കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല: കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍

moonamvazhi

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ രാഷ്ട്രീയം കുത്തിക്കയറ്റുന്നത് അപഹാസ്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് എതിരെ കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചത് എല്‍.ഡി.എഫ് തീരുമാന പ്രകാരമായിരുന്നു എല്‍.ഡി.എഫും, യു.ഡി.എഫും അടങ്ങുന്ന സംസ്ഥാന സഹകരണ യൂണിയന്റെ ജനറല്‍ ബോഡിയിലെ ഏകണ്ഠമായ തീരുമാനമാണ് നടപ്പിലാക്കിയത്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. കേന്ദ്രത്തിനെതിരെയുള്ള സമരത്തില്‍ സംസ്ഥാന സഹകരണ യൂണിയനൊപ്പം നില്‍ക്കുന്നതിന് പകരം ഇതില്‍ രാഷ്ട്രീയം കലര്‍ത്തി ചിലര്‍ മാറി നിന്നത് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാണ്.

സംസ്ഥാന സഹകരണ യൂണിയന്‍ ആഹ്വാനം ചെയ്ത സമരം 64 സര്‍ക്കിള്‍ സഹകരണ യൂണിയനുകളില്‍ 51 സര്‍ക്കിളുകളിലും നടന്നു. യു.ഡി.എഫ് ഭരിക്കുന്ന 7 സര്‍ക്കിളുകളില്‍ സമരം സംഘടിപ്പിച്ചിട്ടില്ല. കോഴിക്കോട് ജില്ലയില്‍ നിപ്പ കാരണം സമരം നടത്താന്‍ കഴിഞ്ഞില്ല. മറ്റ് വിവിധ കാരണങ്ങളാല്‍ 4 സര്‍ക്കിള്‍ യൂണിയനുകളില്‍ സമരം മാറ്റി വച്ചിരിക്കുകയാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയ്ക്കെതിരെ വരും ദിവസങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുമെന്നും കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.