ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാലയ്‌ക്കു ശിലാസ്ഥാപനം
അന്താരാഷ്ട്രസഹകരണദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ ആനന്ദില്‍ ത്രിഭുവന്‍ ദേശീയസഹകരണസര്‍വകലാശാലാമന്ദിരത്തിനു ശനിയാഴ്‌ച കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി ശിലാസ്ഥാപനം നടത്തി. ദേശീയസഹകരണകയറ്റുമതിസംഘവും ദേശീയസഹകരണജൈവസംഘവും പോലുള്ള സഹകരണസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസംഭരണശൃംഖല സജ്ജമാക്കാനും വേണ്ട യോഗ്യരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ലഭ്യമാക്കുന്ന സ്ഥാപനമായി സര്‍വകലാശാല മാറുമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണടാക്‌സി സംഘത്തിനു പിന്നാലെ സഹകരണമേഖലയില്‍ ഇന്‍ഷുറന്‍സ് സ്ഥാപനവും വരുമെന്ന് അദ്ദേഹം അറിയിച്ചു. സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ മാര്‍ഗനിര്‍ദേശത്തിന്‍കീഴില്‍ ത്രിഭുവന്‍ദാസ് പട്ടേല്‍ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ടും സ്വകാര്യഡയറികളോടു പോരാടിക്കൊണ്ടും നൂതനമായൊരു സഹകരണയത്‌നത്തിനു തുടക്കം കുറിച്ച മണ്ണിലാണു സര്‍വകലാശാല വരുന്നത്. സഹകരണസര്‍വകലാശാലയ്‌ക്കു നാമകരണംം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ നാമത്തോളം യോജിച്ച മറ്റൊരു നാമവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിലാസ്ഥാപനത്തോടൊപ്പം വൃക്ഷത്തൈ നടലും അദ്ദേഹം നിര്‍വഹിച്ചു. എന്‍സിഇആര്‍ടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പ്രത്യേകപാഠഭാഗം പ്രകാശനം ചെയ്യുകയും ചെയ്‌തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, കേന്ദ്രസഹകരണവകുപ്പുസഹമന്ത്രിമാരായ കൃഷ്‌ണപാല്‍ ഗുര്‍ജര്‍, മുരളീധര്‍ മോഹോല്‍, കേന്ദ്രസഹകരണമന്ത്രാലയ സെക്രട്ടറി ഡോ. ആഷിഷ്‌കുമാര്‍ ഭൂട്ടാനി തുടങ്ങിയവര്‍ സംബന്ധിച്ചു.