മൂന്നാറിലെ ഡോ.വര്‍ഗീസ് കുര്യന്‍ സ്മാരക പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രം നവീകരിച്ച് ഡോ. വര്‍ഗീസ് കുര്യന്റെ സ്മാരകമാക്കി. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. ഞായറാഴ്ച നിര്‍വഹിച്ചു.

ഡോ. കുര്യന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താനാണ് മില്‍മ ഈ പരിശീലനകേന്ദ്രത്തിനു കുര്യന്റെ പേരിട്ടത്. ഉദ്ഘാടന സമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ അധ്യക്ഷത വഹിച്ചു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്ന സംവിധാനത്തിനായി രാജ്യത്തെ കര്‍ഷകര്‍ സമരപാതയിലായിരിക്കുമ്പോഴാണ് ക്ഷീരമേഖലയിലെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ഉറപ്പുനല്‍കി അത് കൃത്യമായി അവരില്‍ എത്തിക്കുന്ന മില്‍മയുടെ നന്മയെ വിലയിരുത്തേണ്ടതെന്നു ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഇടുക്കിയിലെ ആദിവാസി മേഖലയില്‍, മില്‍മ നടത്തുന്ന ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മുന്‍ എം.എല്‍.എ. എ.കെ. മണിയാണ് പരിശീലന കേന്ദ്രത്തിനു കുര്യന്റെ പേരിട്ടത്. മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. എറണാകുളം മേഖലാ യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര സംഘങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ മേഖലാ യൂണിയനു നല്‍കുന്ന പാലിനു ലിറ്ററിന് ഒന്നര രൂപ നിരക്കില്‍ അധിക ഇന്‍സെന്റീവ് നല്‍കുമെന്നു ജോണ്‍ അറിയിച്ചു. ഇതില്‍ ഒരു രൂപ കര്‍ഷകര്‍ക്കും അമ്പതു പൈസ ദൈനംദിനച്ചെലവുകള്‍ക്കായി ആപ്‌കോസ് ക്ഷീര സംഘങ്ങള്‍ക്കുമാണ് നല്‍കുക.

ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അറിവ് പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മേഖലാ യൂണിയന്‍ നവീകരിച്ച പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും മില്‍മ സാരഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.