വിതുരയ്ക്ക് വളരാന്‍ ബാങ്കിന്റെ സേവന വഴികള്‍

- അനില്‍ വള്ളിക്കാട്

എല്ലാ ജില്ലകളിലും ഒരു ടര്‍ഫെന്ന തീരുമാനത്തിന്റെ
ഭാഗമായി നടപ്പിലായ സംസ്ഥാനത്തെ ആദ്യത്തെ
സഹകരണ ടര്‍ഫ് സ്റ്റേഡിയംപണിതതു വിതുര
സഹകരണ ബാങ്കാണ്. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും
കൂടുതല്‍ കാര്‍ഷികവായ്പ നല്‍കുന്ന ഈ ബാങ്ക് വിതുരയോടു
ചേര്‍ന്നുള്ള വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ച്
ടൂറിസം ഫെസിലിറ്റി സെന്റര്‍ തുടങ്ങുകയാണ്.

 

തിരുവന്തപുരത്തെ മലയോരനഗരമായ വിതുരയുടെ സമഗ്രവികസനത്തിനു സഹകരണ ബാങ്ക് സേവനവൈവിധ്യത്തിന്റെ വഴികള്‍ തുറക്കുന്നു. കായികം, വിനോദസഞ്ചാരം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് വിതുര സര്‍വീസ് സഹകരണ ബാങ്ക് ചെയ്യുന്നതു ധനകാര്യങ്ങള്‍ക്കു കൂടുതല്‍ ജനകീയത പകരലാണ്. പശ്ചിമഘട്ടത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വിതുര നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വാതായനംകൂടിയാണ്. പ്രസിദ്ധമായ പൊന്മുടിയുടെ ഏറ്റവും അടുത്ത പട്ടണം വിതുരയാണ്. ഇതിനുപുറമെ പേപ്പാറ അണക്കെട്ട്, മീന്‍മുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, അഗസ്ത്യകൂടം എന്നീ പ്രകൃതി രമണീയ മേഖലകളിലേക്കും ഇവിടുന്നു പോകാന്‍ കഴിയും.

പ്രായത്തില്‍ നൂറിലേക്കു നടക്കുകയാണു വിതുര ബാങ്ക്. 1925 നവംബര്‍ എട്ടിനു ‘വിതുര വിവേകദായിനി പരസ്പരസഹായ സംഘം’ എന്ന പേരില്‍ തുടങ്ങിയ സ്ഥാപനമാണിത്. നാലുകെട്ട് വീട് എം. പത്മനാഭപിള്ള പ്രസിഡന്റായും ലക്ഷ്മിവിലാസത്തില്‍ എം.കെ. ബാലകൃഷ്ണപിള്ള സെക്രട്ടറിയായുമുള്ള നേതൃത്വത്തിനായിരുന്നു തുടക്കത്തില്‍ ഭരണച്ചുമതല. ഇന്നു 95 കോടി രൂപ നിക്ഷേപത്തിന്റെയും 87 കോടി രൂപ വായ്പയുടെയും പ്രവര്‍ത്തനക്കരുത്തുള്ള ക്ലാസ് 1 പദവി വഹിക്കുന്ന ബാങ്കാണിത്. ചന്തമുക്കിലെ ആസ്ഥാനമന്ദിരം ഉള്‍പ്പെടുന്ന പ്രധാന ശാഖയും ചേന്നന്‍പാറ, ആനപ്പാറ എന്നിവിടങ്ങളില്‍ ശാഖകളും വിതുര കലുങ്ക് ജംഗ്ഷനില്‍ പ്രഭാത- സായാഹ്ന ശാഖയുമുണ്ട്. രണ്ടാം ശനിയാഴ്ച ഒഴികെ മുഴുവന്‍ ദിവസവും പ്രധാനശാഖ പ്രവര്‍ത്തിക്കും. ‘സണ്‍ഡേ ബാങ്കിങ്’ എന്ന ഈ സംവിധാനത്തിനു നാട്ടില്‍ വലിയ സ്വീകാര്യതയാണുള്ളത്. ആധുനികരീതിയിലുള്ള എല്ലാ പണമിടപാട് സംവിധാനങ്ങളും ബാങ്കിലുണ്ട്. ഏത് എ.ടി.എം. കാര്‍ഡും ഉപയോഗിക്കാന്‍ കഴിയുന്ന മൈക്രോ എ.ടി.എം. സംവിധാനവുമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ബാങ്കിന്റെ താഴത്തെ നിലയില്‍ സീനിയര്‍ സിറ്റിസണ്‍ കൌണ്ടര്‍ സജ്ജീകരിച്ചിരിക്കുന്നു. അംഗപരിമിതരായ ഇടപാടുകാര്‍ക്കും സാമൂഹികസുരക്ഷാ ഗുണഭോക്താക്കള്‍ക്കും ഈ കൗണ്ടര്‍ കൂടുതല്‍ ഉപകാരപ്പെടും.

കളിച്ചു
വളരാന്‍

മലയോര കായികപാരമ്പര്യത്തിനു പുത്തനുണര്‍വായി ബാങ്കിന്റെ ‘ടര്‍ഫ് സ്റ്റേഡിയം’ സംസ്ഥാന പാതയോടുചേര്‍ന്നു നിര്‍മിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു ടര്‍ഫെന്ന തീരുമാനത്തിന്റെ ഭാഗമായി നടപ്പിലായ സംസ്ഥാനത്തെ ആദ്യത്തെ സഹകരണ ടര്‍ഫ് സ്റ്റേഡിയമാണിത്. സ്റ്റേഡിയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ജൂണില്‍ ഇവിടെയാണു
നടന്നത്. കെ.പി.എസ്.എം. ജംഗ്ഷനടുത്തായി ബാങ്കിനു സ്വന്തമായുള്ള അരയേക്കര്‍ സ്ഥലത്താണു ‘ടര്‍ഫിക്കോ-1048 ‘ എന്ന പേരില്‍ സ്റ്റേഡിയം നിര്‍മിച്ചിട്ടുള്ളത്. ക്രിക്കറ്റ്, ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയ കായിക ഇനങ്ങളുടെ മത്സരങ്ങളും പരിശീലനവും ഇവിടെ നടത്താനാകും. 40 ലക്ഷം രൂപ ചെലവഴിച്ചു. ബാങ്ക് മുന്‍വര്‍ഷങ്ങളില്‍ ആര്‍ജിച്ച ലാഭത്തില്‍ നിന്നു കെട്ടിടഫണ്ടിലേക്കു മാറ്റിവെച്ച തുകയുപയോഗിച്ചാണു സ്റ്റേഡിയം പണിതത്. നിരവധി കായികതാരങ്ങള്‍ക്കു ജന്മം നല്‍കിയ മലയോരമേഖല പക്ഷേ, നല്ലൊരു കളിക്കളത്തിന്റെ അഭാവത്തില്‍ തളരുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന്റെ വരവോടെ ഇതു പരിഹരിക്കപ്പെടുമെന്നു ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി പറഞ്ഞു.

വിതുരയോടു ചേര്‍ന്നുള്ള വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിച്ച് ടൂറിസം ഫെസിലിറ്റി സെന്റര്‍ തുടങ്ങാനുള്ള നടപടികളുമായും ബാങ്ക് മുന്നോട്ടു പോവുകയാണ്. തിരുവനന്തപുരം – പൊന്മുടി സംസ്ഥാന പാതയോരത്തു ബാങ്കിനു സ്വന്തമായുള്ള സ്ഥലത്താണു സെന്റര്‍ തുടങ്ങുക. സെന്റര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഓഹരിയായും ഗ്രാന്റായും 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നു ബാങ്ക് പ്രസിഡന്റ് പറഞ്ഞു. വിതുര ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതിയായിരിക്കും ഇത്. പൊന്മുടി യാത്രികരുടെ ഇടത്താവളമാണു വിതുര. പൊന്മുടിക്ക് ഏറ്റവുമടുത്ത പട്ടണം എന്ന നിലയ്ക്കു വിതുരയ്ക്കു വലിയ പ്രാധാന്യവുമുണ്ട്. അതുകൊണ്ടാണു ടൂറിസംമേഖലയില്‍ ബാങ്ക് ഇടപെടാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് പറഞ്ഞു.

അമ്മമാരുടെ
അച്ചാര്‍

വൃദ്ധസദനത്തിലെ അമ്മമാര്‍ക്കു ബാങ്ക് സ്‌നേഹസാന്ത്വനമാകുന്നതു സഹകരണത്തിന്റെ ഹൃദയസ്പര്‍ശമായി നാട്ടുകാര്‍ തിരിച്ചറിയുന്നു. ‘തേജസ്’ വൃദ്ധസദനത്തിലെ അമ്മമാര്‍ തയാറാക്കുന്ന അച്ചാറുകള്‍ക്കു വിപുലമായ വിപണി ബാങ്ക് ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഓണച്ചന്തവഴി അച്ചാറുകളുടെ വില്‍പ്പന നടന്നു. ഇപ്പോള്‍ ബാങ്കിന്റെ ശാഖകള്‍വഴിയും വില്‍പ്പന നടത്തുന്നു. മാങ്ങ, നാരങ്ങ, ഇഞ്ചി, നെല്ലിക്ക, വെളുത്തുള്ളി തുടങ്ങി വിവിധയിനം അച്ചാറുകളാണു വൃദ്ധസദനത്തില്‍ നിന്നുല്‍പ്പാദിപ്പിക്കുന്നത്. കേടുവരാതിരിക്കാനുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുകൊണ്ട് ഒന്നര മാസം കൊണ്ട് ഉപയോഗിച്ചുതീര്‍ക്കണമെന്നു നിഷ്‌കര്‍ഷയുണ്ട്.

വിതുര പഞ്ചായത്തിലെ 80 ശതമാനം കുടുംബശ്രീ യൂണിറ്റുകളുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതു വിതുര ബാങ്കാണ്. പതിനായിരം മുതല്‍ വായ്പയെടുത്തു തുടങ്ങിയ യൂണിറ്റുകള്‍ക്കു ലിങ്കേജ് വായ്പയും മുറ്റത്തെ മുല്ല വായ്പയും മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പയും ചേര്‍ന്നു 25 ലക്ഷം രൂപവരെ ഇപ്പോള്‍ വായ്പയെടുക്കാനാകും. പ്രൊജക്റ്റ് അടക്കം അപേക്ഷ സമര്‍പ്പിച്ചാല്‍ യൂണിറ്റുകള്‍ക്ക് ഒരാഴ്ചക്കകം വായ്പ അനുവദിക്കാന്‍ കഴിയുന്ന തരത്തില്‍ ബാങ്കില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 248 കുടുംബശ്രീ യൂണിറ്റുകളിലായി 3968 അംഗങ്ങള്‍ക്ക് ഇതിനകം വായ്പ നല്‍കി. വായ്പത്തുക എട്ടു കോടിയോളം രൂപവരും. ഇതിനു പുറമെ കുടുംബശ്രീക്കു പുറത്തുള്ള 772 പേര്‍ക്കു മുറ്റത്തെ മുല്ല പദ്ധതിയിലൂടെയും വായ്പ അനുവദിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണവും അതിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണു ബാങ്ക് ഈ വായ്പകള്‍ അനുവദിക്കുന്നത്. ലിങ്കേജ് വായ്പക്കു സര്‍ക്കാരിന്റെ പലിശസബ്‌സിഡിയുണ്ട്. സഹായഹസ്തം വായ്പക്ക് അവര്‍ അടയ്ക്കുന്ന മുഴുവന്‍ പലിശയും സര്‍ക്കാര്‍ തിരിച്ചുനല്‍കും. വിതുര കെ.പി.എസ്.എം. ജംഗ്ഷനില്‍ ബാങ്ക് ആരംഭിക്കുന്ന ടൂറിസം ഫെസിലിറ്റി സെന്ററില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്താന്‍ പ്രത്യേക വിപണനശാല ഒരുക്കും. മലയോരമേഖലയിലെ തനതുവിഭവങ്ങളും തേന്‍ ഉള്‍പ്പടെയുള്ള വനവിഭവങ്ങളും ബ്രാന്‍ഡ് ചെയ്ത് ഇവിടെ വില്‍ക്കും.

സേവന
മുഖങ്ങള്‍

ചന്തമുക്കിലെ പ്രധാന ശാഖയോടുചേര്‍ന്ന് അക്ഷയ മാതൃകയില്‍ ബാങ്കിന്റെ സഹകരണ സേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍-സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ കിട്ടും. ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജിങ് ഉള്‍പ്പടെ വിവിധ പണമിടപാടുകള്‍ ഇവിടെ നടത്താം. ഈ കേന്ദ്രത്തില്‍ ബാങ്കിന്റെ മൈക്രോ എ.ടി.എം സൗകര്യവും കിട്ടും. പ്രധാന ശാഖയോടുചേര്‍ന്നുതന്നെ കോണ്‍ഫറന്‍സ് ഹാള്‍ തയാറാക്കിയിട്ടുണ്ട്. നാല്‍പ്പതിലധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള വേദിയും നാനൂറു പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യവും ഇതിലുണ്ട്. ഒരു വളംഡിപ്പോയും നീതി മെഡിക്കല്‍സ്റ്റോറും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷികവായ്പ നല്‍കുന്ന ബാങ്കാണിതെന്നു സെക്രട്ടറി പി. സന്തോഷ് കുമാര്‍ പറഞ്ഞു. സീസണ്‍ അനുസരിച്ച് ബാങ്കിന്റെ സ്വന്തം സ്ഥലത്തും അല്ലാതെയും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓണത്തിനു പൂക്കളമൊരുക്കുന്നതിനായി ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ പുഷ്പക്കൃഷി വന്‍വിജയമായിരുന്നു. തളിര്‍പാഠം കാര്‍ഷികകൂട്ടായ്മയുമായി സഹകരിച്ചാണു ‘വിതുരയിലൊരു പൂന്തോട്ടം’ പദ്ധതി നടപ്പാക്കിയത്. വിതുരക്കു പുറമെ സമീപപഞ്ചായത്തുകളിലും ഓണത്തിനു പൂക്കള്‍ ലഭ്യമാക്കാനാണു പദ്ധതി തുടങ്ങിയത്. പാട്ടത്തിനെടുത്ത ഒരേക്കര്‍ പത്തു സെന്റ് സ്ഥലത്തായിരുന്നു കൃഷി. മികച്ച വിളവാണു ലഭിച്ചതെന്നു സെക്രട്ടറി പറഞ്ഞു.

കോവിഡ്കാലത്തു പഠനം സുഗമമാക്കാന്‍ ബാങ്ക്പരിധിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ബാങ്ക് മൊബൈല്‍ഫോണ്‍ വാങ്ങിനല്‍കി. വിദ്യാതരംഗിണി വായ്പാപദ്ധതിയുടെ ഭാഗമായി 50 കുട്ടികള്‍ക്കു ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പയും നല്‍കി. 30 ജീവനക്കാരാണു ബാങ്കിന്റെ സേവനകരങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജി. ബാബു, പി. ശ്രീകണ്ഠന്‍ നായര്‍, ആര്‍. ജയകുമാര്‍, കെ. അശോക് കുമാര്‍, എ. മാഹീന്‍, എ. അജില്‍കുമാര്‍, കെ.ടി. ബിനോയ്, സി. ശാന്തപ്പന്‍, ബര്‍ളിന്‍ ബഞ്ചമിന്‍, ജെ. വത്സല, ജി. ചന്ദ്രകുമാരി എന്നിവര്‍ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളാണ്.

 

 

 

 

Leave a Reply

Your email address will not be published.