ലോക സഹകരണ സമ്മേളനത്തിനു ഡല്‍ഹിയില്‍ തുടക്കം

Moonamvazhi
  • സഹകരണം ഭാരതസംസ്‌കാരത്തിന്റെ അടിത്തറ: പ്രധാനമന്ത്രി
ലോകത്തിനു മാതൃകയായ സഹകരണപ്രസ്ഥാനം ഭാരതത്തെ സംബന്ധിച്ചിടത്തോളം സംസ്‌കാരത്തിന്റെ അടിത്തറയും ജീവിതരീതിയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐ.സി.എ) ആഗോളസഹകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ വേദങ്ങളില്‍ പറയുന്നത് ഒരുമിച്ചു നടക്കാമെന്നും സമന്വയത്തെപ്പറ്റി സംസാരിക്കാമെന്നുമാണ്. സംഘം അഥവാ ഐക്യം എന്നതും സഹ അഥവാ സഹകരണം എന്നതും ഇന്ത്യന്‍ ജീവിതശൈലിയുടെ അടിത്തറയാണ്. സഹകരണപ്രസ്ഥാനത്തിന്റെ സത്ത ഇതിലാണു കുടികൊള്ളുന്നത്. ഇന്ത്യന്‍ സംസ്‌കാരം വിടര്‍ന്നുവിലസുന്നതു സഹകരണത്തിന്റെ ചൈതന്യത്തിലാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തിനു പ്രചോദനമായതും സഹകരണപ്രസ്ഥാനമാണ്. അതു നമ്മുടെ സാമ്പത്തികശാക്തീകരണത്തിനുമാത്രമല്ല, സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടായ്മയുടെ വേദിയാകുന്നതിനും പ്രയോജനപ്പെട്ടിട്ടുണ്ട്. മഹാത്മഗാന്ധിയുടെ ഗ്രാമസ്വരാജ് സങ്കല്‍പം സാമൂഹികപങ്കാളിത്തത്തിന്റെ പുതിയഊര്‍ജം പ്രദാനം ചെയ്തു. ഖാദി-ഗ്രാമവ്യവസായമേഖലകളില്‍ ഗാന്ധിജി പുതിയൊരു പ്രസ്ഥാനം തുറന്നു. സഹകരണപ്രസ്ഥാനത്തിന്റെ പിന്‍ബലത്തോടെയുള്ള ഖാദി-ഗ്രാമവ്യവസായങ്ങള്‍ ഇന്ന് ഏറ്റവും വലിയ പല ബ്രാന്റുകളെപ്പോലും പിന്തള്ളിയിരിക്കുന്നു.
സര്‍ദാര്‍ പട്ടേല്‍ കര്‍ഷകരെ സംഘടിപ്പിക്കുകയും ക്ഷീരസഹകരണസംഘങ്ങളിലൂടെ സ്വാതന്ത്ര്യസമരത്തിനു പുതിയ ദിശാബോധം നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ പിറന്ന അമുല്‍ ഇന്നു ലോകത്തെ ഏറ്റവുംവലിയ ഭക്ഷ്യബ്രാന്റുകളിലൊന്നാണ്. സഹകരണസംരംഭങ്ങള്‍ ആശയങ്ങളില്‍നിന്നു പ്രസ്ഥാനങ്ങളിലേക്കും പ്രസ്ഥാനങ്ങളില്‍നിന്നു വിപ്ലവങ്ങളിലേക്കും വിപ്ലവങ്ങളില്‍നിന്നു ഭാരതത്തിന്റെ ശാക്തീകരണത്തിലേക്കും സഞ്ചരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ 2025നെ അന്താരാഷ്ട്രസഹകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സഹകരണപ്രസ്ഥാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുന്ന തപാല്‍സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി.
കേന്ദ്രസഹകരണമന്ത്രി അമിത്ഷാ സമ്മേളനത്തില്‍ ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിന്റെ നേട്ടങ്ങളും മോദിസര്‍ക്കാര്‍ സഹകരണരംഗത്തു നടപ്പാക്കിയ പുതിയ പദ്ധതികളും വിശദീകരിച്ചു. ഭൂട്ടാന്‍ പ്രധാനമന്ത്രി ഡാഷോ ടിഷെറിങ് ടോബ്ഗായ്, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ റസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്, അന്താരാഷ്ട്രസഹകരണസഖ്യം പ്രസിഡന്റ് ഏരിയല്‍ ഗുവാര്‍കോ, എന്‍.സി.യു.ഐ. പ്രസിഡന്റ് ദിലീപ് സിംഘാനി, ഐ.സി.എ.എ.പി. പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍സിങ് യാദവ്, ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. യു.എസ്. അവാസ്തി, എന്‍.സി.സി.എഫ്. ചെയര്‍മാന്‍ വിശാല്‍സിങ്, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുംനിന്നു പ്രതിനിധികളും സംബന്ധിക്കുന്നു. ഐ.സി.എ.യുടെ 130വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെ ആഗോളസമ്മേളനം ഇന്ത്യയില്‍ ചേരുന്നത്. ഐ.സി.എ.യും കേന്ദ്രസര്‍ക്കാരും ഇഫ്‌കോ, അമുല്‍, ക്രിബ്‌കോ തുടങ്ങിയ പ്രമുഖസഹകരണസ്ഥാപനങ്ങളും ചേര്‍ന്നാണു നവംബര്‍ 30വരെ നടക്കുന്ന സമ്മേളനത്തിന് ആതിഥ്യം അരുളുന്നത്. ‘സഹകരണത്തിലൂടെ സര്‍വര്‍ക്കും സമൃദ്ധി’- എന്നതാണു സമ്മേളനവിഷയം.

Moonamvazhi

Authorize Writer

Moonamvazhi has 38 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News