സഹകരണസംഘങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളാവണം

കെ.വി. ഷാജി ( നബാര്‍ഡ് ചെയര്‍മാന്‍ )

സഹകരണസംഘം എന്നാല്‍ സ്റ്റാര്‍ട്ടപ്പ് തന്നെയാണെന്നും സഹകരണസംഘങ്ങളെ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന രീതിയിലേക്കു കൊണ്ടുവരണമെന്നും നബാര്‍ഡ് ചെയര്‍മാന്‍
അഭിപ്രായപ്പെടുന്നു. കേരളത്തിലേക്കു കൂടുതല്‍ കേന്ദ്രഫണ്ട് എങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണം. പ്രവാസികളെ കൂടുതലായി സഹകരണ മേഖലയിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചും കേരളത്തിലെ
സഹകരണമേഖലയെ അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

 

നമ്മുടെ സ്വാതന്ത്ര്യസമരകാലത്തു മഹാനായ ഗോപാലകൃഷ്ണ ഗോഖലെ ബംഗാളിനെക്കുറിച്ച് ഒരു കാര്യം പറഞ്ഞു: ( ബംഗാള്‍ രാഷ്ട്രീയ, സാഹിത്യരംഗങ്ങളില്‍ മുന്നില്‍ നിന്നിരുന്ന കാലമാണത് ) ‘ ഇന്നു ബംഗാള്‍ എന്താണോ ചിന്തിക്കുന്നത്, അതായിരിക്കും നാളെ ഇന്ത്യ ചിന്തിക്കുന്നത് ‘. കേരളത്തിലെ സഹകരണമേഖലയെക്കുറിച്ചും അതാണു പറയാനുള്ളത്. ‘ ഇന്ന് എന്താണോ കേരളം ചെയ്യുന്നത്, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുന്നത് ‘. പല സാമ്പത്തികരംഗങ്ങളിലും കേരളത്തില്‍ സഹകരണമേഖലയുടെ സാന്നിധ്യമുണ്ട്. സഹകരണബാങ്കുകള്‍ ഇവിടെ ശക്തമാണ്. ഹ്രസ്വകാല വായ്പാബാങ്കുകളും ദീര്‍ഘകാല വായ്പാബാങ്കുകളും ഒരുപോലെ ശക്തമാണ്. ചെറിയ സംസ്ഥാനമായ കേരളത്തില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കും സംസ്ഥാന സഹകരണബാങ്കും വലിയ സ്ഥാപനങ്ങളാണ്. അതുകൊണ്ടുതന്നെ സഹകരണബാങ്കുകളുടെ മേല്‍നോട്ടച്ചുമതലയുള്ള സ്ഥാപനം എന്ന നിലയില്‍ നബാര്‍ഡിനു കുറച്ചു ശങ്കകളുണ്ടാവും. അതു സ്വാഭാവികമാണ്. സോഷ്യലിസ്റ്റ് രൂപത്തിലുള്ള സ്ഥാപനമാകുമ്പോള്‍ അതിന്റെ ഭരണനിര്‍വഹണത്തില്‍ നമുക്ക് ഒരുപാട് ഉത്കണ്ഠയുണ്ടാകും. ആ ഉത്കണ്ഠകള്‍ നമ്മള്‍ കാലാകാലങ്ങളില്‍ അതതു സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുന്നുമുണ്ട്.

സഹകരണം ഒരു സംസ്ഥാനവിഷയമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ സഹകരണത്തിന് ഒരു പ്രത്യേക മന്ത്രാലയംതന്നെ രൂപവത്കരിച്ചിട്ടുണ്ട്. ആ മന്ത്രാലയത്തിന്റെ കൂടിയാലോചനകളില്‍ ഭാഗഭാക്കാകാനുള്ള അവസരം നബാര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്കു കിട്ടിയിട്ടുണ്ട്. സഹകരണമേഖലയുടെ ദേശീയതലത്തിലുള്ള സ്ഥാപനമെന്ന നിലയില്‍ നബാര്‍ഡ് പല നയരൂപവത്കരണ സമിതികളിലും അംഗമാണ്. ഇന്നത്തെ സഹകരണവകുപ്പ് സെക്രട്ടറി കേരള കേഡര്‍ ഓഫീസറാണ്. അദ്ദേഹം മുമ്പു കേരള സംസ്ഥാന സഹകരണബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍കൂടിയായിരുന്നു. അദ്ദേഹത്തിനു കേരളത്തിന്റെ സഹകരണമേഖലയെക്കുറിച്ചു നന്നായറിയാം. ഞാനും കേരളത്തില്‍നിന്നായതുകൊണ്ട് സംസ്ഥാനത്തെ സഹകരണമേഖലയെക്കുറിച്ച് ഏതാണ്ട് ധാരണയുണ്ട്. സഹകരണനയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ കേരളത്തിലെ മാതൃകകള്‍ ഉയര്‍ന്നുവരാറുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളില്‍ നടത്തേണ്ട സന്ദര്‍ശനങ്ങളെക്കുറിച്ചു നബാര്‍ഡില്‍ ആലോചന നടക്കുമ്പോള്‍ ആദ്യം ചിന്തിക്കുന്നതു കേരളത്തിലേക്ക് അവരെ കൊണ്ടുവരിക എന്നതാണ്. അങ്ങനെ പല സന്ദര്‍ശനങ്ങളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം നല്ല കാര്യങ്ങള്‍തന്നെയാണ്. പക്ഷേ, നമുക്ക് ഉത്കണ്ഠയുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. അവ വളരെ ന്യായമായ ശങ്കകളാണുതാനും. സഹകരണമേഖല വികസിക്കുമ്പോള്‍ ഇത്തരം ശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും.

ബാങ്കിന്മേലുള്ള
വിശ്വാസം

സഹകരണനിക്ഷേപ ഗാരണ്ടി സ്‌കീമും സഹകരണ റിസ്‌ക് ഫണ്ട് സ്‌കീമും കേരളത്തിലുണ്ട്. ഇതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതും അതിന്റെ ഭരണനിര്‍വഹണവും വളരെ പ്രധാനമാണ്. പ്രത്യേകിച്ചും, ഏറ്റവും വലിയ സഹകരണബാങ്ക് കേരളത്തിലാകുമ്പോള്‍ പൊതുജനവിശ്വാസം വളരെ പ്രധാനമാണ്. ബാങ്ക് എന്നതു വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണു മുന്നോട്ടുപോകുന്നത്. നിക്ഷേപകന്റെ പണം അവരുടെ വിശ്വാസം കാരണം ബാങ്കില്‍ വരികയും ആ പണമുപയോഗിച്ചു നമ്മള്‍ വായ്പ കൊടുത്ത് അതില്‍നിന്നൊരു ലാഭമുണ്ടാക്കി നിക്ഷേപകനു തിരിച്ചുകൊടുക്കുകയുമാണു ചെയ്യുന്നത്. ഇതാണു ബാങ്കിങ്. കേള്‍ക്കുമ്പോള്‍ വളരെ ലളിതമായി തോന്നാമെങ്കിലും പൊതുജനത്തിന്റെ പണം കൈകാര്യം ചെയ്യുമ്പോഴുള്ള സങ്കീര്‍ണതകള്‍ വളരെയധികമാണ്. അതിന്റെ പലവിധ നൂലാമാലകള്‍ മനസ്സിലാക്കിക്കൊണ്ടുവേണം നമ്മള്‍ വായ്പ കൊടുക്കുകയും അതു തിരിച്ചുപിടിക്കുകയും ചെയ്യേണ്ടത്. പണം കടം കൊടുക്കുക എന്നതു സമൂഹത്തില്‍ വളരെ നല്ലൊരു കാര്യമായി ആരും കണക്കാക്കാറില്ല. പക്ഷേ, നമ്മുടെ സാമൂഹികവ്യവസ്ഥിതി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം കുമിഞ്ഞുകൂടുന്നതു പണം കടം കൊടുക്കുന്നവരുടെ പക്കലായിരിക്കും. ഇതൊരു പ്രത്യേക അവസ്ഥയാണ്. ഇത് എങ്ങനെ നമുക്കു ജനകീയമാക്കാന്‍ പറ്റും എന്നതാണു സഹകരണ സമ്പ്രദായത്തിലൂടെ നമ്മള്‍ ലക്ഷ്യമിടുന്നത്.

ഏതു കാര്യം ചെയ്യുമ്പോഴും ഒരു മൂലധനം വേണം. വിദൂരമുതലാളിത്തം ( Remote Capitalism ) എന്നൊന്നുണ്ട്. കൈയില്‍ പണം കൂടുതലുള്ളവര്‍ ഏതെങ്കിലും ലാഭമുള്ള സംരംഭത്തില്‍ നിക്ഷേപം നടത്തി അതിന്റെ ലാഭവിഹിതം പറ്റുക എന്നതാണു വിദൂരമുതലാളിത്തം. സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അവര്‍ പങ്കാളികളാവില്ല. അതേസമയം, സഹകരണസംഘം എന്നതില്‍ പങ്കാളിത്തമുണ്ട്. അതൊരു പങ്കാളിത്ത മുതലാളിത്ത ( Participative Capitalism ) മാണ്. അതിന്റെ മൂലധനദാതാക്കള്‍തന്നെയാണു കാര്യങ്ങള്‍ ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്ക് ഉതകുന്ന രീതികളാണു സഹകരണമേഖലയിലുള്ളത്. അതു ബാങ്കിങ് വ്യവസ്ഥയിലേക്കു കൊണ്ടുവരുമ്പോള്‍ അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ, മറ്റു ബാങ്കിങ്ങിതരപ്രവര്‍ത്തനങ്ങളില്‍ ഇത്തരമൊരു വ്യവസ്ഥിതി നല്ലതാണ്. വരുമാനവിതരണത്തില്‍ നല്ലൊരു മാതൃകയാണു സഹകരണവ്യവസ്ഥ. കാരണം, മൂലധനദാതാക്കള്‍തന്നെ അതിന്റെ പ്രവൃത്തി ചെയ്യുകയാണ്. ആ നിലയ്ക്ക് അവര്‍ക്ക് ഒരു വരുമാനം കിട്ടുന്നുണ്ട്. അതിന്റെ കൂടെ ലാഭത്തില്‍ ഒരു പങ്ക് ഡിവിഡന്റായി കിട്ടുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ ബാങ്കിങ്ങിതര പ്രവര്‍ത്തനത്തില്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട് കേരളത്തിന്റെ സഹകരണമേഖല.

നിക്ഷേപകന്റെ
താല്‍പ്പര്യം പ്രധാനം

ബാങ്ക് എന്നതു വളരെ സ്‌പെഷലൈസ്ഡാണ്. അതു വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഒരു ബിസിനസ് നടത്തുമ്പോള്‍ അതില്‍ വിശ്വാസം അധികം വരുന്നില്ല. ബിസിനസ്സിലുള്ള കാര്യശേഷിയനുസരിച്ചു ആ ബിസിനസ് മുന്നോട്ടുപോവുക, അതില്‍നിന്നൊരു ലാഭം കിട്ടുക എന്നതാണു ലക്ഷ്യം. അതേസമയം, ബാങ്കിങ്ങില്‍ കുറച്ചു നിയന്ത്രണം ആവശ്യമാണ്. നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും ഗുണങ്ങള്‍ എല്ലാവര്‍ക്കും പെട്ടെന്നു കിട്ടണമെന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമവും നിയന്ത്രണവും പാലിച്ചുകൊണ്ടുപോകുമ്പോള്‍ അതൊരു സുസ്ഥിരവ്യവസ്ഥയായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. അതുകൊണ്ടാണു ബാങ്കിങ്ങില്‍ നിയന്ത്രണം വളരെ പ്രധാനപ്പെട്ടതാണെന്നു പറയുന്നത്. ബാങ്കിങ് നിയന്ത്രണം കൊണ്ട് ആ ബാങ്കിന്റെ സാമ്പത്തികാരോഗ്യം, പ്രത്യേകിച്ചു നിക്ഷേപകരുടെ താല്‍പ്പര്യം, ആണു ലക്ഷ്യമിടുന്നത്. നിക്ഷേപകന്റെ താല്‍പ്പര്യം ബാങ്കിന്റെ പ്രവര്‍ത്തനത്തിലൂടെ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതാണു പ്രധാനം. അങ്ങനെ വരുമ്പോള്‍ വായ്പ നല്‍കുന്ന രീതി പരിശോധിക്കേണ്ടിവരും, നിഷ്‌ക്രിയ ആസ്തി എങ്ങനെ തിരിച്ചുപിടിക്കുന്നു എന്നു നോക്കേണ്ടിവരും. തിരിച്ചുപിടിക്കല്‍നിരക്ക് പ്രധാനമാണ്. വായ്പ കൊടുക്കുന്നതു നിയമപ്രകാരമാണോ, അല്ലെങ്കില്‍ ഡയറക്ടര്‍മാര്‍ക്കു കൂടുതല്‍ വായ്പ കൊടുക്കുന്നുണ്ടോ തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. അങ്ങനെ വരുമ്പോഴാണു ബാങ്കിങ് റഗുലേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നത്.

കേരള ബാങ്കിനെ
വളര്‍ത്താന്‍

കേരള ബാങ്ക് പോലുള്ള ഒരു വലിയ ബാങ്ക് ഇനിയും വളരണമെന്നുണ്ടെങ്കില്‍ നിയന്ത്രണസംവിധാനം വളരെ പ്രധാനമാണ്. വളര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന ഒരു വ്യവസ്ഥയാണു റഗുലേഷന്‍ എന്ന് ആദ്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍, അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ബാങ്കില്‍ കൊണ്ടുവന്നുകഴിഞ്ഞാല്‍, കേരളത്തിന്റെ സ്വന്തം ബാങ്കെന്ന നിലയില്‍ കേരള ബാങ്കിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. കേരള ബാങ്ക് പ്രാഥമികസംഘങ്ങളുമായുള്ള ബന്ധം നേരത്തേയുണ്ടായിരുന്നതുപോലെ നിലനിര്‍ത്തുകയോ അതില്‍ക്കൂടുതലാക്കുകയോ ചെയ്യണം. നേരത്തേ ജില്ലാതലങ്ങളില്‍ ജില്ലാ സഹകരണബാങ്കുകള്‍ക്കു ജില്ലാ ആസ്ഥാനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം റീജ്യണല്‍ ഓഫീസുകളായി മാറ്റിയിട്ടുണ്ട്. പഴയ ജില്ലാ ആസ്ഥാനങ്ങള്‍ എങ്ങനെ പ്രാഥമിക സംഘങ്ങളെ പിന്തുണച്ചുപ്രവര്‍ത്തിച്ചിരുന്നുവോ ആ വ്യവസ്ഥ തുടര്‍ന്നുപോരുന്ന രീതിയിലോ അതിനെ കൂടുതല്‍ ശക്തമാക്കുന്ന രീതിയിലോ ഉള്ള നയതീരുമാനങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സഹകരണമന്ത്രി പ്രത്യേകം ശ്രദ്ധിക്കണം. കേരള ബാങ്കിന്റെ ഐ.ടി, മാനവവിഭവശേഷി സംയോജനം ഫലപ്രദമായി നടപ്പാക്കിയാലേ നമ്മളുദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കുകയുള്ളു. കാരണം, കേരള ബാങ്കിന്റെ കാര്യശേഷിക്കനുസരിച്ചായിരിക്കും മറ്റു സംഘങ്ങളുടെ പ്രവര്‍ത്തനം. അവയെ നയിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണു കേരള ബാങ്ക് രൂപവത്കരിച്ചത്. ഒപ്പംതന്നെ പ്രധാനമാണ് കേരള ഗ്രാമവികസന ബാങ്ക്. ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഗ്രാമവികസന ബാങ്കാണു കേരളത്തിലേത്. രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന കര്‍ണാടക ഗ്രാമവികസനബാങ്ക് വലിപ്പത്തില്‍ കേരളത്തിന്റെ മൂന്നിലൊന്നേ വരൂ. കേരള ഗ്രാമവികസന ബാങ്കിനെയും കേരള ബാങ്കിനെയും ഒരുമിച്ചുകൊണ്ടുപോകാനാണു കേരളം തീരുമാനിച്ചിരിക്കുന്നതെങ്കില്‍ രണ്ടിനെയും ശക്തിപ്പെടുത്തുന്ന നയതീരുമാനവുമായി മുന്നോട്ടു പോകണം. ഇവ രണ്ടും തമ്മില്‍ ലയിപ്പിക്കണമെന്നതാണ് എന്റെ വ്യക്തിപരമായ നിര്‍ദേശം. അല്ലെങ്കില്‍, ഒരു ബാക്ക്ഓഫീസില്‍ ഇവയെ സംയോജിപ്പിക്കാം. ഈ ബാങ്കുകള്‍ അഭിമുഖീകരിക്കുന്നത് ഒരേതരം ഇടപാടുകാരെയാണ്. അവരുടെ ദീര്‍ഘകാല കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നതു കാര്‍ഷിക ഗ്രാമവികസന ബാങ്കിനെയാണ്. ഹ്രസ്വകാലാവശ്യങ്ങള്‍ക്കു കേരള ബാങ്കിനെയും സമീപിക്കുന്നു. ദേശീയതലത്തില്‍ ആലോചിക്കുന്നത് ഇവയെ കൂട്ടിച്ചേര്‍ക്കാനാണ്.

മത്സരം വന്‍കിട
ബാങ്കുകളോട്

നമ്മള്‍ മത്സരിക്കേണ്ടിവരുന്നതു വന്‍കിട കമേഴ്‌സ്യല്‍ ബാങ്കുകളോടാണ്. അവയെല്ലാം ഐ.ടി. ശൃംഖലയ്ക്കായി ആയിരം കോടിയോ രണ്ടായിരം കോടിയോ വകയിരുത്തുമ്പോള്‍ ചെറിയ ചെറിയ സഹകരണ ബാങ്കുകള്‍ക്ക് അത്രയും വകയിരുത്താന്‍ പറ്റില്ല. അപ്പോള്‍ എല്ലാ സഹകരണബാങ്കുകളും ഒരുമിച്ചുചേര്‍ന്നു ദേശീയതലത്തില്‍ ഒരു ഐ.ടി. ശൃംഖല കൊണ്ടുവരാം. ഇതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനു തയാറാണ്. അങ്ങനെ വരുമ്പോള്‍ സഹകരണസംഘങ്ങളുടെ സമിതിക്കുതന്നെ ഇതിന്റെ മേല്‍നോട്ടം വഹിക്കാം. അതിന്റെ ഭരണനിര്‍വഹണകാര്യങ്ങളില്‍ മാത്രം നബാര്‍ഡിന്റെ മേല്‍നോട്ടമുണ്ടാകും. സൈബര്‍സുരക്ഷയ്ക്കും ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനുമുള്ള സോഫ്റ്റ്‌വെയറുകള്‍ വളരെ വിലപിടിപ്പുള്ളതാണ്. ഇത്തരം സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതുമൂലമാണു റിസര്‍വ് ബാങ്ക് പല സഹകരണബാങ്കുകള്‍ക്കും പേമെന്റ് സര്‍വീസിനുള്ള ലൈസന്‍സ് നല്‍കാന്‍ മടിയ്ക്കുന്നത്. എന്നാല്‍, കൂട്ടായ ഒരു ഐ.ടി. ശൃംഖല എന്ന കോമണ്‍ ബാക്ക്ഓഫീസ് ഏര്‍പ്പെടുത്താമെങ്കില്‍ റിസര്‍വ് ബാങ്കിനും വിശ്വാസമുണ്ടാകും. കേരള കാര്‍ഷിക ഗ്രാമവികസന ബാങ്കിനെയും ചേര്‍ത്തു ഒരു പൊതു അടിസ്ഥാനസൗകര്യമുണ്ടാക്കി ഇടപാടുകാരെ സഹായിക്കാന്‍ കേരള ബാങ്കിനു കഴിയും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു കേരള ബാങ്ക് മുന്നോട്ടുപോയില്ലെങ്കില്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും സംശയങ്ങളുണ്ടാകും. കേരള ബാങ്കിന്റെ ഭരണനിര്‍വഹണ ഘടന കുറച്ചുകൂടി നന്നാക്കാനുണ്ട്. പ്രാഥമിക വായ്പാസഹകരണസംഘങ്ങളുമായുള്ള ബന്ധം കേരള ബാങ്ക് കുറച്ചുകൂടി ഊട്ടിയുറപ്പിക്കണം. പ്രവര്‍ത്തനത്തില്‍ സ്വയംഭരണാവകാശം വളരെ പ്രധാനമാണ്. പലിശനിരക്ക് നിര്‍ണയിക്കുക, വായ്പ ആര്‍ക്കെല്ലാം കൊടുക്കണം എന്നു നിശ്ചയിക്കുക എന്നതൊക്കെ നയപരമായ നടപടിക്രമങ്ങളനുസരിച്ചു ചെയ്യണം. ബാഹ്യമായ ഇടപെടല്‍ നിര്‍ത്തലാക്കിയാല്‍ത്തന്നെ സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡിനും വിശ്വാസമുണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ സുഗമമായി ബാങ്കുകളിലൂടെ ലഭ്യമാക്കാനുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനും നബാര്‍ഡിനു കഴിയും.

കേന്ദ്രസര്‍ക്കാര്‍ ഒരുപാട് പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. ഏതു വകുപ്പിലെ പദ്ധതികളായാലും അതൊക്കെ സഹകരണസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുവരാനാണു നയപരമായ തീരുമാനം. അതിന്റെ ഭാഗമാണു കര്‍ഷക ഉല്‍പ്പാദക സംഘടന (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ – എഫ്.പി.ഒ. ). സാധാരണഗതിയില്‍ എഫ്.പി.ഒ. നടപ്പാക്കുന്നതു കൃഷിവകുപ്പാണ്. സഹകരണസംഘങ്ങളുടെ അംഗങ്ങളില്‍ മിക്കവരും കര്‍ഷകരായിരിക്കും. ഒരേ ഇടപാടുകാരെ വ്യത്യസ്ത വകുപ്പുകളും സംഘടനകളും ലക്ഷ്യം വെക്കുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകും. അതിനൊരു പ്രതിവിധിയെന്നോണം കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട് താഴെത്തട്ടിലെ എല്ലാ പദ്ധതികളും സഹകരണസംഘങ്ങളെ മുന്‍നിര്‍ത്തിയാവണം നടപ്പാക്കേണ്ടത് എന്നതാണീ തീരുമാനം. കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ നല്‍കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സഹകരണസംഘം വഴിയാണു കൊണ്ടുവരേണ്ടത് എന്നു തീരുമാനിച്ചിട്ടുണ്ട്. പുതിയ പെട്രോള്‍ ബങ്കുകള്‍, ഗാസ് സ്റ്റേഷനുകള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവക്കുള്ള ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ ആ പ്രദേശത്തെ സഹകരണസംഘങ്ങള്‍ക്കാണു മുന്‍ഗണന കൊടുക്കേണ്ടത്.

സഹകരണ-കൃഷി
വകുപ്പുകള്‍
ചേര്‍ന്നുനില്‍ക്കണം

വികേന്ദ്രീകൃത ആസൂത്രണം ഏറ്റവും ഫലപ്രദമായി നടക്കുന്നുണ്ട് കേരളത്തില്‍. എങ്കിലും, അതിന്റേതായ നയംമാറ്റങ്ങള്‍ ഇവിടെ വരേണ്ടതുണ്ട്. പഞ്ചായത്തിരാജ് സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം കുറച്ചുകൂടി നന്നായി ഊട്ടിയുറപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ സഹകരണസംഘങ്ങള്‍ മുഖേനയാണു കൊണ്ടുവരേണ്ടത്. കൃഷിവകുപ്പിന്റെ പദ്ധതികള്‍ കൃഷിഭവന്‍വഴിയാണു പോകേണ്ടതെങ്കിലും അവ ആത്യന്തികമായി പോകേണ്ടതു സഹകരണസംഘങ്ങള്‍ വഴിയാണ്. സഹകരണവകുപ്പ് കൃഷിവകുപ്പുമായി അകന്നുനില്‍ക്കേണ്ട കാര്യമില്ല. സംസ്ഥാനതലത്തില്‍ നയതീരുമാനമെടുക്കുമ്പോള്‍ ഈ രണ്ടു വകുപ്പുകളും ചേര്‍ന്നുതന്നെ നയം രൂപവത്കരിക്കണം. എഫ്.പി.ഒ. കള്‍ കൂടുതലായും സഹകരണമേഖലയില്‍ത്തന്നെ വരണം. നേരത്തേ റിസര്‍വ് ബാങ്കിന്റെ ഒരു മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. ചെറുകിട ധനകാര്യ ബാങ്കുകള്‍ യൂണിവേഴ്‌സല്‍ ബാങ്കായി വരണം എന്നതായിരുന്നു ഇത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ രൂപാന്തരം പ്രാപിച്ചതാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. അര്‍ബന്‍ ബാങ്കുകളെ നിയന്ത്രിക്കുന്നതു റിസര്‍വ് ബാങ്കാണ്. സൂപ്പര്‍വൈസ് ചെയ്യുന്നതും റിസര്‍വ് ബാങ്കാണ്. അര്‍ബന്‍ ബാങ്കുകള്‍ ഇനി വലുതാവണമെന്നുണ്ടെങ്കില്‍ ചെറുകിട ധനകാര്യ ബാങ്കായി മാറണമെന്ന ഒരു ചിന്ത നയരൂപവത്കരണതലത്തിലുണ്ടായി. പക്ഷേ, അവിടെ ഒരു പ്രശ്‌നം വന്നു. അര്‍ബന്‍ ബാങ്കുകള്‍ സഹകരണമേഖലയിലാണ്. ചെറുകിട ധനകാര്യ ബാങ്കുകള്‍ കോര്‍പ്പറേറ്റ്‌സാണ്. അവ കമ്പനിനിയമത്തില്‍ വരുന്നതാണ്. അങ്ങനെ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. സഹകരണസംഘങ്ങളെ ഷെയര്‍ ഹോള്‍ഡിങ് കമ്പനികളാക്കി മാറ്റുന്നതു ശരിയല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഏതായാലും, ഇക്കാര്യം ചര്‍ച്ചയുടെ ഘട്ടത്തിലാണ്.

എഫ്.പി.ഒ.കള്‍ തുടക്കത്തില്‍ കമ്പനികളായി രജിസ്റ്റര്‍ ചെയ്യാനാണു വന്നത്. അതു മാറി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവായി വരണം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു എഫ്.പി.ഒ.യുടെ യഥാര്‍ഥ രൂപം. കര്‍ഷകര്‍ ഒരുമിച്ചു ചേര്‍ന്നാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുണ്ടാക്കുന്നത്. എഫ്.പി.ഒ.യും അങ്ങനെത്തന്നെയാണ്. കൂടുതല്‍ എഫ്.പി.ഒ.കളെ സഹകരണമേഖലയില്‍ കൊണ്ടുവരാന്‍ നോക്കണം. അവയെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘത്തിനു കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പ്രാഥമികസംഘങ്ങളില്‍ ആയിരം അംഗങ്ങളുണ്ടെങ്കില്‍ അതില്‍ 200-250 പേര്‍ ഒരുമിച്ചുചേര്‍ന്നു കാര്‍ഷികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആലോചനയ്ക്കനുസരിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ നയങ്ങളില്‍ മാറ്റം വരുത്തണം. ഇതില്‍ രാഷ്ട്രീയമായി എതിരഭിപ്രായമുണ്ടാകാം. തമിഴ്‌നാടുപോലുള്ള സംസ്ഥാനങ്ങള്‍ നയങ്ങളിലല്ലാതെ നടപടിക്രമങ്ങളില്‍ കേന്ദ്രവുമായി യോജിച്ചുപോകുന്നുണ്ട്. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ കേന്ദ്രഫണ്ട് സംസ്ഥാനത്തേക്കു കൊണ്ടുവരാനാവും. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ എങ്ങനെ ഇവിടെ നടപ്പാക്കാന്‍ പറ്റും എന്നാലോചിക്കണം.

കൂടുതല്‍
കേന്ദ്രഫണ്ട് നേടണം

എങ്ങനെ കൂടുതല്‍ കേന്ദ്രഫണ്ട് സംസ്ഥാനത്തേക്കു കൊണ്ടുവരാന്‍ പറ്റും എന്ന രീതിയില്‍ ആലോചിക്കണം. അതിനൊരു ഉദാഹരണമാണു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലെ കമ്പ്യൂട്ടറൈസേഷന്‍ പദ്ധതി. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ ഏകീകൃത സോഫ്റ്റ്‌വെയര്‍വഴി കമ്പ്യൂട്ടര്‍വത്കരിക്കുക എന്നതാണു ലക്ഷ്യം. ഇതു നടപ്പാക്കുന്നതു നബാര്‍ഡാണ്. തുടക്കത്തില്‍ത്തന്നെ കേന്ദ്ര സഹകരണവകുപ്പ് വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇതു പ്രൊഫഷണല്‍രീതിയില്‍ത്തന്നെ നടപ്പാക്കണമെന്ന്. ഏകീകൃത സോഫ്റ്റ്‌വെയര്‍ കാരണം ഓരോ സംസ്ഥാനത്തിനും അതിന്റെ തനതുസ്വഭാവം നഷ്ടപ്പെടാന്‍ പാടില്ലെന്നും തങ്ങളുടെ സ്വന്തം സോഫ്റ്റ്‌വെയറാണെന്ന തോന്നലുണ്ടാക്കുന്നവിധത്തില്‍ ചെയ്തുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡാറ്റയും പ്രാഥമിക സംഘങ്ങളുടെ ആവശ്യത്തിനനുസരിച്ചു കിട്ടുന്നരീതിയിലാക്കണം. ഡാറ്റാ സെന്റര്‍ പ്രാദേശികതലത്തിലോ മേഖലാതലത്തിലോ ആക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. അതല്ല ദേശീയതലത്തിലാക്കണമെങ്കില്‍ അങ്ങനെയും ചെയ്യാം എന്നും നിര്‍ദേശിക്കുകയുണ്ടായി. നബാര്‍ഡ് ഇതു നടപ്പാക്കുമ്പോള്‍ അതിന്റേതായ പ്രൊഫഷണലിസത്തോടെയാവും നടപ്പാക്കുക. സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡിന് ഓരോ സ്ഥാപനത്തിന്റെയും സുതാര്യതയും സ്വതന്ത്രവ്യക്തിത്വവും ഉറപ്പാക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള സോഫ്റ്റ്‌വെയറാണു കൊണ്ടുവരുന്നത്. എല്ലാ സംസ്ഥാനങ്ങളും ഈ സോഫ്റ്റ്‌വെയര്‍ അംഗീകരിച്ചിട്ടുണ്ട്. കേരളം മാത്രം അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കേരളത്തിനു അതിന്റേതായ ലക്ഷ്യങ്ങളുണ്ടാവാം. കേരളത്തിലെ സംഘങ്ങള്‍ വളരെ മുന്നിലാണെങ്കിലും സുതാര്യത കൊണ്ടുവരാനായി ഈയൊരു കാര്യം സംസ്ഥാന സഹകരണമന്ത്രി ശ്രദ്ധിക്കേണ്ടതാണ്.

പ്രവര്‍ത്തനം നിലച്ചുപോയ സഹകരണസംഘങ്ങള്‍ കേരളത്തില്‍ കൂടുതലാണ്. ഇവിടെ 25 ശതമാനം സംഘങ്ങള്‍ പ്രവര്‍ത്തനരഹിതമാണ്. അതിലെ അംഗങ്ങള്‍ക്കു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയണം. നിലച്ചുപോയ സഹകരണസംഘങ്ങളിലെ അംഗങ്ങളുടെ ക്ഷേമം എപ്പോഴും പരിഗണിക്കണം. സാങ്കേതികവിദ്യയോടൊപ്പംതന്നെ മാനവവിഭവശേഷിയും പ്രധാനമാണ്. അതില്‍ യോഗ്യരായവര്‍ വരണം. കേരളത്തിലെ സഹകരണമേഖലയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ട്. അതിനു നടപടിക്രമങ്ങളുമുണ്ട്. പക്ഷേ, അതു നടപ്പാക്കുന്നതു എങ്ങനെയാണെന്നുകൂടി നിരീക്ഷിക്കണം. സഹകരണസംഘങ്ങളുടെ ഓഡിറ്റ് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. സമയബന്ധിതമായി ഇതു ചെയ്യാന്‍ കഴിഞ്ഞാല്‍ നിയന്ത്രണസ്ഥാപനത്തിനും മേല്‍നോട്ടക്കാര്‍ക്കും -നബാര്‍ഡിന് – വ്യവസ്ഥയിലുള്ള വിശ്വാസം കൂടും. അപ്പോള്‍ കൂടുതല്‍ സഹായം നല്‍കാന്‍ പറ്റും. പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളണം.

കേരളത്തിലെ ചടുലമായ സഹകരണമേഖലയെ സുസ്ഥിരമാക്കുന്നതിനുള്ള പ്രവര്‍ത്തനമുണ്ടാവണം. ഇപ്പോഴും കേരളത്തിലെ സഹകരണമേഖല വലുതായിക്കൊണ്ടിരിക്കുകയാണ്. വലുതാവുന്തോറും സുതാര്യതയും ഭരണനിര്‍വഹണവും വിഭവങ്ങളും സാങ്കേതികവിദ്യയും കൂടുതല്‍ വലുതാവണം. അങ്ങനെവന്നാല്‍ കൂട്ടായ ക്ഷേമം സഹകരണമേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കും. എല്ലാ വകുപ്പുകളും താഴെത്തട്ടില്‍ എന്തെല്ലാം തരത്തിലുള്ള ഇടപെടല്‍ നടത്തുന്നുവോ അതെല്ലാം സഹകരണമേഖലയെ മുന്‍നിര്‍ത്തിയാവണം ചെയ്യേണ്ടത്. അങ്ങനെ വന്നാല്‍ കൂടുതല്‍ക്കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സഹകരണമേഖലയില്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ബാങ്കിങ് മാത്രം നോക്കാതെ മറ്റു പല ബിസിനസ് പ്രവര്‍ത്തനങ്ങളിലും – ക്ഷീരസംഘം, സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍പമ്പ് തുടങ്ങിയവ – വൈവിധ്യവത്കരണം കൊണ്ടുവരണം. സഹകരണസംഘങ്ങളെ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന രീതിയിലേക്കു കൊണ്ടുവരണം. സഹകരണസംഘം എന്നാല്‍ സ്റ്റാര്‍ട്ടപ്പ്തന്നെയാണ്. സ്റ്റാര്‍ട്ടപ്പ് എന്ന ആവാസവ്യവസ്ഥയില്‍ സഹകരണസംഘങ്ങളെക്കൂടി എങ്ങനെ കൊണ്ടുവരാന്‍ പറ്റും എന്നാലോചിക്കുക. കേരളത്തില്‍ കാര്‍ഷികോല്‍പ്പാദനം വളരെ കുറഞ്ഞിട്ടുണ്ട്. കാര്‍ഷികോല്‍പ്പാദനം കുറവാണെങ്കിലും ഉപഭോഗം കൂടുതലാണ്. അപ്പോള്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തിനു സാധ്യത കൂടുതലാണ്. പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്നു സംസ്‌കരണം നടത്തുന്ന പ്രക്രിയയില്‍ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തണം. അപ്പോള്‍ കൂടുതല്‍ തൊഴിലവസരവുമുണ്ടാകും. പ്രവാസികളെ കൂടുതലായി സഹകരണമേഖലയിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചിക്കണം. കേരളത്തിലെ സഹകരണമേഖലയെ അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കണം. സഹകരണമേഖലയെ അന്താരാഷ്ട്രവത്കരിക്കണം. ഇങ്ങനെ പ്രവര്‍ത്തിച്ചു മുന്നോട്ടുപോയാല്‍ കേരളത്തിലെ സഹകരണരംഗത്തിനും സാമ്പത്തികമേഖലയ്ക്കും നല്ലൊരു ഭാവിയുണ്ടാകും.

( കേരളീയം പരിപാടിയുടെ ഭാഗമായി ‘ കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ‘
എന്ന വിഷയത്തെക്കുറിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രസംഗം )

(മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.