നവീകരണ പദ്ധതിയുമായി കോലഞ്ചേരി സഹകരണ കലാലയം

moonamvazhi

26 അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കോലഞ്ചേരി സഹകരണ
കോളേജ് ഇപ്പോള്‍ അതിജീവനമാര്‍ഗം തേടുകയാണ്.
35 വര്‍ഷം പിന്നിടുന്ന ഈ സമാന്തര കോളേജിന്റെ
നടത്തിപ്പുകാരായ സഹകരണ സംഘത്തില്‍ 157 അംഗങ്ങളുണ്ട്.
കോവിഡിനെത്തുടര്‍ന്നു വിദ്യാര്‍ഥികളുടെ എണ്ണം ശുഷ്‌കിച്ചുപോയ
ഈ കലാലയത്തിന്റെ കെട്ടിടം പ്രയോജനപ്പെടുത്തി പുതിയ
സംരംഭം തുടങ്ങാനുള്ള ആലോചനകളുമായി സഹകരണമന്ത്രിയെ
കാണാന്‍ ഒരുങ്ങുകയാണു ഭരണസമിതി.

 

കോവിഡും വിദ്യാഭ്യാസരംഗത്തെ മുന്‍ഗണനകളില്‍ വന്ന മാറ്റവും മൂലമുണ്ടായ പ്രതിസന്ധിയില്‍നിന്ന് അതിജീവനത്തിനായി സഹകരണമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് എറണാകുളം ജില്ലയിലെ ഒരു സഹകരണ വിദ്യാഭ്യാഭ്യാസസ്ഥാപനം. കുന്നത്തുനാട് താലൂക്ക് എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോലഞ്ചേരിയിലുള്ള കോ-ഓപ്പറേറ്റീവ് കോളേജാണ് ഈ സ്ഥാപനം. പുനരുജ്ജീവനശ്രമങ്ങള്‍ക്കു ഫലമുണ്ടാകാതിരുന്നതിനാലാണു ഒരു നവീകരണപദ്ധതി തയാറാക്കി സംഘം മന്ത്രിയുടെയും സഹകരണവകുപ്പിന്റെയും സഹായം തേടാന്‍ ഒരുങ്ങുന്നത്.

തുടക്കം
1988 ല്‍

1988 ല്‍ തുടങ്ങിയ സമാന്തര വിദ്യാഭ്യാസസ്ഥാപനമാണിത്. അന്ന് അംഗങ്ങളായിരുന്നവരും പിന്നീട് അംഗത്വമെടുത്തവരുമടക്കം 157 അംഗങ്ങളാണു സംഘത്തിനുള്ളത്. 50 രൂപയായിരുന്നു ഓഹരിവില. അധ്യാപകരായി നിയോഗിക്കപ്പെട്ടവരെല്ലാം 20 ഓഹരികള്‍ എടുത്തിരുന്നു. അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കാന്‍ സഹകരണമേഖലയില്‍ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്് ഈ സ്ഥാപനം ഉയര്‍ന്നുവന്നത്. സര്‍ക്കാര്‍ 50,000 രൂപ അനുവദിക്കുകയും ചെയ്തു. വാടകക്കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനം സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തികസഹായം കൊണ്ടാണു സ്ഥലം വാങ്ങിയത്. കോലഞ്ചേരിയില്‍ ബ്ലോക്ക് ജങ്ഷനു സമീപമാണു കെട്ടിടം. 22 സെന്റ് സ്ഥലത്താണു കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം നിര്‍മിച്ചതു വായ്പയെടുത്തായിരുന്നു. വിദ്യാര്‍ഥികളുടെ ഫീസില്‍നിന്നുള്ള വരുമാനംകൊണ്ടു വായ്പ പൂര്‍ണമായി അടച്ചുതീര്‍ക്കാനായി. 1993 മെയ് 14 ന് അന്നത്തെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. മോനായിയാണു കെട്ടിടത്തിനു തറക്കല്ലിട്ടത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍നിന്നു ചരിത്രവിഭാഗം മേധാവിയായി വിരമിച്ച ഡോ. പി.പി.എന്‍. നമ്പൂതിരിയുടെയും ഇംഗ്ലീഷ് സാഹിത്യവിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. പി.എം. മത്തായിയുടെയും നേതൃത്വത്തിലാണു സഹകരണസംഘം സ്ഥാപിച്ചു കോളേജ് തുടങ്ങിയത്. സെന്റ് പീറ്റേഴ്‌സില്‍നിന്നു ധനശാസ്ത്ര പ്രൊഫസറായി വിരമിച്ച പി.പി. പൗലോസും ഇവിടെ അധ്യാപകനായിരുന്നിട്ടുണ്ട്. ഇത്തരം പ്രശസ്തരുടെ നേതൃത്വത്തില്‍ വളരെയേറെ വിദ്യാര്‍ഥികളുമായി സജീവമായിരുന്ന ഒരു ഭൂതകാലം ഈ സമാന്തരകലാലയത്തിനുണ്ട്. പ്രഥമപ്രസിഡന്റായിരുന്ന ഡോ. പി.പി.എന്‍. നമ്പൂതിരി 87 ാം വയസ്സിലും ക്ലാസെടുത്തിരുന്നു. പ്രൊഫ. പി.എം. മത്തായിയായിരുന്നു പ്രഥമപ്രിന്‍സിപ്പല്‍.

പ്രീഡിഗ്രിക്കു നാലു ഗ്രൂപ്പിനും ഇവിടെ ക്ലാസ് നടത്തിയിരുന്നു. സയന്‍സ് ഗ്രൂപ്പിനു ലാബ് അടക്കമുള്ള സൗകര്യങ്ങളോടെയായിരുന്നു ക്ലാസുകള്‍. പ്രീഡിഗ്രി കോളേജുകളില്‍നിന്നു വേര്‍പെടുത്തി പ്ലസ് ടു ആരംഭിച്ചപ്പോഴും പ്ലസ് ടു ക്ലാസുകള്‍ക്കായി ലാബ് സൗകര്യങ്ങളും ക്ലാസ് സംവിധാനങ്ങളും തുടര്‍ന്നു. ബി.കോമിനു മൂന്നു ബാച്ചും ബി.എ.യ്ക്കു മൂന്നു ബാച്ചും ചരിത്രം, ധനശാസ്ത്രം, രാഷ്ട്രമീമാംസ വിഷയങ്ങളില്‍ എം.എ.യും ഇവിടെയുണ്ടായിരുന്നു. അന്നു 26 അധ്യാപകര്‍വരെ പഠിപ്പിച്ചിരുന്നു. നാനൂറോളം വിദ്യാര്‍ഥികള്‍വരെ പഠിക്കാനുമുണ്ടായിരുന്നു.

ഇപ്പോള്‍ പതിമൂന്നു
അധ്യാപകര്‍ മാത്രം

2011 ല്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നു കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ 20,000 രൂപ അനുവദിച്ചു. അതുപയോഗിച്ചു കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 2013 ല്‍ സ്ഥാപനം രജതജൂബിലി ആഘോഷിച്ചു. രജതജൂബിലിസ്മാരകമായി ഒരു ഹാള്‍ നിര്‍മിച്ചു. അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബാണ് അന്ന് എം.എല്‍.എ.യായിരുന്ന വി.പി. സചീന്ദ്രന്റെ സാന്നിധ്യത്തില്‍ തറക്കല്ലിട്ടത്. ഈ ഹാള്‍ വിവിധ മുറികളായി തിരിച്ച് ക്ലാസുകളെടുത്തു. അത്രയ്ക്കു വിദ്യാര്‍ഥികള്‍ അന്നുണ്ടായിരുന്നു. 26 അധ്യാപകര്‍വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 13 അധ്യാപകര്‍. ഇവരൊക്കെ 55-60 വയസ് പ്രായമുള്ളവരാണ്. അവരുടെ ശമ്പളം വളരെക്കാലമായി കുടിശ്ശികയാണ്. എങ്കിലും, വിദ്യാര്‍ഥികളോടുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് അവര്‍ വന്നു ക്ലാസെടുക്കുന്നുണ്ട്. കോവിഡിനു മുമ്പുവരെ ബി.കോം, ബി.എ (ചരിത്രം), പ്ലസ് ടു ക്ലാസുകളിലായി നൂറ്റമ്പതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. 2020 ലാണ് പ്ലസ് ടുവിന് അവസാനമായി പ്രവേശനം നടന്നത്. അതിനുശേഷം കോവിഡ് പിടിമുറുക്കിയതോടെ പ്രവേശനം നടന്നില്ല. പ്രവേശനനടപടികള്‍ ആരംഭിച്ചപ്പോഴും വിദ്യാര്‍ഥികള്‍ കാര്യമായി ചേരാനുണ്ടായിരുന്നില്ല. 2020 മുതല്‍ അധ്യാപകരുടെ ശമ്പളം മിക്കവാറും കുടിശ്ശികയാണ്. പഠിച്ചുപോയ വിദ്യാര്‍ഥികളില്‍നിന്നു ഫീസിനത്തില്‍ ഏഴു ലക്ഷത്തില്‍പ്പരം രൂപ കിട്ടാനുണ്ട്. അവരില്‍ ചിലരെങ്കിലും വന്നു കുടിശ്ശിക തീര്‍ക്കാന്‍ മനസ്സു കാണിക്കുമ്പോഴാണ് അധ്യാപകര്‍ക്കു പ്രതിഫലമിനത്തില്‍എന്തെങ്കിലും നല്‍കാന്‍ കഴിയുന്നത്. 2022 ആഗസ്റ്റില്‍ ഇങ്ങനെ കിട്ടിയ കുറച്ചു തുകകൊണ്ടു കുറച്ച് അധ്യാപകരുടെ ശമ്പളക്കുടിശ്ശിക കൊടുത്തു. സീനിയോറിട്ടി അടിസ്ഥാനത്തില്‍ പരമാവധി 2000 രൂപയൊക്കെവരെ മാത്രമാണു കൊടുക്കാന്‍ കഴിഞ്ഞത്.

അധ്യാപകര്‍ക്കു പുറമെ ഒരു ഓഫീസ് അസിസ്റ്റന്റുണ്ടായിരുന്നു. ഓഫീസ് അസിസ്റ്റന്റിനും പ്രതിഫലം കൊടുക്കാന്‍ കഴിയാതെവന്നു. സര്‍ക്കാരില്‍നിന്നു മാനേജീരിയല്‍ സബ്‌സിഡിയായി ലഭിച്ച തുകകൊണ്ടാണ് ആ പ്രശ്‌നം പരിഹരിച്ചത്. ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റില്ല. അധ്യാപകര്‍തന്നെയാണ് ഓഫീസ്‌ജോലികളും ചെയ്യുന്നത്. 1988 ല്‍ കോളേജ് ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്കു മണിക്കൂറിന് ആറു രൂപയായിരുന്നു പ്രതിഫലം. അന്നും കൃത്യമായി അതു നല്‍കാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. കെട്ടിടനിര്‍മാണത്തിനെടുത്ത വായ്പ തിരിച്ചടക്കാനും മറ്റുമുണ്ടായിരുന്നതും വിദ്യാര്‍ഥികളില്‍ നല്ലൊരു ഭാഗവും ദരിദ്രരായിരുന്നതിനാല്‍ ഫീസ് കൃത്യമായി കിട്ടാതിരുന്നതുമാണു കാരണം. (പൂര്‍വവിദ്യാര്‍ഥികളില്‍ പലരും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഏല്‍പ്പിച്ച എസ്.എസ്.എല്‍.സി. ബുക്കുകള്‍പോലും തിരിച്ചുവാങ്ങിയിട്ടില്ല. എഴുപതോളം എസ്.എസ്.എല്‍.സി. ബുക്കുകള്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്). സഹകരണസ്ഥാപനമായതിനാല്‍ മാനുഷികപരിഗണന നല്‍കാന്‍ ബാധ്യസ്ഥമായതുകൊണ്ടു വിദ്യാര്‍ഥികളില്‍നിന്നു നിര്‍ബന്ധപൂര്‍വം ഫീസ് വാങ്ങാന്‍ പരിമിതിയുണ്ടായിരുന്നു. അധ്യാപകരുടെ പ്രതിഫലം ക്രമേണ വര്‍ധിച്ച് മണിക്കൂറിന് എട്ടു രൂപയും പത്തു രൂപയും 20 രൂപയും 25 രൂപയുമായി. 2012 ല്‍ 125 രൂപ വരെയത്തി. ഒരുകാലത്തും ഒരധ്യാപകനും മാസം 12,000 രൂപയില്‍ കൂടുതല്‍ കിട്ടിയ ചരിത്രമില്ല.

പ്രതീക്ഷ വിടാതെ
ഭരണസമിതി

ഇപ്പോള്‍ ബി.എ (ചരിത്രം), ബി.കോം കോഴ്‌സുകള്‍ മാത്രമാണുള്ളത്. വിദ്യാര്‍ഥികള്‍ തീരെ കുറവും. ഇവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്കു അധ്യയനം അവസാനിപ്പിച്ചശേഷം മന്ത്രിയുടെയും സഹകരണവകുപ്പിന്റെയും സഹായത്തോടെ പുതിയ രൂപത്തില്‍ സജീവമാകാനാവുമെന്ന പ്രതീക്ഷയിലാണു കോളേജിനു നേതൃത്വം നല്‍കുന്ന സഹകരണസംഘം. വിവിധ പുനരുജ്ജീവനശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു നീക്കം ആലോചിക്കുന്നത്. സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു പദ്ധതി ആവിഷ്‌കരിച്ച് അതുമായി അധികൃതരെ സമീപിക്കാനാണ് ഉദ്ദേശ്യം. പുനരുജ്ജീവനശ്രമത്തിന്റെ ഭാഗമായി എച്ച്.ഡി.സി. കോഴ്‌സ് ഇവിടെ അനുവദിച്ചുകിട്ടാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. എഞ്ചിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥികളെ തയാറെടുപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ പരിശീലനകേന്ദ്രമായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇവിടേക്ക് അധികം വിദ്യാര്‍ഥികളെ ലഭിക്കുകയുണ്ടായില്ല. ഒരു പി.എസ്.സി. പരീശീലനസ്ഥാപനത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചതും വിജയകരമായില്ല. നവോദയാപ്രവേശനപ്പരീക്ഷാ പരിശീലനശ്രമങ്ങളും ഫലം ചെയ്തില്ല. സ്വാശ്രയകോളേജാക്കാന്‍ ഫണ്ടില്ലായ്മ തടസ്സമായി. കോലഞ്ചേരിയല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുണ്ടെങ്കിലും, സാധാരണക്കാര്‍ക്കു പെട്ടെന്ന് ആശ്രയിക്കാവുന്ന ചെറിയ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ കുറവാണ്. അത്തരം കാര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന കെട്ടിടസൗകര്യം ഇവിടെയുണ്ട്. എന്തായാലും, കെട്ടിടസൗകര്യം പ്രയോജനപ്പെടുത്താവുന്ന എന്തെങ്കിലും സംരംഭം സംബന്ധിച്ച ആലോചനകളുമായി മന്ത്രിയെ നേരിട്ടു പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി പരിഹാരം കണ്ടെത്താനാണ് ഉദ്ദേശ്യമെന്നു സെക്രട്ടറി അശോക് കുമാര്‍ പി.എം. പറഞ്ഞു.

കോളേജിനെ നിയന്ത്രിക്കുന്ന സഹകരണസംഘത്തിനു പ്രത്യേക രാഷ്ട്രീയച്ചായ്‌വൊന്നുമില്ല. വിവിധ രാഷ്ട്രീയകക്ഷികളുമായി ബന്ധമുള്ളവരും രാഷ്ട്രീയമില്ലാത്തവരും ഭരണസമിതിയിലുണ്ട്. ധനശാസ്ത്രാധ്യാപകന്‍ എം.കെ. തമ്പിയാണ് ഇപ്പോള്‍ പ്രസിഡന്റ്. രാഷ്ട്രമീമാംസാ അധ്യാപകന്‍ അശോക് കുമാര്‍ പി.എം. പ്രിന്‍സിപ്പാളും ഓണററി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു. അജിത്കുമാര്‍. എം.കെ, അനില കുമാരി.സി.ബി, ഷൈബി. പി.പി, ദീപ വര്‍ഗീസ്, ബിജു.എന്‍.യു, പി. രാജന്‍, സിജു. കെ.എസ്, ജോസഫ്. കെ.ഐ. എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍.

 

 

 

Leave a Reply

Your email address will not be published.