ക്ഷീര ജീവിത സുരക്ഷക്കു സാന്ത്വനം പദ്ധതി
(2021 ഏപ്രില്‍ ലക്കം)
ക്ഷീര കര്‍ഷകര്‍, ക്ഷീര സംഘം ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കറവമാടുകള്‍ക്കും പരിരക്ഷ കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതി ക്ഷീര മേഖലയില്‍ പുത്തന്‍ ഉണര്‍വേകുന്നു
ക്ഷീര രംഗത്തെ ജീവിത സുരക്ഷക്കു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘ക്ഷീര സാന്ത്വനം’ പദ്ധതി കേരളത്തിലെ പാലുല്‍പ്പാദന മേഖലയ്ക്കു ഉണര്‍വും ഊര്‍ജവും പകരുന്നു. ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കര്‍ഷകര്‍ പരിപാലിക്കുന്ന കറവമാടുകള്‍ക്കും പരിരക്ഷ ലഭിക്കുന്ന സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്. 2021 മാര്‍ച്ചില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണു ഗുണഭോക്താക്കളെ നിശ്ചയിച്ചത്. 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുവരെ ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടും. ക്ഷീര വികസന വകുപ്പിന്റെ 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ ക്ഷീരോല്‍പ്പാദക യൂണിയനുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്ത സംരംഭമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ജീവിത സുരക്ഷ, ഗോസുരക്ഷ എന്നിങ്ങനെ വിവിധ ഇന്‍ഷുറന്‍സ് പോളിസികളാണു ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമാണു പദ്ധതിയുടെ നടത്തിപ്പു പങ്കാളികള്‍. 18 വയസ്സു മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്കു പദ്ധതിയില്‍ അംഗമാകാം. ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ കര്‍ഷകര്‍ക്കു 1500 രൂപ മുതല്‍ 2500 രൂപ വരെയും ക്ഷീര സംഘം ജീവനക്കാര്‍ക്കു 1000 രൂപയും സബ്‌സിഡിയായി ലഭിക്കും. കറവമാടിനുള്ള പ്രീമിയം തുകയില്‍ 600 രൂപയും സഹായം ലഭിക്കും.
കര്‍ഷക കുടുംബങ്ങളില്‍ നിന്നു ആരോഗ്യ – അപകട സുരക്ഷാ പദ്ധതികളില്‍ 30,000 പേരെ വീതവും ജീവിത സുരക്ഷാ പദ്ധതിയില്‍ 30,000 പേരെയും അംഗങ്ങളാക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ക്ഷീര സംഘം ജീവനക്കാരില്‍ 8000 പേരെയും അംഗങ്ങളാക്കും. ഇതിനു പുറമെ 36,000 കറവമാടുകളെ ഗോസുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. വിവിധ സുരക്ഷാ പദ്ധതികളുടെ പ്രീമിയം തുകയുടെ സബ്‌സിഡി ഇനത്തില്‍ 8.96 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നു എന്ന സവിശേഷതയും ക്ഷീര സാന്ത്വനത്തിനുണ്ട്. സബ്‌സിഡിത്തുകയില്‍ അഞ്ചു കോടിയോളം രൂപ സര്‍ക്കാര്‍ വഹിക്കും. അവശേഷിക്കുന്നതു മില്‍മയും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡും ഏറ്റെടുക്കും. സബ്‌സിഡി കഴിച്ചുള്ള ഗുണഭോക്തൃ വിഹിതത്തില്‍ ക്ഷീര സംഘങ്ങള്‍ക്കു അവരുടെ ധനസ്ഥിതിക്കനുസരിച്ച് അമ്പതു ശതമാനം വരെ ധനസഹായം അനുവദിക്കാമെന്ന നിര്‍ദേശവും ക്ഷീര വികസന വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ തലത്തില്‍ മേഖലാ യൂണിയന്‍ ഡയരക്ടര്‍ ചെയര്‍മാനായും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കണ്‍വീനറായും പതിനഞ്ചംഗ കോര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ആരോഗ്യ സുരക്ഷ
ക്ഷീര കര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിത പങ്കാളി, മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുന്ന അവിവാഹിതരോ ജോലിയില്ലാത്തവരോ ആയ 25 വയസ്സുവരെയുള്ള രണ്ട് മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരാന്‍ മാതാപിതാക്കളൊഴിച്ചുള്ളവരുടെ പ്രായ പരിധി 80 വയസ്സാണ്. 25 വയസ്സില്‍ താഴെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കു അധിക പ്രീമിയം തുക നല്‍കി പദ്ധതിയില്‍ ചേരാം. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ പണരഹിത ചികിത്സ ലഭിക്കുന്ന പദ്ധതിയില്‍ നിലവിലുള്ള അസുഖങ്ങള്‍ക്കു 50,000 രൂപ ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കും.
18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ള കര്‍ഷകര്‍ക്കും സംഘം ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാം. അപകട മരണമോ സ്വാഭാവിക മരണമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ ലഭിക്കും.
അപകട സുരക്ഷ
ക്ഷീര കര്‍ഷകര്‍ക്കും സംഘം ജീവനക്കാര്‍ക്കും അംഗമാകാം. അപകട മരണമോ അപകടം മൂലം പക്ഷാഘാതമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലഭിക്കും. ഇതിനു പുറമെ, അപകടത്തില്‍ മരിക്കുകയോ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കര്‍ഷകരുടെ മക്കളുടെ പഠനത്തിനായി രണ്ട് പേര്‍ക്കു 50,000 രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കും. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ചേരുന്നവരുടെ അംഗസംഖ്യക്കനുസരിച്ച് പ്രീമിയം തുകയില്‍ വ്യത്യാസമുണ്ടാകും. 3000 രൂപ മുതല്‍ 5161 രൂപ വരെയാണ് പ്രീമിയം തുക. അപകട സുരക്ഷാ പദ്ധതിയില്‍ 189 രൂപയും ജീവിത സുരക്ഷാ പദ്ധതിയില്‍ 375 രൂപയുമാണ് പ്രീമിയം തുക. ഇവ മൂന്നിനും കൂടി സബ്‌സിഡി കഴിച്ച് 2064 രൂപ മുതല്‍ 4725 രൂപ വരെ പ്രീമിയം തുക വരും.
കര്‍ഷകരുടെ പശുക്കള്‍ക്കു 50,000 രൂപയുടെ ഇന്‍ഷുറന്‍സിനു 1,350 രൂപയും 60,000 രൂപക്ക് 1,620 രൂപയും 70,000 രൂപക്ക് 1,890 രൂപയുമാണ് പ്രീമിയം തുക. ഇതില്‍ 600 രൂപ നിരക്കില്‍ പരമാവധി മൂന്നു പശുക്കള്‍ക്കു 1,800 രൂപ പ്രീമിയം തുകയില്‍ ധനസഹായം ലഭിക്കും. പശു ചത്താല്‍ നൂറു ശതമാനം പരിരക്ഷത്തുക ലഭിക്കും. രോഗത്താല്‍ കറവ വറ്റുകയോ വന്ധ്യത സംഭവിക്കുകയോ ചെയ്താല്‍ 75 ശതമാനവും ലഭിക്കും.