കൊടുവള്ളിയിലെ ധവളവിപ്ലവം
–
2018-19 ല്‍ കോഴിക്കോട് ജില്ല പ്രതിദിനം 1,10,646 ലിറ്റര്‍ പാലാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇതില്‍ വലിയൊരു പങ്കും ഉല്‍പ്പാദിപ്പിച്ചത് കൊടുവള്ളി ബ്ലോക്കിലെ 31 ക്ഷീര സഹകരണ സംഘങ്ങളാണ്
വ ടക്കന്‍ കേരളത്തിലെ സ്വര്‍ണക്കച്ചവടക്കാരുടെ ആസ്ഥാനമായിരുന്നു ഒരു കാലത്ത് കൊടുവള്ളി . സ്വര്‍ണക്കടകളുടെ നീണ്ട നിര സുവര്‍ണ ഗ്രാമമെന്ന പേരും കൊടുവള്ളിക്ക് സമ്മാനിച്ചു. വയനാട് ചുരംവഴി മൈസൂരുവിലേക്ക് നീളുന്ന ദേശീയപാതയില്‍ നിന്ന് കിഴക്കന്‍ മലയോര ഗ്രാമങ്ങളിലേക്ക് വഴി തിരിയുന്ന റോഡുകള്‍ കൊടുവള്ളി അങ്ങാടിയെ മലയോര മേഖലയുടെ കവാടമാക്കി മാറ്റി. കെട്ടിട സമുച്ചയങ്ങളും കച്ചവട കേന്ദ്രങ്ങളും വന്നതോടെ പട്ടണ സ്വഭാവം കൈവരിച്ച കൊടുവള്ളി നഗരസഭയായി. എന്നാല്‍, ഗ്രാമ സമൃദ്ധിയുടെ പ്രതീകങ്ങളായ കൃഷിയും കാലി വളര്‍ത്തലുമൊക്കെ കൊടുവള്ളിയുടെ ഉള്‍പ്രദേശങ്ങളിലും സമീപ ഗ്രാമ പഞ്ചായത്തുകളിലും തഴച്ചു വളര്‍ന്നു. ആയിരങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന കാലി വളര്‍ത്തലില്‍ കുടിയേറ്റ മേഖല ഉള്‍ക്കൊള്ളുന്ന പ്രദേശം വലിയ കുതിപ്പ് നടത്തി. കൊടുവള്ളി നഗരസഭയും അയല്‍പ്രദേശത്തെ ഒമ്പത് ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന കൊടുവള്ളി ബ്ലോക്കിന് കീഴില്‍ ക്ഷീരോല്‍പ്പാദന രംഗത്ത് നടക്കുന്ന വിപ്ലവം സംസ്ഥാനത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സര്‍ക്കാറിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ധനസഹായം പരമാവധി സ്വരൂപിച്ച് ക്ഷീര സഹകരണ സംഘങ്ങളുടെ കൂട്ടായ്മുടെ ബലത്തില്‍ ക്ഷീര വികസന വകുപ്പ് ബ്ലോക്ക് തലത്തില്‍ നടത്തുന്ന ഈ മുന്നേറ്റം രണ്ടു തവണ സംസ്ഥാന തലത്തില്‍ അവാര്‍ഡിനും അര്‍ഹമായി.
മുന്നേറ്റത്തിന്റെ വഴി
രണ്ടു പ്രളയവും ഒരു ലോക്ക്ഡൗണും അതിജീവിച്ച് കരുത്ത് തെളിയിച്ച ക്ഷീരമേഖലയിലേക്ക് പുതിയ കര്‍ഷകര്‍ കാലെടുത്തുവെയ്ക്കുന്നു എന്നതാണ് കൊടുവള്ളിയിലെ പാലുല്‍പ്പാദനത്തിന്റെ പിന്‍ബലം. നൂറു കണക്കിന് കര്‍ഷകര്‍ക്ക് കാലികളും തൊഴുത്തും തീറ്റപ്പുല്ലുമൊക്കെ നഷ്ടപ്പെട്ട രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും ക്ഷീരസംഘങ്ങളും ക്ഷീരവികസന വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും കൈകോര്‍ത്തപ്പോഴുണ്ടായ നേട്ടങ്ങള്‍ കര്‍ഷകര്‍ നേരിട്ടനുഭവിച്ച ബ്ലോക്കുകളിലൊന്നാണ് കൊടുവള്ളി. ലോക്ക്ഡൗണ്‍ കാലത്ത് കറന്നെടുത്ത പാല്‍ കര്‍ഷരില്‍ നിന്നു സംഭരിക്കാനും വിതരണം ചെയ്യാനുമാവാതെ പ്രതിസന്ധിയിലായ സംഘങ്ങള്‍ കൂട്ടായ്മയുടെ കരുത്തില്‍ പിടിച്ചുനില്‍ക്കുകയും ജീവിതം വഴിമുട്ടിയ കാലി വളര്‍ത്തുകാര്‍ക്ക് താങ്ങാവുകയും ചെയ്തതിന്റെ നേര്‍സാക്ഷ്യങ്ങളുണ്ട് കൊടുവള്ളിയില്‍. പാലിന്റെ ഗുണമേ• ഉറപ്പു വരുത്തിയും ആധുനികവല്‍ക്കരണത്തില്‍ ബഹുദൂരം സഞ്ചരിച്ചും കര്‍ഷകര്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കിയും മുന്നോട്ട് നീങ്ങിയാല്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും അതു വഴി ക്ഷീരകര്‍ഷകരില്‍ ആത്മവിശ്വാസം വളര്‍ത്താനും കഴിയുമെന്ന് കൊടുവള്ളി ബ്ലോക്ക് തെളിയിക്കുന്നു. വമ്പന്‍ മുതല്‍മുടക്കും ഹൈടെക് ഫാമുകളുമില്ലാതെ സാധാരണ കര്‍ഷകരുടെ വീടുകളില്‍ നിന്നുള്ള പാല്‍ സംഭരിച്ചാല്‍ത്തന്നെ ഉല്‍പ്പാദന രംഗത്ത് മുന്നേറാന്‍ കഴിയുമെന്നതാണ് കൊടുവള്ളി നല്‍കുന്ന പാഠം. സാധാരണ സര്‍ക്കാര്‍ ഓഫീസുകളുടെ ചട്ടവട്ടങ്ങള്‍ മാറ്റി വെച്ച്, കര്‍ഷകര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും അവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സംവിധാനമുണ്ടെങ്കില്‍ ക്ഷീരമേഖലക്ക് ചെലവഴിക്കുന്ന പൊതുപണം ലക്ഷ്യം കാണുമെന്ന് കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസിന്റെ പ്രവര്‍ത്തനക്ഷമതാറിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
പാലില്‍ സ്വയംപര്യാപ്തത
പാലുല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്തമാവാനുള്ള കോഴിക്കോട് ജില്ലയുടേയും സംസ്ഥാനത്തിന്റെയും ശ്രമത്തിന് കരുത്ത് പകരുന്ന ബ്ലോക്കാണ് കൊടുവള്ളി. 2010-11 ല്‍ പ്രതിദിനം 69,060 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കോഴിക്കോട് ജില്ല 2018-19 ല്‍ 1,10,646 ലിറ്ററില്‍ എത്തിയപ്പോള്‍ അതിന്റെ മൂന്നിലൊന്നും കൊടുവള്ളിയുടെ സംഭാവനയായിരുന്നു. 2020 ജൂണിലെ കണക്ക് പ്രകാരം പ്രതിദിനം 28,117 ലിറ്റര്‍ പാലാണ് കൊടുവള്ളിയിലെ 31 ക്ഷീരസംഘങ്ങള്‍ സംഭരിച്ചത്. ജില്ലയിലെ 12 ബ്ലോക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് കൊടുവള്ളിയുടെ പ്രതിദിന സംഭരണത്തിന്റെ പകുതിയെങ്കിലും എത്തിയത്. പാലുല്‍പ്പാദനത്തില്‍ കൊടുവള്ളി ബ്ലോക്ക് സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനത്താണെങ്കിലും സംസ്ഥാനത്തെ മികച്ച ക്ഷീര വികസന ഓഫീസിനുള്ള ക്ഷീര വികസനവകുപ്പിന്റെ അവാര്‍ഡ് 2016-17 ലും 2017-18 ലും കൊടുവള്ളിക്കായിരുന്നു. കൊടുവള്ളി നഗരസഭക്ക് പുറമെ മടവൂര്‍, കിഴക്കോത്ത് , താമരശ്ശേരി. കട്ടിപ്പാറ, പുതുപ്പാടി ഓമശ്ശേരി, കോടഞ്ചേരി , തിരുവമ്പാടി, കൂടരഞ്ഞി എന്നീ ഗ്രാമ പഞ്ചായത്തുകളുമാണ ്‌കൊടുവള്ളി ക്ഷീരവികസന ഓഫീസിന്റെ പരിധിയില്‍ വരുന്നത്.
ധനസഹായ പദ്ധതികള്‍
ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ധനസഹായ പദ്ധതികള്‍ നടപ്പാക്കുന്ന ബ്ലോക്ക് എന്ന ബഹുതി വര്‍ഷങ്ങളായി കൊടുവള്ളി നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ മേയില്‍ മാത്രം 1.16 കോടി രൂപയാണ് വിവിധ പദ്ധതികളുടെ ഭാഗമായി കര്‍ഷകരുടെ അക്കൗണ്ടിലെത്തിയത്. കാലിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക സബ്സിഡിയും പാല്‍ അളക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള പ്രോല്‍സാഹനത്തുകയും പുതിയ പശുക്കളെ വാങ്ങാനും തൊഴുത്തുകള്‍ മെച്ചപ്പെടുത്താനുള്ള സഹായപദ്ധതിയുമൊക്കെ മികച്ച രീതിയില്‍ നടപ്പാക്കിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പ്രൊജക്ടുകള്‍ വഴി കൂടുതല്‍ പണം ചെലവഴിച്ച ബ്ലോക്കും കൊടുവള്ളിയാണ്. ഡെയറി വില്ലേജ് പദ്ധതി ഇത്തരം മാതൃകാ പദ്ധതികളില്‍ ഒന്നാണ്. 266 പശുകളെ പുതുതായി വാങ്ങിയത് പാലുല്‍പ്പാദനത്തില്‍ പ്രതിഫലിച്ചു. 2019- 20 ല്‍ കൊടുവള്ളി ബ്ലോക്കില്‍ ക്ഷീര വികസനത്തിന് ചെലവഴിച്ച 5.01 കോടി രൂപയില്‍ 3.78 കോടിയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമായിരുന്നു. ഗ്രാമപ്പഞ്ചായത്തുകള്‍ 1.13 കോടിയും ബ്ലോക്ക് പഞ്ചായത്ത് 1.17 കോടിയും ജില്ലാ പഞ്ചായത്ത് 1.47 കോടിയുമാണ് അനുവദിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ജനകീയാസൂത്രണ പദ്ധതിക്ക് രൂപം നല്‍കുമ്പാള്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസറും ക്ഷീര സഹകരണ സംഘങ്ങളും ഫലപ്രദമായി ഇടപെടുകയും പ്രോജക്ടുകള്‍ തയ്യാറാക്കി സ്ഥാപനങ്ങളുടെ ഭരണ സമിതി മുമ്പാകെ എത്തിക്കുകയും ചെയ്യുന്നതിനാലാണ് കൊടുവള്ളിയില്‍ ക്ഷീര പദ്ധതികള്‍ക്ക് ഇത്രയേറെ സഹായം ലഭിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ സഹകരണ മേഖലക്ക് മാറ്റിവെക്കുന്ന തുക സമയ പരിധിക്കകം വിനിയോഗിക്കുന്നതിനാല്‍ തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ പണം ലഭിക്കുന്നു. മാത്രമല്ല, മറ്റു പല ഉല്‍പ്പാദന മേഖലകളിലും ചെലവഴിച്ച തുക ലക്ഷ്യം കാണാതെ പോവുമ്പോള്‍ ക്ഷീരമേഖലയില്‍ അത് ഫലം കണ്ടത് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ സംഘങ്ങള്‍ക്ക് കഴിയുന്നു.
ആധുനിക സൗകര്യങ്ങള്‍
ബ്ലോക്കിലെ 31 സംഘങ്ങളില്‍ 13 എണ്ണത്തില്‍ മില്‍ക്ക് കൂളര്‍ സൗകര്യമുള്ളതിനാല്‍ പാല്‍ കേടാവാതെ സൂക്ഷിക്കാന്‍ കഴിയുന്നു. ആധുനിക വല്‍ക്കരണത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ അഞ്ച് സംഘങ്ങള്‍ക്ക് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗുണമേന്മയില്ലാത്ത പാല്‍ മലയോര ഗ്രാമങ്ങളില്‍പ്പോലും വ്യാപകമായപ്പോള്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പാല്‍ പാക്ക് ചെയ്ത് വിപണിയിലെത്തിച്ച് ഉപഭോക്താക്കളുടെ അംഗീകാരം വാങ്ങാന്‍ കൊടുവള്ളി ബ്ലോക്കിലെ പല ക്ഷീര സംഘങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദനത്തിലെന്നപോലെ ആധുനികവല്‍ക്കരണത്തിലും പദ്ധതികള്‍ നടപ്പാക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന കുപ്പായക്കോട്, മൈക്കാവ്, ആനക്കാംപൊയില്‍, അടിവാരം, കക്കാടംപൊയില്‍, കോടഞ്ചേരി ,കണ്ണോത്ത്, നെല്ലിപ്പൊയില്‍, തിരുവമ്പാടി, ഓമശ്ശേരി തുടങ്ങിയ സംഘങ്ങള്‍ ക്ഷീരമേഖലയില്‍ മാതൃകാ സ്ഥാപനങ്ങളാണ്. വൈദ്യുതി ഉല്‍പാദന രംഗത്ത് പോലും ശ്രദ്ധേയമായ ചുവടുവെയ്ക്കാന്‍ മൈക്കാവ് സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. പാല്‍ സംഭരിക്കാന്‍ പ്രയാസമുള്ള പ്രദേശങ്ങളില്‍ ആവശ്യാധിഷ്ഠിത പദ്ധതി പ്രകാരം വാഹനം നല്‍കിയിട്ടുണ്ട്. ഒമ്പത് ക്ഷീര സംഘങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 31 സംഘങ്ങളില്‍ 28 സംഘങ്ങളിലെ ജീവനക്കാര്‍ക്കും നിയമന അംഗീകാരം ലഭിച്ചിട്ടുണ്ട്.
പാലിന്റെ ഗുണമേന്മ അടിസ്ഥാനമാക്കി കര്‍ഷകര്‍ക്ക് നല്‍കുന്ന പ്രോല്‍സാഹനം നല്ല ഫലമുണ്ടാക്കിയിട്ടുണ്ട്. മില്‍മ മറ്റു ഉല്‍പ്പന്നങ്ങള്‍ക്കായി അധികം ഉപയോഗിക്കുന്നത് ഇത്തരം പാലാണ്. വൃത്തിയുള്ള തൊഴുത്ത്, വൃത്തിയുള്ള പാല്‍ എന്ന സന്ദേശം കര്‍ഷകരിലെത്തിക്കാന്‍ 35 ബോധവത്ക്കരണ പരിപാടികളാണ് കൊടുവള്ളി ബ്ലോക്കിനു കീഴില്‍ അടുത്ത കാലത്ത് സംഘടിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഇരുനൂറിലധികം തൊഴുത്തുകള്‍ പുതുക്കിപ്പണിതു. കാലികള്‍ക്ക് ചികിത്സയും മരുന്നും ആവശ്യസമയത്ത് കിട്ടാന്‍ മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നുണ്ട്.
പുല്‍ക്കൃഷിക്ക് പ്രോത്സാഹനം
പച്ചപ്പുല്ല് സമുദ്ധമായി ലഭിച്ചിരുന്ന മലയോര മേഖലയില്‍ വാണിജ്യ വിളകള്‍ക്ക് പ്രാധാന്യം ലഭിച്ചതോടെ കാലികള്‍ക്ക് പുല്ല് കിട്ടാതായി. നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമാവുകയും നെല്‍ക്കൃഷി നാടുനീങ്ങുകയും ചെയ്തതോടെ വൈക്കോലിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. തീറ്റപ്പുല്ലിന്റെ ക്ഷാമം ക്ഷീരമേഖലക്ക് കനത്ത തിരിച്ചടിയായപ്പോഴാണ് പുല്‍ക്കൃഷി പ്രോത്സാഹന പദ്ധതിയുമായി ക്ഷീര വികസന വകുപ്പ് രംഗത്തിറങ്ങിയത്. തീറ്റപ്പുല്‍ കൃഷിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും സബ്‌സിഡി നല്‍കുന്നുണ്ട്. തീറ്റപ്പുല്‍ കൃഷിയില്‍ സംസ്ഥാനത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന ബ്ലോക്കാണ ്‌കൊടുവള്ളി. പുതുപ്പാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനി വിളയായി പുല്‍ക്കൃഷി നടത്തുന്ന സ്ഥലങ്ങളുണ്ട്. 21 ഹെക്ടറില്‍ പുല്‍ക്കൃഷി എന്ന വാര്‍ഷിക ലക്ഷ്യം നേരത്തേ തന്നെ കൈവരിച്ചു കഴിഞ്ഞു. സി.ഒ.3, സി.ഒ.5 തുടങ്ങിയ ഇനം തീറ്റപ്പുല്ലിന്റെ തണ്ടുകള്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് കൃത്യ സമയത്ത് എത്തിക്കാക്കാന്‍ ക്ഷീര വികസന ഓഫീസര്‍ മുന്നിട്ടിറങ്ങുന്നു.
ക്ഷേമപദ്ധതികളിലും മുന്നില്‍
സഹകരണ ക്ഷീര സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. ക്ഷീര സാന്ത്വനസമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 900 കര്‍ഷകരെ അംഗങ്ങളാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കാലികള്‍ക്കും ഇന്‍ഷൂറന്‍സ് സംരക്ഷണം കിട്ടുന്ന പദ്ധതിയില്‍ ഒരു ലക്ഷം രൂപ വരെ മെഡിക്ലെയിമുമുണ്ട്. ക്ഷീര കര്‍ഷക ക്ഷേമ നിധി അംഗത്വവും കൂടുതലുണ്ട് കൊടുവള്ളിയില്‍. പ്രതിവര്‍ഷം 500 ലിറ്റര്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് 100 രൂപ അടച്ചാല്‍ ക്ഷേമനിധി അംഗത്വം ലഭിക്കും. 60 വയസ്സായാല്‍ 1200 രൂപ പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ചികില്‍സക്കും അപകട മരണത്തിനും സഹായം എന്നിവ നല്‍കുന്നുണ്ട്. കോവിഡ്കാലം ക്ഷീരമേഖലക്ക് തിരിച്ചടിയായതോടെ ആശ്വാസ നടപടികളുമായി ക്ഷീര വികസന വകുപ്പ് രംഗത്തുണ്ട്. നിരീക്ഷണത്തിലുള്ള കര്‍ഷകര്‍ക്ക് 2000 രൂപയും പോസിറ്റീവ് ആയ കര്‍ഷകര്‍ക്ക് 5000 രൂപയും നല്‍കുന്നുണ്ട്. കൈതപ്പൊയിലിലെ 82 കര്‍ഷകരില്‍ 78 പേര്‍ക്ക് 2000 രൂപ വീതം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ മികച്ച ക്ഷീര വികസന ഓഫീസിനുള്ള അവാര്‍ഡ് ലഭിച്ചെങ്കിലും വേണ്ടത്ര ജീവനക്കാരില്ലാത്തതു മൂലം ബുദ്ധിമുട്ടുകയാണ് താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസ്. ക്ഷീര വികസന ഓഫീസര്‍ക്ക് പുറമെ ഒരു ഡെയറി ഫാം ഇന്‍സ്ട്രക്ടറും ഓഫീസ ്അറ്റന്‍ഡന്റുമാണുള്ളത് . ബ്ലോക്കിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താന്‍ 50 കിലോമീറ്റര്‍ വരെ യാത്ര ചെയ്യണം. ആനക്കാംപൊയില്‍, കക്കാടം പൊയില്‍ പോലുള്ള മലമ്പ്രദേശങ്ങളാണ് കൂടുതല്‍. ഇവിടെ ഫീല്‍ഡ് ജോലികള്‍ക്ക് പോവുക എന്നത് സാഹസം തന്നെയാണ്.
നേതൃത്വം നാട്ടുകാരിയുടേത്
ക്ഷീര സംഘങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കി കൊടുവള്ളിയിലെ ക്ഷീര വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസറായ റജിമോള്‍ ജോര്‍ജ്. ക്ഷീര കര്‍ഷകനായ കോടഞ്ചേരി പനന്തോട്ടത്തില്‍ ജോര്‍ജിന്റെ മകളും ഊന്നുകല്ലേല്‍ തോമസ് ചെറിയാന്റെ ഭാര്യയുമായ റജിമോള്‍ മൈലള്ളാംപാറ സ്‌കൂളില്‍ അധ്യാപികയായിരുന്നു. 2003 ല്‍ പി.എസ്.സി. വഴി ഡെയറി ഇന്‍സ്ട്രക്ടറായി ക്ഷീര വികസന വകുപ്പില്‍ കൊടുവള്ളിയില്‍ ജോലിയില്‍ പ്രവേശിച്ചു. കുറച്ചു കാലം ബാലുശ്ശേരിയിലും ജോലി ചെയ്തു.
ക്ഷീര വികസന വകുപ്പിന്റെ ഏഴ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള മികച്ച ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ക്കുള്ള 2011 – 12 വര്‍ഷത്തെ അവാര്‍ഡ് റജിമോള്‍ക്കായിരുന്നു. 2018 ലാണ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി പ്രമോഷന്‍ ലഭിച്ചത്. കുടുംബ പശ്ചാത്തലവും ബ്ലോക്കിന്റെ പരിധിയില്‍ താമസക്കാരിയായതും ദീര്‍ഘകാലം കൊടുവള്ളി ഓഫീസില്‍ ജോലി ചെയ്തതുമാണ് റജിമോളുടെ സംഘാടക മികവിന്റെ അനുകൂല ഘടകങ്ങള്‍. ബ്ലോക്ക് പരിധിയിലെ ക്ഷീരകര്‍ഷകരില്‍ ഭൂരിപക്ഷം പേരെയും അടുത്തറിയുന്ന റജിമോള്‍ അവര്‍ക്ക് എല്ലാ കാര്യങ്ങളിലും സഹായിയായി പ്രവര്‍ത്തിക്കുന്നു. ക്ഷീര സംഘങ്ങള്‍ നടത്തുന്ന യോഗങ്ങളില്‍ കൃത്യമായി പങ്കെടുത്ത് കര്‍ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ക്ഷീര സംഘം ജീവനക്കാര്‍ക്കും ഭാരവാഹികള്‍ക്കും കര്‍ഷകര്‍ക്കും കയറിച്ചെല്ലാനും പ്രശ്‌നങ്ങള്‍ പറയാനുമുള്ള ഓഫീസായി ക്ഷീര വികസന ഓഫീസ് മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ആദ്യം നടപ്പാക്കിത്തുടങ്ങുന്നത് കൊടുവള്ളിയിലാണ്. കൊടുവള്ളിക്ക് ലഭിക്കുന്ന ഫണ്ട് ലാപ്‌സാക്കില്ലെന്നു മാത്രമല്ല മറ്റ് ഏതെങ്കിലും ഓഫീസിലോ ജില്ലയിലോ ഫണ്ട് ബാക്കിയുണ്ടെങ്കില്‍ അതേറ്റെടുത്ത് പദ്ധതി നടപ്പാക്കി കര്‍ഷകരിലെത്തിക്കാനും റജിമോള്‍ മുന്നിലുണ്ടാവുമെന്ന് ക്ഷീര സംഘം സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
[mbzshare]