പ്രമുഖ സഹകരണവിദ്യാഭ്യാസസ്ഥാപനമായ വൈകുണ്ഠമേത്ത ദേശീയസഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (വാംനികോം) ആഭിമുഖ്യത്തിലുള്ള സ്റ്റാര്‍ട്ടപ്പായ മെറ്റാറേവ് സിസ്റ്റംസ് നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് അനാലിസിസ് (ബിഎസ്എ) പ്ലാറ്റ്ഫോം വികസിപ്പിച്ചു. സഹകരണബാങ്കുകള്‍ക്ക് ക്ലൗഡ്അധിഷ്ഠിതമായി കാര്യങ്ങള്‍ വിശകലനം ചെയ്ത് വായ്പാവിലയിരുത്തലുകള് മെച്ചപ്പെടുത്താനും നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ജീവനക്കാരുടെ സമയം ലാഭിക്കാനും ഇതുകൊണ്ടു കഴിയുമെന്നാണു വിലയിരുത്തല്‍. പ്രധാനമായും സഹകരണസ്ഥാപനങ്ങളുടെ പ്രത്യേകതകള്ക്കിണങ്ങുംവിധമാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്.

വാംനികോം ഇന്ക്യുബേഷന്കേന്ദ്രത്തിലാണിതു തയ്യാറാക്കിയത്. 2023 ജൂലൈയില്‍ സ്ഥാപിച്ചതാണു കേന്ദ്രം. എഐയുടെയും നിര്‍മിതബുദ്ധിയുടെയും സഹായത്തോടെ വായ്പക്കാരുടെ വിവരങ്ങള്‍ വിശലനം ചെയ്യാനും, ക്രമക്കേടിനു സാധ്യതയുണ്ടോ എന്നറിയാനും, വായ്പക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കാനും ബിഎസ്എ പ്ലാറ്റ്ഫോംകൊണ്ടു കഴിയും. ബാങ്കില്‍ കണക്കിലെടുക്കാതെ പോകാറുള്ള ഔദ്യോഗികമല്ലാത്ത വരുമാനരീതികള്‍ നന്നായി മനസ്സിലാക്കാന്‍ ഇതില്‍ സംവിധാനമുണ്ടെന്നും മെറ്റാറേവ് സിസ്റ്റംസ് അവകാശപ്പെടുന്നു. സാമ്പത്തികപങ്കാളിത്തം വര്‍ധിപ്പിക്കാനും സഹായിക്കും.
അടുത്തിടെ മുംബൈയില്‍ നടന്ന സഹകരണബാങ്കിങ് ഉച്ചകോടിയില്‍ ബിഎസ്എ പ്ലാറ്റ്ഫോം വിപണിയിലിറക്കി. ഡോ. മഹേഷ് കാഡം ആണ് വാംനികോം ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. മെറ്റാറേവ് പോലെ നാല്പതില്പരം സ്റ്റാര്‍ട്ടപ്പുകള്‍ വാംനികോമിന്റെ ഇന്ക്യുബേഷന്കേന്ദ്രത്തിലുണ്ട്. സഹകരണസ്റ്റാര്ട്ടപ്പ് രജിസ്ട്രി, സഹകരണമേഖലക്കായി നൂതനസംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ലാബുകള്‍, കെനിയയിലെയും ജപ്പാനിലെയും ജര്മനിയിലെയുമൊക്കെ സഹകരണസ്ഥാപനങ്ങളുമായുള്ള കൂട്ടുകെട്ടുകള്‍ എന്നിവയ്ക്കു പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ബിഎസ്എ പ്ലാറ്റ്ഫോമിനു പുറമെ ക്രെഡിറ്റ്ഒഎസ്, മെറ്റ അനലൈസര്‍, മെറ്റാ ഒറിജിനേഷന്‍, മെറ്റാ അഗ്രിഗേറ്റര്‍ എന്നിവയും മെറ്റാറേവ് സിസ്റ്റംസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സഹകരണസ്ഥാപനങ്ങള്‍ക്ക് സഹായകമായ വിധത്തിലുള്ള സംവിധാനങ്ങളാണ് ഇവയെന്ന് സ്ഥാപനം വ്യക്തമാക്കി. അജിത് ഭാലെ ആണു മെറ്റാറേവ് സിസ്റ്റംസ് ബോര്‍ഡിന്റെ ചെയര്മാന്. യോഗേഷ് ദേശ്പാണ്ഡെയാണു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. അര്ബന്സഹകരണബാങ്കുകളുടെയ ദേശീയഫെഡറേഷനായ ദേശീയഅര്ബന്സഹകരണധനകാര്യ-വികസനഫെഡറേഷനുമായും (എന്‍യുസിഎഫ്ഡിസി) മെറ്റാറേവിനു ബന്ധമുണ്ട്.