ഹോസ്റ്റല്‍ രംഗത്ത് ചുവടുറപ്പിച്ച് കോഴിക്കോട് ടൗണ്‍ വനിതാ സംഘം

moonamvazhi
അഞ്ജു വി.ആര്‍

 

കോഴിക്കോട് നഗരത്തില്‍ നൂറു പേര്‍ക്കു താമസിക്കാവുന്ന ഹോസ്റ്റല്‍ ആരംഭിച്ച് വിജയക്കൊടി പാറിച്ചിരിക്കുകയാണ് കോഴിക്കോട് ടൗണ്‍ വനിതാ സഹകരണ സംഘം.

ഹകരണ രംഗത്തേക്കു കടക്കുന്ന വനിതകള്‍ ബഹുഭൂരിഭാഗവും ക്രെഡിറ്റ് മേഖലയിലാണ് ചുവടുറപ്പിക്കാറ്. മറ്റ് പ്രവര്‍ത്തന മേഖലകളെക്കുറിച്ച് അവര്‍ അധികം ഓര്‍ക്കാറില്ല, അന്വേഷിക്കാറുമില്ല. ഒരുപക്ഷേ, റിസ്‌ക് ഏറ്റെടുക്കാനുള്ള വൈമുഖ്യമാവണം താരതമ്യേന എളുപ്പമായ ക്രെഡിറ്റ് മേഖല തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, അധികമാരും താല്‍പ്പര്യപ്പെടാത്ത വ്യത്യസ്തമായൊരു പ്രവര്‍ത്തന മേഖലയിലേക്കു പ്രവേശിക്കാന്‍ ധൈര്യം കാണിച്ച ഒരു വനിതാ സംഘത്തിന്റെ കഥ കേള്‍ക്കാം കോഴിക്കോട്ടുനിന്ന്. വനിതകള്‍ക്ക് എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒരു സഹകരണ സംഘം. അതാണ്് കോഴിക്കോട് ടൗണ്‍ വനിതാ സഹകരണ സംഘം. പതിവുപോലെ, ക്രെഡിറ്റ് മേഖലയിലായിരുന്നു ഇവരുടെയും തുടക്കം. ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പിലൂടെയാണ് ഇവര്‍ ഇപ്പോള്‍ സഹകരണ രംഗത്ത് ശ്രദ്ധേയരായിരിക്കുന്നത്.

2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സംഘത്തിന്റെ നേതൃത്വത്തില്‍ 2011 ലാണ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിച്ചത്. സംഘത്തിലെ ആര്‍ക്കും ഹോസ്റ്റല്‍ നടത്തി പരിചയമുണ്ടായിരുന്നില്ല. എങ്കിലും, എന്തോ ഒരു ധൈര്യത്തില്‍ സംരംഭം തുടങ്ങി. ഒമ്പതു വര്‍ഷമായി അത് വിജയകരമായി മുന്നോട്ടു പോകുന്നു.

സാധാരണക്കാരായ വീട്ടമ്മമാരാണ് ആദ്യം സംഘത്തിലേക്ക് കടന്നുവന്നത്. സീതാലക്ഷ്മിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 2004 നവംബര്‍ 16ന് രജിസ്ട്രഷന്‍ ലഭിച്ചു. ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന് 43 എ ക്ലാസ് മെബര്‍ഷിപ്പ് മാത്രമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് എ ക്ലാസ് മെമ്പര്‍മാരുടെ എണ്ണം നാനൂറാണ്. സീതാലക്ഷ്മി രണ്ടു വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അതിനു ശേഷം നിര്‍മല കെ. നായര്‍ ആ സ്ഥാനം ഏറ്റെടുത്തു. 2010 വരെ അവര്‍ പ്രസിഡന്റ്സ്ഥാനം വഹിച്ചു. പിന്നീട് സംഘത്തിന്റെ നേതൃപദവിയേറ്റത് രത്‌നകുമാരി പി.വി. യാണ്. അവര്‍ ഈ സ്ഥാനം തുടര്‍ന്നു പോരുന്നു.

തുടക്കം മുതല്‍ 2016 വരെ കാളൂരിലെ വാടകക്കെട്ടിടത്തിലാണ് ടൗണ്‍ വനിതാ സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 65 ലക്ഷം രൂപ മുതല്‍ മുടക്കി ആഴ്ചവട്ടത്ത് പണിത സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി.

വിപ്ലവകാരിയുടെ ഓര്‍മയില്‍ ഒരു ഹോസ്റ്റല്‍

2011 ല്‍ ക്യാപ്റ്റന്‍ ലക്ഷ്മി മെമ്മോറിയല്‍ വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിച്ചു. സ്വാതന്ത്ര്യ സമര നായികയായിരുന്ന, പട്ടാമ്പി ആനക്കര വടക്കത്ത് കുടുംബാംഗം ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിന്റെ ഓര്‍മയ്ക്കായാണ് ഹോസ്റ്റലിന് ഈ പേരിട്ടത്. ഹോസ്റ്റല്‍ തുടങ്ങുന്നതിനുള്ള ആശയവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത് പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണനാണെന്ന് സംഘം പ്രസിഡന്റ് രത്‌നകുമാരി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും കോഴിക്കോട് നഗരത്തില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ക്കും വിവിധ കോഴ്‌സുകള്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷിതമായ താമസസ്ഥലം ഒരുക്കുകയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി മെമ്മോറിയല്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലൂടെ സംഘം ലക്ഷ്യമിട്ടത്.

കോഴിക്കോട് ടൗണ്‍ വനിതാസംഘം ഭരണസമിതിയംഗങ്ങള്‍. ഇടത്തുനിന്ന് ഒന്നാമത് സെക്രട്ടറി നീന പി., നാലാമത് പ്രസിഡന്റ് രത്‌നകുമാരി പി.വി.

കോഴിക്കോട് ചാലപ്പുറത്ത് ഒരു വീട് വാടകക്കെടുത്താണ് ഹോസ്റ്റല്‍ ആരംഭിച്ചത്. തുടക്കത്തില്‍ നാല്‍പ്പതു പേര്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ആദ്യത്തെ രണ്ട് മാസം ഒരു പെണ്‍കുട്ടി മാത്രമാണ് ഹോസ്റ്റലില്‍ അന്തേവാസിയായി ഉണ്ടായിരുന്നത്. പരീക്ഷണം പൊളിയുമോ എന്നുപോലും സംശയിച്ചിരുന്ന നാളുകള്‍. സംഘം സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന അവസ്ഥ. എന്നാല്‍, എല്ലാ ആശങ്കകളും തുടച്ചുനീക്കിക്കൊണ്ട് മൂന്നാം മാസം തൊട്ട് വനിതകള്‍ ഹോസ്റ്റലില്‍ എത്തിത്തുടങ്ങി. ആദ്യകാലത്ത് വെള്ളത്തിന്റെയും വൈദ്യുതിയുടെയുമൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഘം ഭരണസമിതി അതൊക്കെ ഒത്തൊരുമയോടെ നേരിട്ടു. പിന്നീട് ഹോസ്റ്റല്‍ പ്രവര്‍ത്തനം സാധാരണ നിലയിലായി. കൂടുതല്‍ കുട്ടികള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ ഹോസ്റ്റലിലെ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. തുടര്‍ന്ന് , 2016 ല്‍ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ കെട്ടിടത്തിലേക്ക് മാറി. ഡയാലിസിസ് സെന്ററിന്റെ മൂന്നും നാലും നിലകളിലാണ് ഹോസ്റ്റല്‍. അഞ്ചാം നിലയില്‍ കാന്റീനും പ്രവര്‍ത്തിക്കുന്നു. നൂറോളം കുട്ടികള്‍ ഇന്നിവിടെ താമസിക്കുന്നുണ്ട്. 18 മുറികളും രണ്ട് ഡോര്‍മിറ്ററികളുമുണ്ട്. റെയില്‍വേ സ്റ്റേഷന്‍ തൊട്ടടുത്താണ് എന്നത് ഹോസ്റ്റലിന്റെ പ്രാധാന്യം കൂട്ടുന്നു. അഞ്ച് വനിതകള്‍ക്ക് ഹോസ്റ്റലില്‍ സ്ഥിരം ജോലി കൊടുക്കാന്‍ വനിതാ സഹകരണ സംഘത്തിന് കഴിയുന്നു.

നീന പി.യാണ് സംഘം സെക്രട്ടറി. മറ്റ് ഭരണ സമിതിയംഗങ്ങള്‍ : ഉഷ ഗോപിനാഥ്, നിഷാര, തസ്‌ലീന അഷ്‌റഫ്, അജയപ്രഭ, അരുണാ രാമന്‍, ദിവ്യ, ബീനാ ഗിരീഷ്.

Leave a Reply

Your email address will not be published.

Latest News