ഓണ്‍ലൈന്‍ ടാക്സിസംഘം രജിസ്റ്റര്‍ ചെയ്തു; 4 സംസ്ഥാനത്തു പ്രവര്‍ത്തനം
ഒലെയുടെയും ഊബറിന്റെയും മാതൃകയില്‍ ദേശീയാടിസ്ഥാനത്തില്‍ കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ മുന്‍കൈയില്‍ രൂപവല്‍കരിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ട ടാക്സിസഹകരണസംഘം ഉത്തരേന്ത്യയിലെ നാലുസംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായി രജിസ്റ്റര്‍ ചെയ്തു. ദേശവ്യാപകമാക്കാന് പദ്ധതിയുണ്ട്. സഹകാര്‍ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡ് എന്നാണു പേര്. ന്യൂഡല്‍ഹി ഹൗസ്ഖാസില്‍ സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയയിലുള്ള ദേശീയസഹകരണവികസനകോര്‍പറേഷന്റെ (എന്‍സിഡിസി) ഓഫീസ് ആണ് ആസ്ഥാനം. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണു പ്രവര്‍ത്തനപരിധി. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരമാണു രജിസ്ട്രേഷന്. എന്‍സിഡിസി പ്രൊമോട്ടു ചെയ്യുന്ന സംഘത്തില്‍ പ്രമുഖസഹകരണസ്ഥാപനങ്ങളുടെയും സഹകരണമേഖലയുമായി പ്രധാനമായും ബന്ധപ്പെട്ടു നില്ക്കുന്ന സ്ഥാപനങ്ങളുടെയും പിന്‍ബലമുണ്ട്. അമുല്‍, നാഫെഡ്, നബാര്‍ഡ്, ഇഫ്കോ, ക്രിബ്കോ, എന്‍ഡിഡിബി, ദേശീയസഹകരണകയറ്റുമതി ലിമിറ്റഡ് എന്നിവയാണിവ.
ഊബറും ഒലെയും പോലെ ആപ്പ് വഴി യായിരിക്കും പ്രവര്‍ത്തനം. ടാക്സിഡ്രൈവര്മാരായിരിക്കും അംഗങ്ങള്‍. തുടങ്ങിവയ്ക്കുന്നതിനായി താല്‍ക്കാലിക ഭരണസമിതി രൂപവല്‍കരിച്ചിട്ടുണ്ട്. എന്‍സിഡിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രോഹിത് ഗുപ്തയാണു ചെയര്മാന്. എന്ഡിഡിബിയുടെയും നാഫെഡിന്റെയും നബാര്‍ഡിന്റെയും ഇഫ്കോയുടെയും ക്രിബ്കോയുടെയും പ്രതിനിധികള്‍ സമിതിയിലുണ്ട്.
സംഘത്തിന് 300കോടിരൂപവരെ ഓഹരിമൂലധനം സമാഹരിക്കാന്‍ അധികാരമുണ്ട്. ഇതില്‍ 80കോടി പ്രൊമോട്ടു ചെയ്യുന്ന എട്ടു സ്ഥാപനങ്ങള്‍ വഹിക്കും. ഓരോ സ്ഥാപനവും 10 കോടി. ഐഐഐടി ബാംഗ്ലൂര്‍ സാങ്കേതികവിദ്യ ഒരുക്കുകയും പ്രവര്‍ത്തനസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഡിജിറ്റല്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യും.