കാലാവധിക്കുമുമ്പു നിക്ഷേപം പിന്‍വലിച്ചാല്‍ പലിശ കൊടുക്കില്ലെന്നു പറഞ്ഞ സഹകരണസംഘത്തോടു നിക്ഷേപം ഇന്നുവരെയുള്ള പലിശസഹിതം മുപ്പതുദിവസത്തിനകം കൊടുക്കണമെന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരാവയി. മഹാരാഷ്ട്ര ബീഡ് ജിയോറയിലെ ഛത്രപതി ശിവജി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തോട് പ്രതീക്ഷ് അനില്‍ ആഷറുടെ പരാതിയിലാണു നിര്‍ദേശം. 2020ല്‍ രണ്ട് അക്കൗണ്ടിലായി ഇട്ട നാലുലക്ഷംരൂപയാണു 2025ല്‍ അത്യാവശ്യമായി തിരിച്ചുചോദിച്ചത്. സംഘം പ്രതികരിച്ചില്ല. ഓംബുഡ്‌സ്‌മാനു പരാതി കൊടുത്തു. കാലാവധിയായില്ലെന്നും കാലാവധിക്കുമുമ്പു കൊടുക്കണമെങ്കില്‍ മുതല്‍മാത്രം മതി എന്ന് എഴുതിത്തരണമെന്നു നിയമാവലിയിലുണ്ടെന്നും ഇതറിയിച്ചതാണെന്നുമാണു മറുപടി. തന്നെ അറിയിച്ചിട്ടില്ലെന്നും ഓഫീസില്‍ ചെന്നപ്പോഴൊക്കെ പൂട്ടിയിട്ടിരിക്കയായിരുന്നെന്നും കാലാവധിക്കുമുമ്പു ചോദിച്ചാലും പലിശ രണ്ടുശതമാനം കുറക്കുമെന്നേയുള്ളൂവെന്നാണു നിക്ഷേപരശീതിയിലുള്ളതെന്നും പരാതിക്കാരന്‍. രണ്ടുകൂട്ടരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിനു വിളിച്ചെങ്കിലും സംഘംപ്രതിനിധിയെന്നുപറഞ്ഞു വന്നയാള്‍ തീരുംമുമ്പു ലെഫ്‌റ്റായി. തുടര്‍ന്നാണ് ഓംബുഡ്‌സ്‌മാന്‍ ഉത്തരവ്.