കേരളബാങ്ക് പലിശനിരക്കുമാറ്റം പിന്‍വലിക്കണം:സെക്രട്ടറീസ് സെന്റര്‍

Moonamvazhi

കേരളബാങ്ക് നിക്ഷേപവായ്പാപലിശനിരക്കില്‍ വരുത്തിയ വ്യതിയാനം പിന്‍വലിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നു കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും മുഖ്യമന്ത്രിയോടും സഹകരണമന്ത്രിയോടും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രാഥമികസംഘങ്ങളുടെ നിക്ഷേപവും വായ്പയും കൈവശപ്പെടുത്താനാണു വ്യതിയാനമെന്ന് നിവേദനത്തില്‍ കുറ്റപ്പെടുത്തി. പ്രാഥമികസംഘങ്ങളുടെ നിക്ഷേപം സ്വീകരിക്കാനും അവയ്ക്കു വായ്പ കൊടുക്കാനും അവയെ സംരക്ഷിക്കാനും രൂപവത്കരിച്ച കേരളബാങ്കിന്റെ നടപടി സഹകരണതത്വങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ്.

ജില്ലാബാങ്കുകള്‍ ഉണ്ടായിരുന്നപ്പോഴും അവ കേരളബാങ്കില്‍ ലയിച്ചപ്പോഴും സംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതലുണ്ടായിരുന്നു. സര്‍ക്കാര്‍തലത്തിലാണു പലിശ നിശ്ചയിച്ചിരുന്നതും. ഈ കീഴ്‌വഴക്കവും മാനദണ്ഡവും അട്ടിമറിച്ചിരിക്കുന്നു. ആര്‍.ബി.ഐ. നിയന്ത്രണത്തിലുള്ള കേരളബാങ്ക് പ്രാഥമികസംഘങ്ങളുടെതിനു സമാനമായി ഉയര്‍ന്നതും ആകര്‍ഷണീയവുമായ നിരക്കിലും നിക്ഷേപഗ്യാരണ്ടി കോര്‍പറേഷന്റെ പരിരക്ഷാവാഗ്ദാനത്തോടെയും ജനങ്ങളില്‍നിന്നു നിക്ഷേപം ആകര്‍ഷിച്ചാല്‍ സംഘങ്ങളിലേക്കു വന്നിരുന്ന നിക്ഷേപം അവിടേക്ക് ഒഴുകും. മുന്‍കാലപ്രാബല്യത്തോടെ വാണിജ്യ-പൊതുമേഖലാബാങ്കുകളുടെ നിക്ഷേപപ്പലിശനിരക്കിനെക്കാള്‍ കൂടുതല്‍ നല്‍കുമെന്നാണു കേരളബാങ്കിന്റെ വാഗ്ദാനം.

ഭരണഘടനയിലെ 43(ബി) അനുച്ചേദം പ്രകാരം സഹകരണസംഘങ്ങള്‍ സ്വയംഭരണജനാധിപത്യസ്ഥാപനങ്ങലാണെങ്കിലും നയപരമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമില്ല. കേരളബാങ്കിലെ 80% നിക്ഷേപവും പ്രാഥമികസംഘങ്ങളുടെതാണ്. അവയുടെ റിസര്‍വ് ഫണ്ടും കേരളബാങ്കിലാണ്. മറ്റു ബാങ്കിലോ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാന്‍ അനുമതിയുമില്ല. അവയുടെ ഓഹരിപിന്‍വലിക്കല്‍ മരവിപ്പിക്കാന്‍ കേരളബാങ്ക് നടത്തിയ നിയമാവലി ഭേദഗതിനീക്കം പൊതുയോഗം തള്ളിയതുകൊണ്ടുമാത്രമാണു നടക്കാതിരുന്നത്. സഹകരണസംഘങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന തത്വം ലംഘിക്കുന്നതും പ്രാഥമികസംഘങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്നതുമായ ദ്രോഹം കേരളബാങ്ക് തുടര്‍ന്നാല്‍ അതിലെ നിക്ഷേപം പിന്‍വലിക്കാന്‍സംഘങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന് ഇരുവരും മുന്നറിയിപ്പു നല്‍കി.

Moonamvazhi

Authorize Writer

Moonamvazhi has 38 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News