സഹകരണ നിക്ഷേപ ഗാരണ്ടിത്തുക അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിച്ചു
moonamvazhiJuly 7 2023,5:40 pm
സഹകരണ ബാങ്കുകളിലെ / സംഘങ്ങളിലെ നിക്ഷേപകര്‍ക്കു നിക്ഷേപ ഗാരണ്ടിപദ്ധതിപ്രകാരം ഇനി മുതല്‍ അഞ്ചു ലക്ഷം രൂപവരെ ലഭിക്കും. നിലവിലിതു രണ്ടു ലക്ഷം രൂപയാണ്. തുകയുടെ പരിധി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ജൂലായ് ഏഴിനു ഉത്തരവിറക്കി. കേരള സഹകരണ നിക്ഷേപ ഗാരണ്ടി പദ്ധതി സംബന്ധിച്ചു 2018 സെപ്റ്റംബര്‍ 22 നു പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയാണു സര്‍ക്കാര്‍ നിക്ഷേപ ഗാരണ്ടിത്തുക രണ്ടു ലക്ഷം രൂപയില്‍നിന്നു അഞ്ചു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്.
സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ 2012 ല്‍ രൂപവത്കരിച്ചതാണു സഹകരണനിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ്. ഈ ഫണ്ട് ബോര്‍ഡില്‍ അംഗത്വമെടുക്കുകയും കൃത്യമായി അംഗത്വം പുതുക്കുകയും ചെയ്യുന്ന സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണു ഗാരണ്ടി ഉറപ്പാക്കിയിട്ടുള്ളത്.