ഓഡിറ്റ് വൈകിയാല്‍ റെഡ് സിഗ്‌നല്‍ തെളിയും;പുതിയ സഹകരണ ഓഡിറ്റ് മോണിറ്ററിങ്സിസ്റ്റം വരുന്നു

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ ഓഡിറ്റ് പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം നടപ്പാക്കുന്നു. സഹകരണ മോണിറ്ററിങ് സിസ്റ്റം എന്നതാണ് പുതിയ രീതി. സി-ഡിറ്റിനാണ് പുതിയ സാങ്കേതിക സംവിധാനം ഒരുക്കാനുള്ള ചുമതല. ഇത് വേഗത്തില്‍ നടപ്പാക്കുന്നതിന് ഐ.സി.ഡി.എം.എസ്. പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി. സംഘങ്ങളുടെ ഓഡിറ്റ് വൈകിയാല്‍ അത് ചുവന്ന അടയാളത്തില്‍ കാണിക്കും.


സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ ഓഡിറ്റിങ് മോണിറ്ററിങ് സിസ്റ്റം കൊണ്ടുവരുന്നത്. ഇത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സ്പെഷല്‍ ഡെഡിക്കേറ്റഡ് ടീം രൂപീകരിക്കും. ഓഡിറ്റ് വൈകുന്ന സംഘങ്ങള്‍ ചുവന്ന അടയാളത്തില്‍ കാണിക്കുന്നതിനൊപ്പം ഇത് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിക്കുന്നതിന് ‘പോപ് അപ്പ്’ സംവിധാനവും ഉണ്ടാകും.

സംഘങ്ങളുടെ ഓഡിറ്റ് രീതി അടിമുടി മാറ്റാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള അക്കൗണ്ടിങ് സമ്പ്രദായവും ഓഡിറ്റ് നോട്ട്, ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കാലോചിതമായി പരിഷ്‌കരിക്കും. ആധുനിക അക്കൗണ്ടിങ് രീതികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത അക്കൗണ്ടിങ്, ഓഡിറ്റ് രീതികള്‍ക്കും അനുസൃതമായിട്ടായിരിക്കും പരിഷ്‌കരണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിന് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ സഹകരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സംഘങ്ങള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് പരിശീലനം നല്‍കും. പല ഉദ്യോഗസ്ഥര്‍ക്കും ഓഡിറ്റ് സോഫ്റ്റ്‌വെയറില്‍ വൈദഗ്ധ്യമില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ഓഡിറ്റ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലേക്കായി സഹകരണ നിയമം, ചട്ടം, ഓഡിറ്റ് മാന്വല്‍ എന്നിവയിലും ആവശ്യമായ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സംഘങ്ങള്‍ ഓഡിറ്റ് ഫീസ് അടയ്ക്കുന്ന രീതിയിലും മാറ്റം വരുത്തും. എല്ലാ സംഘങ്ങളിലും ടീം ഓഡിറ്റ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കേരള സര്‍വീസ് റൂള്‍ 156 പ്രകാരമാണ് സംഘങ്ങളില്‍ ഓഡിറ്റര്‍മാരുടെ തസ്തിക നിശ്ചയിക്കുകയും അതിന്റെ ഫീസ് അടയ്ക്കുകയും ചെയ്യുന്നത്. സംഘത്തിന്റെ പ്രവര്‍ത്തന വ്യാപ്തിക്ക് അനുസരിച്ച് ഓഡിറ്റ് ഫീസ് നിശ്ചയിക്കാനാണ് പുതിയ തീരുമാനം. ഈ ഓഡിറ്റ് ഫീസ് പ്രത്യേക ഫണ്ടിലേക്കായിരിക്കും സ്വീകരിക്കുക. ഈ ഫണ്ട് ഉപയോഗിച്ചായിരിക്കും ഓഡിറ്റര്‍മാര്‍ക്ക് ശമ്പളം നല്‍കുക. ഈ രീതിയില്‍ പുതിയ സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ഓഡിറ്റര്‍ ഡയറക്ടര്‍ തസ്തികയില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസിലെ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സഹകരണ സംഘങ്ങളെ ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിലും ഉള്‍പ്പെടുന്ന സംഘങ്ങളുടെ പ്രവര്‍ത്തന വ്യപ്തിക്ക് അനുസരിച്ച് ആവശ്യമായ തസ്തികയിലുള്ള ഓഡിറ്റര്‍മാരുടെ ടീം രൂപീകരിക്കാനും ടീം ഓഡിറ്റ് നടത്താനുമാണ് തീരുമാനം.

Leave a Reply

Your email address will not be published.

Latest News