പത്തിരട്ടി വിളവുമായി അതിസാന്ദ്രതാ മത്സ്യക്കൃഷി
ചെറിയ മുടക്കുമുതല്‍ വലിയ വരുമാനം
– സ്റ്റാഫ് പ്രതിനിധി
(2021 ഫെബ്രുവരി ലക്കം)
വീട്ടുപറമ്പിലെ കുളങ്ങളിലും ചെറിയ ജലാശയങ്ങളിലും പരീക്ഷിക്കാവുന്ന മത്സ്യക്കൃഷിയാണിത്. ഒരു ലക്ഷം ലിറ്റര്‍ വെള്ളത്തില്‍ പതിനായിരം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ ഈ രീതിവഴി സാധിക്കും. തുടര്‍ച്ചയായി വരുമാനം കിട്ടുന്ന ഈ നൂതന മത്സ്യക്കൃഷി സംഘങ്ങള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും പരീക്ഷിക്കാവുന്നതാണ്.
കുളങ്ങളിലും ചെറു ജലാശയങ്ങളിലും ചെയ്യാവുന്ന അതിസാന്ദ്രതാ മത്സ്യക്കൃഷിക്ക് നാട്ടിന്‍പുറങ്ങളില്‍ പ്രചാരമേറുകയാണ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മത്സ്യം വളര്‍ത്തി വേഗത്തില്‍ വിളവെടുക്കാവുന്ന കൃഷിരീതിയാണിത്. സാധാരണ രീതിയില്‍ ഒരു ലക്ഷം ലിററര്‍ വെളളത്തില്‍ ആയിരം മീനിനെയാണ് വളര്‍ത്താന്‍ പറ്റുക. എന്നാല്‍, അതിസാന്ദ്രതാ രീതിയില്‍ പതിനായിരം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്താന്‍ കഴിയും.
ഇപ്പോള്‍ പ്രചാരത്തിലുളള സാങ്കേതിക വിദ്യയൊന്നുമില്ലാതെതന്നെ സാധാരണ കുളങ്ങളില്‍പ്പോലും കൂടുതല്‍ അളവില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കുമെന്നു കാണിച്ചുകൊടുക്കുകയാണ് കോഴിക്കോട് മുചുകുന്ന് തെക്കേടത്ത് സജീന്ദ്രന്റെ നേതൃത്വത്തിലുളള മത്സ്യക്കര്‍ഷകര്‍. സജീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് മൂടാടി ഹില്‍ ബസാറില്‍ മരക്കാട്ട് പാടശേഖരത്തോട് ചേര്‍ന്ന പാഡി ഫിഷ് ഫാമില്‍ ഈ രീതിയിലുളള നൂതന മത്സ്യക്കൃഷിയാണ് നടപ്പാക്കി വരുന്നത്. ഏകദേശം രണ്ട് സെന്റോളം വരുന്ന കുളത്തില്‍ പതിനായിരം മത്സ്യങ്ങളെയാണ് വളര്‍ത്തി വലുതാക്കി വിളവെടുപ്പിനു പാകമാക്കിയിരിക്കുന്നത്. രണ്ട് സെന്റ് സ്ഥലത്ത് സാധാരണ ആയിരം മത്സ്യങ്ങളെ മാത്രമാണ് വളര്‍ത്താന്‍ കഴിയുക. ഇവിടെയാണ് പതിനായിരം മത്സ്യങ്ങളെ വളര്‍ത്തുന്നത്.
പരീക്ഷണം വ്യാപിക്കുന്നു
പാഡി ഫിഷ് ഫാം ഉടമയും ബി ടെക് വിദ്യാര്‍ഥിയുമായ ഹില്‍ബസാര്‍ റോയല്‍ നബീനയില്‍ ഷാരിക്ക് ആണ് സജീന്ദ്രന്റെ സഹായത്താല്‍ ഈ നൂതന മത്സ്യക്കൃഷി രീതി അനുവര്‍ത്തിച്ചത്. കോവിഡ് അടച്ചുപൂട്ടല്‍ കാലത്താണ് വ്യത്യസ്തമായ അതിസാന്ദ്രതാ മത്സ്യക്കൃഷി ഇവിടെ പരീക്ഷിച്ചത്. ഈ രീതിയിപ്പോള്‍ മറ്റുളളവരും അനുകരിക്കുകയാണ്.
രണ്ട് സെന്റ് കുളത്തില്‍ തിലാപ്യ, അനാബസ്, വാള, കരിമീന്‍, കാരി, ചേര്‍മീന്‍, വരാല്‍ എന്നിവയാണ് വളരുന്നത്. കഴിഞ്ഞ കൊല്ലം ജൂണിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഡിസംബര്‍ ആദ്യവാരം ഒന്നാം ഘട്ട വിളവെടുപ്പ് നടന്നു. അക്വാപോണിക്സ്, ബയോഫ്ളോക്ക് എന്നിങ്ങനെ അതിസാന്ദ്രതാ കൃഷിക്ക് പല രൂപങ്ങളുണ്ടെങ്കിലും സാധാരണ കുളത്തില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ പരിമിതമായ രൂപത്തില്‍ ഉപയോഗപ്പെടുത്തിയാണ് കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്.
വെളളത്തിന്റെ പി.എച്ച്, അമോണിയ, ആല്‍ക്കലൈനിറ്റി ( ക്ഷാരം ), നൈട്രേറ്റ്, നൈട്രൈറ്റ്, ഓക്സിജന്‍ തുടങ്ങി എല്ലാ ഘടകങ്ങളും ശ്രദ്ധിച്ചാണ് കുളത്തിലെ മത്സ്യക്കൃഷി പരിപാലിക്കുന്നത്. കുളത്തില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനു ഒരു ട്രിപ്പിള്‍ ബയോഫില്‍റ്ററും ഓക്സിജന്റെ അളവ് നിലനിര്‍ത്താന്‍ രണ്ട് എയറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ഈ കുളത്തില്‍ രോഗം വന്നു ഒരു മീനും ചത്തിട്ടില്ലെന്ന് ഷാരിക്കും സജീന്ദ്രനും പറഞ്ഞു. ഒരു ദിവസം പത്തു കിലോ തീറ്റ ഭക്ഷണമായി നല്‍കുന്നുണ്ട്. ഗ്രോവല്‍ ഫിഷ് ഫീഡാണ് തീറ്റയായി നല്‍കുന്നത്.
നാട്ടിന്‍പുറങ്ങളില്‍ വീട്ടുപറമ്പിലെ സാധാരണ കുളങ്ങളില്‍ ഈ രീതിയില്‍ മത്സ്യക്കൃഷി നടത്താന്‍ പ്രവാസികളടക്കം ധാരാളം പേര്‍ മുന്നോട്ടു വരുന്നുണ്ട്. സാധാരണ കുളങ്ങളില്‍ അതിസാന്ദ്രതാ രീതിയില്‍ മത്സ്യക്കൃഷി നടത്താന്‍ 40,000 രൂപയോളം മാത്രം മതിയാകുമെന്ന് സജീന്ദ്രന്‍ പറഞ്ഞു. എയ്റേറ്റര്‍, ഫില്‍റ്റര്‍ എന്നിവ സ്ഥാപിക്കാനും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിക്കാനും മാത്രമാണ് ചെലവ് വരുന്നത്. സജീന്ദ്രന്റെ ഫോണ്‍ : 9747511297.