംബത്തിനു 10,000 രൂപ മരണധനസഹായം കൊടുക്കും. ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളില്‍ മിതമായനിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സഹകരണച്ചന്തകള്‍ നടത്തുന്നുണ്ട്. സാമൂഹികക്ഷേമപെന്‍ഷന്‍ വിതരണവും ഏറ്റെടുത്തു നടത്തുന്നു. സര്‍ക്കാരില്‍നിന്നു ഗുണഭോക്തൃപട്ടിക ലഭിച്ചാലുടന്‍ തുക അനുവദിച്ചുവരാന്‍ കാക്കാതെ ബാങ്കുഫണ്ടില്‍നിന്ന് അപ്പോള്‍ തന്നെ പെന്‍ഷന്‍ വിതരണം ചെയ്യുന്നു. 2018ലെ മഹാപ്രളയത്തില്‍ കെയര്‍ഹോം പദ്ധതിക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു. കോവിഡ് കാലത്ത് എല്ലാ വീട്ടിലും കോട്ടണ്‍ മാസ്‌കുകള്‍ നല്‍കി. എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കും ബാങ്ക് മാസ്‌കുകളും സാനിറ്റൈസറുകളും കൊടുത്തു. കോവിഡ് ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കു 11 സാധനങ്ങളടങ്ങിയ സൗജന്യഭക്ഷ്യകിറ്റ് എത്തിച്ചു. കോവിഡ് രോഗികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ചുലക്ഷം രൂപ നല്‍കി. കോവിഡ് മാനദണ്ഡങ്ങളുടെ പാലനവും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുന്നുമുണ്ട്. 63 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ 10,000രൂപയുടെ ‘വിദ്യാതരംഗിണി’പലിശരഹിത വായ്പ നല്‍കി. ഒന്നരക്കോടി ചെലവിട്ട് കോവിഡിന്റെ രണ്ടു തരംഗകാലത്തും 2600 കുടുംബങ്ങള്‍ക്ക് 6000 രൂപ വീതം പലിശരഹിത വായ്പ നല്‍കി. വിഷരഹിതപച്ചക്കറി ഉത്പാദിപ്പിക്കാന്‍ ബാങ്കു നേരിട്ടു പച്ചക്കറിക്കൃഷി നടത്തുന്നു.

വായ്പകള്‍

‘ഇ.എസ്.സി.ബി.സഹായി’ വായ്പയ്ക്കും വസ്തുഈട് വായ്പയ്ക്കും ഭവനവായ്പയ്ക്കും പുറമെ, ബിസിനസ് വായ്പയുണ്ട്. അഞ്ചുലക്ഷംരൂപ വരെ നല്‍കും. ഇതു ദിവസപ്പിരിവായി തിരിച്ചടക്കാം. കുറഞ്ഞപലിശയ്ക്കു വിദ്യാഭ്യാസവായ്പയുമുണ്ട്. വായ്പകള്‍ കൂടാതെ 10 സ്‌കീമിലായി 18,00,000 രൂപയുടെ മ്യൂച്ച്വല്‍ ബെനിഫിറ്റ് സ്‌കീമുകള്‍ നടത്തുന്നുണ്ട്. സ്വര്‍ണപ്പണയവായ്പയും നിക്ഷേപവായ്പയും ഒഴികെ, 5000 രൂപയില്‍ കൂടുതലുള്ള എല്ലാ വായ്പക്കും റിസ്‌ക് ഫണ്ട് സംരക്ഷണമുണ്ട്. അംഗം മരിച്ചാല്‍ ഇതുവഴി രണ്ടുലക്ഷം രൂപ വരെയുളള വായ്പാബാധ്യത ഒഴിവാക്കും.
ഭരണസമിതി.

പലതവണ തുടര്‍ച്ചയായി ബാങ്കു പ്രസിഡന്റായിരുന്ന കെ.എം. ആന്റണി മാസ്റ്റര്‍ക്കു ശേഷം കഴിഞ്ഞ രണ്ടുതവണയായി ജോണ്‍ റിബല്ലോ ആണു പ്രസിഡന്റ്. കൊച്ചി കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറായ അദ്ദേഹം 1991മുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ജില്ലാസഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഇടക്കൊച്ചി ബ്ലോക്ക് നിര്‍വാഹകസമിതിയംഗമാണ്. ടി.എന്‍. സുബ്രഹ്മണ്യന്‍, കെ.എം. മനോഹരന്‍, പി.ഡി. സുരേഷ്, കെ.എസ്. അമ്മിണിക്കുട്ടന്‍, ടി.ആര്‍. ജോസഫ്, ജീജടെന്‍സന്‍, ലില്ലി വര്‍ഗീസ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. പി.ജെ. ഫ്രാന്‍സിസ് ആണു സെക്രട്ടറി.

ഭാവി പരിപാടികള്‍

ശതാബ്ദിയുടെ ഭാഗമായി ബാങ്കിന്റെ രണ്ടാംനിലയില്‍ 200 പേര്‍ക്കിരിക്കാവുന്ന മിനിഓഡിറ്റോറിയം ഉടന്‍ സജ്ജമാക്കുമെന്നു ബാങ്ക് പ്രസിഡന്റ് ജോണ്‍ റിബെല്ലോയും സെക്രട്ടറി പി.ജെ. ഫ്രാന്‍സിസും പറഞ്ഞു.ഒരു മെഡിക്കല്‍ സ്‌റ്റോറും ആരംഭിക്കും. ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാസഹായം 2500 രൂപയായി വര്‍ധിപ്പിക്കും. വിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹധനസഹായം നല്‍കാന്‍ പദ്ധതിയുണ്ട്. വീടും സ്ഥലവുമില്ലാത്ത അംഗങ്ങള്‍ക്കായി ഒരു പാര്‍പ്പിടസമുച്ചയം നിര്‍മിച്ച് കുറഞ്ഞവാടകയ്ക്കു താമസസൗകര്യം ലഭ്യമാക്കാനും ആലോചനയുണ്ടെന്ന് ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!