വാംനികോമില്‍ ബിബിഎ-സിബിഎഫ് കോഴ്‌സ്
ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലയോട് അഫിലിയേറ്റുചെയ്‌ത ആദ്യസ്ഥാപനമായ പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (വാംനികോം) പുതുതായി തുടങ്ങുന്ന സഹകരണബാങ്കിങ്ങിലും ഫിനാന്‍സിലുമുള്ള ബിബിഎ കോഴ്‌സില്‍ (ബിബിഎ-സിബിഎഫ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷകോഴ്‌സാണ്. 2025-29ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പൂര്‍ണസമയ റെസിഡന്‍ഷ്യല്‍ കോഴ്‌സാണ്. സഹകരണസാമ്പത്തികരംഗത്തു യുവപ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കാനുള്ള കോഴ്‌സാണിതെന്നു വാംനികോം അറിയിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്‌റ്റലുകള്‍, 24മണിക്കൂറും വൈഫൈ ഇന്റര്‍നെറ്റ്‌് സൗകര്യം, ഹോസ്‌റ്റലുകളില്‍ ലോണ്‍ട്രി സൗകര്യം, മികച്ച ഭക്ഷണം, ജിംനേഷ്യം അടക്കം ഇന്‍ഡോര്‍-ഔട്‌ഡോര്‍ കായികപരിശീലനസൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. 50%മാര്‍ക്കോടെ പ്ലസ്‌ടുവോ (ഹയര്‍സെക്കണ്ടറി) തുല്യയോഗ്യതയോ (സിബിസ്‌ഇ, ഐസിഎസ്‌ഇ, സംസ്ഥാനബോര്‍ഡ്, എന്‍ഐഒഎസ്,മറ്റ്‌അംഗീകൃതസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു നേടിയത്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 45%മാര്‍ക്കു മതി. മറ്റുപിന്നാക്കസമുദായക്കാര്‍ക്കും (ക്രീമീലെയറില്‍ പെടാത്തവര്‍) പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുംകാശ്‌മീരി കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കും കാശ്‌മീരി പണ്ഡിറ്റുകള്‍ക്കും കാശ്‌മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന കുടിയേറ്റക്കാരല്ലാത്ത കാശ്‌മീരി ഹിന്ദുകുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കും സംവരണമുണ്ട്.ദേശീയതലപ്രവേശനപരീക്ഷാസ്‌കോര്‍ നേടിയിരിക്കണം. ഇതു 2025ല്‍ ദേശീയടെസ്‌റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ കേന്ദ്രസര്‍വകലാശാലാപ്രവേശനപരീക്ഷയോ (സിയുഇടി) , അഖിലേന്ത്യാമാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) നടത്തിയ അണ്ടര്‍ഗ്രാജുവേറ്റ് ആപ്‌റ്റിറ്റിയൂട്‌് ടെസ്റ്റോ (യുജിഎടി) ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തിയ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്‌റ്റിറ്റിയൂട് ടെസ്റ്റോ (ഐപിഎംഎടി) ആകാം.വാംനികോമിന്റെ വെബ്‌സൈറ്റിലൂടെ (www.vamnicom.gov.in) യാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 200 രൂപ. ഓഗസ്റ്റ് 26നകം അപേക്ഷിക്കണം.