പൂയപ്പിള്ളിയില്‍ തനത് പൊക്കാളിയുടെ കൊയ്ത്തുത്സവം

moonamvazhi

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളിയില്‍ നടപ്പിലാക്കിയ പൊക്കാളി കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം മുഖ്യാതിഥിയായിരുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, ചിറ്റാറ്റുകര കൃഷി ഓഫീസര്‍ ജയ മരിയ ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ്. സുമ, ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി, ഭരണസമിതി അംഗങ്ങളായ എം.ജി. നെല്‍സന്‍, പി.എന്‍. വിജയന്‍, ഗിരിജ അജിത്ത്, എം.വി. ഷാലീധരന്‍, പി.കെ ഉണ്ണി, വാര്‍ഡ് മെമ്പര്‍ എം.എസ്. അഭിലാഷ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബാങ്കിന്റെ നേതൃത്വത്തില്‍ 60,105 കെട്ടുകളിലായി ഇരുപത് ഏക്കറിലാണ് പൊക്കാളി കൃഷി നടപ്പിലാക്കിയത്. പൊക്കാളി നെല്‍വിത്ത് സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബാങ്ക് നേരിട്ട് ആറ് ഏക്കറില്‍ നടത്തിയ കൃഷിയിലൂടെ സംഭരിച്ച വിത്ത് ഉപയോഗിച്ചാണ് ഈ വര്‍ഷം ഇരുപത് ഏക്കറില്‍ പൊക്കാളി കൃഷി നടപ്പിലാക്കിയത്. അന്യം നിന്നു പോകുന്ന കൊമ്പന്‍ പൊക്കാളിയുടെ സംരക്ഷണവും പൊക്കാളി പാടങ്ങള്‍ തരിശുരഹിതമാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ”ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാങ്ക് പൊക്കാളി കൃഷി വ്യാപിപ്പിച്ചത്. ഇതോടൊപ്പം തന്നെ പൊക്കാളിയുടെ വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ ബാങ്ക് എടുത്തിട്ടുണ്ട് അതിന്റെ ഭാഗമായി ബാങ്കിന്റെ ഫാര്‍മേസ് എന്ന സ്വന്തം ബ്രാന്റില്‍ പൊക്കാളി അരി,അവല്‍,പുട്ടുപൊടി,എന്നിവ വിപണിയില്‍ അവതരിപ്പിക്കുകയും വിജയകരമായി ഉല്പന്നങ്ങളുടെ വിപണനം നടപ്പിലാക്കി വരികയും ചെയ്യുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!