മത മൈത്രിയുടെ നാട്ടില്‍ മാതൃകയായി അര്‍ബന്‍ സൊസൈറ്റി

- യു.പി. അബ്ദുള്‍ മജീദ്

എസ്. കെ.യുടെ നാടന്‍പ്രേമത്തിലെ പഴയ മുക്കമല്ല ഇന്നത്തെ മുക്കം.
വലിയ പട്ടണങ്ങളോടു കിടപിടിക്കുന്ന രീതിയിലാണു
മുക്കം വളര്‍ന്നത്. സഹകരണമേഖലയിലും ഒട്ടേറെ
സ്ഥാപനങ്ങള്‍ മുക്കത്തുണ്ട്. അക്കൂട്ടത്തില്‍, കുറഞ്ഞ
കാലംകൊണ്ട് ശ്രദ്ധ നേടിയ സംഘമാണു അര്‍ബന്‍
സഹകരണ സൊസൈറ്റി.

ലോകസഞ്ചാരിയായിരുന്ന കഥാകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രിയഗ്രാമമായിരുന്നു മുക്കം. എസ്.കെ.യുടെ ‘നാടന്‍ പ്രേമ’ ത്തിനു പശ്ചാത്തലമായ ഇരുവഴിഞ്ഞിപ്പുഴക്കരയിലെ ചെറിയൊരങ്ങാടിക്കു ചുറ്റുമുള്ള പ്രദേശം. മതമൈത്രിയുടെ മാതൃകാഗ്രാമമാണ് എക്കാലത്തും മുക്കം. ഇരുവഴിഞ്ഞിപ്പുഴക്കു നടുവിലെ പ്രശസ്തമായ തൃക്കുടമണ്ണ ശിവക്ഷേത്രവും ഇവിടത്തെ ശിവരാത്രി ആഘോഷവുമൊക്കെയാണു മുക്കത്തു മതസൗഹ്യദം ഊട്ടിയുറപ്പിച്ചത്. ക്ഷേത്രത്തിലേക്കു റോഡ് നിര്‍മിക്കാന്‍ ഒന്നര ഏക്കറോളം സ്ഥലം വിട്ടുകൊടുത്ത വയലില്‍ മൊയ്തീന്‍ കോയ ഹാജിയും അദ്ദേഹം സ്ഥാപിച്ച അനാഥശാലയും മുക്കത്തിനു പുറംലോകത്തു സല്‍പ്പേരുണ്ടാക്കി. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അന്ത്യശ്വാസം വലിച്ച പൊറ്റശ്ശേരി മുക്കത്തിന്റെ ഭാഗമാണ്. മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയിലൂടെ പുതുതലമുറക്കു പരിചിതമായ മുക്കം എസ്. കെ.യുടെ പഴയ മുക്കമല്ല. കടവും കടത്തുതോണിയും ചന്തയും ചായ മക്കാനിയുമൊക്കെ വികസനക്കുതിപ്പില്‍ പോയ്മറഞ്ഞു. വലിയ പാലവും കൂറ്റന്‍ കെട്ടിടങ്ങളും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും ആധുനിക ആശുപത്രി സൗകര്യങ്ങളുമായി വലിയ പട്ടണങ്ങളോടു കിടപിടിക്കുന്ന രീതിയിലാണു മുക്കം വളര്‍ന്നത്. സഹകരണമേഖലയിലും നിരവധി സ്ഥാപനങ്ങള്‍ മുക്കത്തു തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ബാങ്കിങ്, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ സ്ഥാപനങ്ങള്‍ മത്സരിച്ചു പ്രവര്‍ത്തിക്കുന്ന പ്രദേശമാണു മുക്കം. ഇവിടെ ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിപ്പോള്‍ പുതിയ ബ്രാഞ്ച് തുറന്നും അനുബന്ധസ്ഥാപനങ്ങള്‍ ആരംഭിച്ചും ആധുനിക ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും മാതൃകയാവുകയാണ്.

2016 ല്‍
തുടക്കം

മുക്കം നഗരസഭാപ്രദേശം പ്രവര്‍ത്തനപരിധിയായി 2016 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത മുക്കം അര്‍ബണ്‍ സൊസൈറ്റിയാണു കുറഞ്ഞ കാലം കൊണ്ട് നിക്ഷേപസമാഹരണത്തിലും വായ്പാ വിതരണത്തിലും നേട്ടങ്ങളുണ്ടാക്കിയത്. സംഘത്തിന്റെ ആദ്യശാഖ മണാശ്ശേരിയില്‍ ജനുവരി 14 നു കെ. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുക്കം പി.സി. ജങ്ങ്ഷനിലാണു സംഘത്തിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 26 കോടി രൂപ നിക്ഷേപവും 18 കോടി രൂപ വായ്പയുമുള്ള സംഘത്തിനുകീഴില്‍ 12 ജീവനക്കാരുണ്ട്. മിക്ക ദേശസാല്‍കൃത ബാങ്കുകളുടേയും ഷെഡ്യൂള്‍ഡ് ബാങ്കുകളുടേയും ശാഖകളുള്ള മുക്കത്ത് ആധുനിക ബാങ്കിങ്‌സൗകര്യങ്ങള്‍ ലഭ്യമാക്കിയും ഇടപാടുകാര്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം നല്‍കിയുമാണ് അര്‍ബണ്‍ സൊസൈറ്റി കളം പിടിച്ചത്. എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്. തുടങ്ങി പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന എല്ലാ രീതികളും ലഭ്യമാക്കുന്നതിനു പുറമെ ഒരു ഫോണ്‍കോളില്‍ ബാങ്കിങ് സേവനം ഇടപാടുകാരനെ തേടിയെത്തുന്ന നിലയിലേക്കു മാറാനും അര്‍ബന്‍ സൊസൈറ്റിക്കു കഴിഞ്ഞിട്ടുണ്ട്. ഇടപാടുകാരുമായി നന്നായി പെരുമാറാനും എറ്റവും കുറഞ്ഞ സമയത്തില്‍ സേവനം നല്‍കാനും പ്രത്യേകപരിശീലനം ജീവനക്കാര്‍ക്കു നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ ആരോഗ്യസ്ഥാപനങ്ങള്‍ ഏറെയുള്ള മുക്കത്തു ബാങ്കിന്റെ കീഴിലുള്ള ജന്‍ ഔഷധി, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വലിയ സേവനമാണു നടത്തുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 50 ശതമാനം വരെ വിലക്കുറവില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധിയില്‍ മരുന്നുകള്‍ കിട്ടുന്നതു രോഗികള്‍ക്ക് ആശ്വാസമാണ്. നഗരസഭയായി മാറിയെങ്കിലും ഉള്‍നാടന്‍ കാര്‍ഷികമേഖല ശക്തമായ മുക്കംപ്രദേശത്തു രാസവളം, ജൈവവളം, കീടനാശിനി തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണു മണാശ്ശേരിയില്‍ കഴിഞ്ഞ വര്‍ഷം സംഘം വളംഡിപ്പോ തുറന്നത്. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും കാര്‍ഷികഗ്രൂപ്പുകളുടെയും പിന്തുണയോടെയാണു വളംഡിപ്പോ പ്രവര്‍ത്തിക്കുന്നത്.

സഹകരണവകുപ്പിന്റെ നിക്ഷേപ സമാഹരണയജ്ഞത്തില്‍ സംഘം സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ഡയറക്ടര്‍മാരും ജീവനക്കാരും ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചാണു ലക്ഷ്യം നേടുന്നത്. വായ്പാ കുടിശ്ശിക പിരിക്കുന്നതിലും ഭരണസമിതിയും ജീവനക്കാരും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വായ്പാ തിരിച്ചടവ് കുടിശ്ശിക വരുത്തുന്നവരെ ആദ്യം ജീവനക്കാരും പിന്നീട് പ്രസിഡന്റ് ഉള്‍പ്പെടെ ഡയറക്ടര്‍മാരും നേരില്‍ക്കണ്ട് അഭ്യര്‍ഥന നടത്തിയശേഷമേ രേഖാമൂലമുള്ള നടപടികള്‍ തുടങ്ങൂ. അദാലത്തുകള്‍ നടത്തി കുടിശ്ശികക്കാര്‍ക്കു പരമാവധി ഇളവുകള്‍ നല്‍കുന്നുമുണ്ട്.

ക്ഷേമ, സേവന
പദ്ധതികള്‍

ക്ഷേമപദ്ധതികളും സേവനപ്രവര്‍ത്തനങ്ങളും മാതൃകാപരമായി നടപ്പാക്കിയും അര്‍ബന്‍ സൊസൈറ്റി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സംഘം ഡയറക്ടര്‍മാരും ജീവനക്കാരും കഴിഞ്ഞ തവണ ഓണം ആഘോഷിച്ചതു ചാത്തമംഗലത്തെ അഗതി മന്ദിരത്തിലായിരുന്നു. നിരാലംബരായ വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഓണസദ്യയും പുതുവസ്ത്രങ്ങളും നല്‍കി. പരിപാടിയില്‍ പി.ടി.എ. റഹീം എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. പാവപ്പെട്ടവരുടെ മരണാനന്തരച്ചടങ്ങിലേക്കു 5000 രൂപ സംഘം നല്‍കുന്നുണ്ട്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വിവാഹ ധനസഹായവും നല്‍കിവരുന്നു. ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡ്, പഠനോപകരണങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. വിദ്യാതരംഗിണി പദ്ധതിപ്രകാരം വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനു പലിശരഹിത വായ്പ നല്‍കുന്നുണ്ട്.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി മുക്കം പോലീസ് സ്റ്റേഷന്‍ പരിസരത്തും നീലേശ്വരം, മണാശ്ശേരി, മുക്കം, താഴക്കോട് സ്‌കൂള്‍ വളപ്പുകളിലും ഫലവൃക്ഷത്തൈകള്‍ നടുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ പദ്ധതിപ്രകാരം 60 സെന്റ് സ്ഥലത്തു കപ്പയും 40 സെന്റ് സ്ഥലത്തു നെല്ലും നട്ട് വിളവെടുത്തു വിതരണം ചെയ്തിട്ടുണ്ട്.

മഹാമാരിയുടെ കാലത്തും സംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1.10 ലക്ഷം രൂപ നല്‍കിയതിനു പുറമെ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മുക്കം സ്റ്റേഷനിലെ പോലീസുകാര്‍, കെ.എസ്.ആര്‍.ടി.സി. തിരുവമ്പാടി ഡിപ്പോ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍, സാനിട്ടൈസര്‍ എന്നിവ നല്‍കി. വീടുകളില്‍ ഭക്ഷണക്കിറ്റ് വിതരണം നടത്തി. ദുരിതകാലത്തു കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും 50,000 രൂപയും വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപയും പലിശരഹിത വായ്പ നല്‍കുകയുണ്ടായി.

പ്രമുഖ സഹകാരിയും ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ കപ്പിയേടത്ത് ചന്ദ്രനാണ് അര്‍ബണ്‍ സൊസൈറ്റിയുടെ തുടക്കം മുതല്‍ പ്രസിഡന്റ്. കെ. കമലാക്ഷി വൈസ് പ്രസിഡന്റാണ്. ഡോ.എം. മനോജ്, ബഷീര്‍ തെച്യാട്, ടി.കെ. അബ്ദുറഹിമാന്‍, ഫൈസന്‍ നേര്‍ക്കാട്ടിപ്പൊയില്‍, ഡോ. ഗീത തിലക്, വി.സി. പ്രസന്ന ചോയി, ലിജോസ്റ്റിന്‍ സന്ദീപ് ജോസഫ്, എം.പി. മാധവന്‍ എന്നിവര്‍ ഡയറക്ടര്‍മാരും വി. സച്ചിന്‍ സെക്രട്ടറിയുമാണ്.

(മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)

Leave a Reply

Your email address will not be published.