ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..
56. ഇന്ത്യൻ രാഷ്ട്രപതി തയ്യാറാക്കിയ ഒരു നിയമത്തെ നിയമമായി കണക്കാക്കാമോ; അത് പാർലമെന്റ് നടപ്പാക്കിയ നിയമത്തിന്റെ പദവിയിലേക്ക് ഉയർത്താമോ? ആർട്ടിക്കിൾ 123(2) ഭരണഘടനയിൽ ഇല്ലായിരുന്നുവെങ്കിൽ അതിന് ദൃഢതയോടെയുള്ള ‘അല്ല’ എന്നായിരുന്നേനെ ഉത്തരം. ആർട്ടിക്കിൾ 123(2) ആരംഭിക്കുന്നത് ഇങ്ങനെയാണ്:

“ഈ വകുപ്പനുസരിച്ച് പ്രഖ്യാപിച്ച ഒരു ഓർഡിനൻസിന് പാർലമെന്റിന്റെ ഒരു നിയമത്തിന്റെ അതേ പ്രഭാവവും ഫലവും ഉണ്ടാകും”

അതിനാൽ, രാഷ്ട്രപതിയുടെ ഓർഡിനൻസിന് പാർലമെന്റ് പാസാക്കിയ നിയമങ്ങളുടെഅതേ പദവിയും അംഗീകാരവും ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ, എക്സിക്യൂട്ടീവിന്റെ ഒരു സൃഷ്ടിയാണെന്ന കാരണത്താൽ ഓർഡിനൻസിനെതിരെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും എതിർപ്പ് നില നിൽക്കുന്നതല്ല.

57. പാർലമെന്റിന് ചെയ്യാൻ കഴിയുന്നത് രാഷ്ട്രപതിക്ക് ചെയ്യാൻ കഴിയുമെന്നും അതിനാൽ പാർലമെന്റിന് തന്നെ സൃഷ്ടിക്കാൻ കഴിയാത്ത ഒരു നിയമം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ശ്രദ്ധിക്കുക. ഓർഡിനൻസ് പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിക്കുള്ളതിനു സമാനമായ അധികാരം ആർട്ടിക്കിൾ 213 പ്രകാരം ഒരു സംസ്ഥാന ഗവർണർക്കും നൽകിയിരിക്കുന്നു.

58. എന്നാൽ ഓർഡിനൻസ് പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിക്ക് അന്തർഗതമായ പരിമിതികളുണ്ട്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന ഓർഡിനൻസ് പാസാക്കാൻ രാഷ്ട്രപതിക്ക് കഴിയില്ല (Vasudevan v Mittal AIR 1962 Bom 53 കാണുക). തന്റെ ഓർഡിനൻസിന്റെ നിയമസാധുതയെ ഒരു കോടതിയുടെ മുമ്പാകെ ചോദ്യം ചെയ്യാനാവില്ലെന്ന് വ്യവസ്ഥ ചെയ്യാൻ രാഷ്ട്രപതിക്ക് കഴിയില്ല. അതിനാൽ, ഒരു ഓർഡിനൻസ് ജുഡീഷ്യൽ പുനഃപരിശോധനയ്ക്ക് വിധേയമാണ്; അതിനാൽത്തന്നെ, സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ചോദ്യം ചെയ്യപ്പെടാം. പാർലമെന്റ് തയ്യാറാക്കിയ ഒരു നിയമത്തിന് ബാധകമാകുന്നതുപോലെത്തന്നെ, General Clauses Act 1887 ലെ വ്യവസ്ഥകൾ ഒരു ഓർഡിനൻസിലെ വ്യവസ്ഥകൾ വ്യാഖ്യാനിക്കുമ്പോഴും പൂർണ്ണമായും ബാധകമാണ്.

59. വിഖ്യാതനായ നിയമജ്ഞൻ സർ ജോൺ വില്യം സാൽമണ്ട് പറയുന്നു: “നിയമനിർമ്മാണം നടത്തുക എന്നത് ഏത് വിധേനയും പുതിയ നിയമം ഉണ്ടാക്കുക എന്നാണ്. നിയമത്തിൽ കൂട്ടിച്ചേർക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ ഉള്ള ഏതൊരു പ്രവൃത്തിയും ഈ വിശാലമായ അർത്ഥത്തിൽ, നിയമനിർമ്മാണ സഭയുടെ പ്രവർത്തനമാണ്. ആ നിലക്ക്, നിയമനിർമ്മാണത്തിൽ നിയമത്തിന്റെ എല്ലാ പ്രഭവസ്ഥാനങ്ങളും ഉൾപ്പെടുന്നു, അവയിലൊന്ന് മാത്രമല്ല ” (Salmond on Jurisprudence കാണുക)

60. ഇനിയൊരല്പം ഓർഡിനൻസിന്റെ ചരിത്രം:
ഇന്ത്യയിൽ ഓർഡിനൻസ് പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകിയ ആദ്യത്തെ നിയമം 1861 ഓഗസ്റ്റ് 1 ലെ ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ആണ്. സെക്ഷൻ 23 അനുസരിച്ച്, അടിയന്തിര സാഹചര്യങ്ങളിൽ, സമാധാനത്തിനും നല്ല ഭരണത്തിനുമായി യഥാസമയം ഓർഡിനൻസുകൾ ഉണ്ടാക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഗവർണർ ജനറലിന് നിയമപരമായ അവകാശമുണ്ട്. 1861 December 7 നാണു ആദ്യത്തെ ഓർഡിനൻസ് ഇറക്കിയത്.

61. 1915 ലെ ഇന്ത്യൻ ഗവൺമെന്റ് ആക്റ്റ് മുഖേന റദ്ദാക്കപ്പെടുന്നതുവരെ ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 തുടർന്നു. 1915 ലെ നിയമത്തിലെ 72-ം വകുപ്പിൽ ഗവർണർ ജനറലിന് ഓർഡിനൻസ് പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ട്. 1915 ലെ നിയമം ഇന്ത്യൻ ഗവൺമെന്റ് ആക്റ്റ് 1935 പാസ്സാവുന്നതുവരെ തുടർന്നു-1935 ലെ നിയമത്തിലെ 42-ം വകുപ്പിൽ ഓർഡിനൻസുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളുണ്ടായിരുന്നുവെങ്കിലും ഈ വകുപ്പ് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല. അതിനാൽ, 1935 ആക്റ്റി ലെ 312, 317 വകുപ്പുകളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ആക്റ്റ് ലെ 72-ം വകുപ്പ് തന്നെയാണ് 1935 ന് ശേഷവും ഉപയോഗിച്ച് വന്നിരുന്നത്.( 1935 ലെ നിയമത്തിലെ ഒൻപതാം ഷെഡ്യൂൾ കാണുക).

62. മുകളിൽ പറഞ്ഞ ഖണ്ഡികയിൽ വിവരിച്ച 1935 ലെ നിയമം, ബ്രിട്ടീഷ് പാർലമെന്റിന്റെ 1947 ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസായി, 1947 ഓഗസ്റ്റ് 15 ന് പ്രാബല്യത്തിൽ വരുന്നതുവരെ തുടർന്നു, അന്നേ ദിവസം പാകിസ്ഥാനൊപ്പം ഇന്ത്യ ഒരു സ്വതന്ത്ര ഡൊമിനിയൻ ആയി. ഇന്ത്യ (പ്രൊവിഷണൽ കോൺസ്റ്റിറ്റ്യൂഷൻ) ഓർഡർ, 1947 പ്രകാരം 1935 ലെ നിയമം താൽക്കാലിക ഭരണഘടനയായി. 1950 ജനുവരി 26 മുതൽ നമ്മുടെ നിലവിലെ ഭരണഘടന പ്രാബല്യത്തിൽ വരുന്നതുവരെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935 ലെ 42-ം വകുപ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. 1950 മുതൽ ഇന്നുവരെ ആർട്ടിക്കിൾ ആണ് 123 ആണ് പ്രവൃത്തിപഥത്തിൽ ഉള്ളത്.
തുടരും….

Leave a Reply

Your email address will not be published.

Latest News