സഹകരണ സംഘങ്ങളുടെ സംരംഭത്തിന്  വ്യവസായ വകുപ്പു വഴിയും സബ്സിഡി

Deepthi Vipin lal

അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനത്തില്‍ സഹകരണ സംഘങ്ങളെയും ഭാഗമാക്കുന്നു. സഹകരണ സംഘങ്ങള്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്കും വ്യവസായ വകുപ്പിന്റെ പദ്ധതിയനുസരിച്ചുള്ള സബ്സിഡി ലഭിക്കും. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ-കര്‍ഷക കൂട്ടായ്മകളുണ്ടാക്കി സംരംഭം തുടങ്ങിയാലും സഹായം ലഭിക്കും. സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിനും വ്യവസായ വകുപ്പിന്റെ പദ്ധതികളില്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്.

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കാണ് സഹകരണ വകുപ്പിന്റെ ഊന്നല്‍. ഈ ഉല്‍പന്നങ്ങള്‍ കോ-ഓപ് മാര്‍ട്ട് വഴി വിപണിയിലെത്തിക്കാനുള്ള സാധ്യതയാണ് സഹകരണ വകുപ്പ് കാണുന്നത്. ഇത്തരത്തില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അവയുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിപണിയിലെത്തിക്കാനുള്ള ചുമതലയും കോ-ഓപ് മാര്‍ട്ടിന്റെ നിര്‍വഹണ ഏജന്‍സിയായി നിയോഗിച്ച എന്‍.എം.ഡി.സി. നിര്‍വഹിക്കണമെന്നു വകുപ്പുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യവസായ വകുപ്പ് വഴി നടപ്പാക്കുന്ന കേന്ദ്ര ഭക്ഷ്യവ്യവസായ മന്ത്രാലയത്തിന്റെ പദ്ധതിയായ പി.എം.എഫ്.എം.ഇ.യില്‍ ( പ്രൈമിനിസ്റ്റേഴ്സ് ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രൊസസിങ് എന്റര്‍പ്രൈസസ്) സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇത് സഹകരണ മേഖലയില്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. പദ്ധതിച്ചെലവിന്റെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെയാണ് ഇതില്‍ സബ്സിഡി. ‘ഒരു ജില്ല ഒരു ഉല്‍പന്നം’ നയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ കണ്ടെത്തിയിട്ടുള്ള ഉല്‍പന്നത്തിന്റെ സംസ്‌കരണത്തിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സംസ്‌കരണ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിപ്രകാരമുള്ള സഹായം നല്‍കും. ഓരോ ജില്ലയിലും ഏത് ഉല്‍പന്നമാണെന്ന് വ്യവസായ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കണം സംഘങ്ങളും പദ്ധതി തയ്യാറാക്കേണ്ടത്. പി.എം.എഫ്.എം.ഇ. പദ്ധതി വഴി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, ഉല്‍പാദന സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കും യൂണിറ്റുകള്‍ സ്ഥാപിക്കാം. ഇതിന് പദ്ധതി വിഹിതത്തിന്റെ 35 ശതമാനം ക്രെഡിറ്റ് ലിങ്ക് ഗ്രാന്റ്, പരിശീലനത്തിനുള്ള പിന്തുണ എന്നിവയെല്ലാം ലഭിക്കും.

ഉല്‍പാദന മേഖലയിലെ സംരംഭങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സാമ്പത്തിക സഹായവും സബ്സിഡിയും ലഭിക്കും. ഭക്ഷ്യ സംസ്‌കരണ മേഖലയെ ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭത്തിന് വേണ്ട നിക്ഷേപത്തിന്റെ 10 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. 10 ലക്ഷം രൂപ സബ്സിഡിയുമുണ്ട്. സബ്സിഡിയും സഹായവും എല്ലാമുള്‍പ്പടെ ഒരു സംരംഭത്തിന് പരമാവധി 30 ലക്ഷം രൂപവരെയാണ് നല്‍കുക.

സഹകരണ സംഘത്തിന്റെ ആകെ വിറ്റുവരവ് ഒരു കോടിയിലധികം ആയിരിക്കണം, പദ്ധതിച്ചെലവ് നിലവിലെ വിറ്റുവരവില്‍ കൂടാന്‍ പാടില്ല, പദ്ധതിച്ചെലവിന്റെ 10 ശതമാനവും പ്രവര്‍ത്തന മൂലധനത്തിന്റെ മാര്‍ജിന്‍ മണിയും കണ്ടെത്താന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് കഴിവുണ്ടാകണം എന്നതാണ് വ്യവസായ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍. ഇത് മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ഇത്തരം സംരംഭത്തിന് വായ്പ പരമാവധി നല്‍കാം. സബ്സിഡി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സഹായം തിരിച്ചടവായി ബാങ്കിന് ലഭിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കി വായ്പ നല്‍കാനാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!