മഹാരാഷ്ട്രയില്‍ സഹകരണനിക്ഷേപത്തിനു സ്വകാര്യഇന്‍ഷുറന്‍സ് പരിഗണനയില്‍
വായ്‌പാസഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സ്വകാര്യഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി പരിരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രസഹകരണവകുപ്പ്. നാലു കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ പരിധിയിലുള്ള സഹകരണബാങ്കുകളില്‍ അഞ്ചുലക്ഷംരൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കു നിക്ഷേപഇന്‍ഷുറന്‍സ് വായ്‌പാഗ്യാരന്റി കോര്‍പറേഷന്റെ (ഡിഐസിജിസി) പരിരക്ഷയുണ്ടെങ്കിലും സാധാരണസഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് അതില്ല.

കേരളത്തില്‍ അഞ്ചുലക്ഷംരൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കു കേരളസഹകരണനിക്ഷേപഗ്യാരന്റിഫണ്ട് ബോര്‍ഡിന്റെ സംരക്ഷണമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത്തരമൊന്നിമില്ല. ഈ സാഹചര്യത്തിലാണു സ്വകാര്യഇന്‍ഷുറന്‍സ്‌മേഖലയുടെ പരിരക്ഷതേടാന്‍ മഹാരാഷ്ട്രസഹകരണവകുപ്പ് ആലോചിക്കുന്നത്. നേരത്തേ സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തികപിന്തുണയോടെ സഹകരിണനിക്ഷേപങ്ങള്‍ക്കു ഗ്യാരന്റി ഒരുക്കുന്ന ഒരു ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സംവിധാനം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അംഗമാകാന്‍ സംഘങ്ങള്‍ പ്രീമിയം അടക്കേണ്ടതുണ്ടായിരുന്നു. നല്ലൊരുഭാഗം സംഘങ്ങളും പ്രീമിയം അടക്കാന്‍ വിമുഖത കാട്ടിയതോടെ പദ്ധതിനിര്‍ദേശം പിന്‍വലിക്കേണ്ടിവന്നു.കേരളത്തിലും സമാനസാഹചര്യമുണ്ടായിരുന്നു. സഹകരണനിക്ഷേപഇന്‍ഷറന്‍ഗ്യാരന്റിഫണ്ട് ബോര്‍ഡില്‍ പ്രീമിയം അടച്ച് അംഗത്വം എടുക്കാത്ത സംഘങ്ങള്‍ ധാരാളമുണ്ടായിരുന്നു. അംഗമായ പലതും അംഗത്വം പുതുക്കിയില്ല. തുടര്‍ന്ന് കേരള സഹകരണനിക്ഷേപഇന്‍ഷുറന്‍സ് ഗ്യാരന്റി ഫണ്ട്‌ബോര്‍ഡില്‍ അംഗത്വം നിര്‍ബന്ധമാക്കുന്ന വിധത്തില്‍ ഇക്കൊല്ലം ഏപ്രില്‍ 28ന് ഉത്തരവുണ്ടായി. ഇതുപ്രകാരം നിക്ഷേപഗ്യാരന്റി സ്‌കീമിലെ രണ്ടാംഖണ്ഡിക 21(കെ) യില്‍ പരാമര്‍ശിക്കു എല്ലാ സംഘവും അംഗത്വമെടുക്കേണ്ടതുണ്ട്. ബോര്‍ഡില്‍ വിഹിതം മൂന്നുകൊല്ലം തുടര്‍ച്ചയായി അടക്കാതിരുന്നാല്‍ സംഘത്തിന്റെ ബോര്‍ഡിലെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം. നിക്ഷേപം സ്വീകരിക്കുന്നതില്‍നിന്നു സഹകരണസംഘംരജിസ്‌ട്രാര്‍ക്കു സംഘത്തെ വിലക്കുകയും ചെയ്യാം.

എന്തായാലും മഹാരാഷ്ട്രയില്‍ നിര്‍ദേശിക്കപ്പെട്ട നിക്ഷേപഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ പ്രീമിയം അടക്കാന്‍ സംഘങ്ങള്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നാണു സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപത്തിനു സ്വകാര്യഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിക്കം നടത്തുന്നത്. സര്‍ക്കാര്‍ 100 കോടി അനുവദിക്കുകയും അതു ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കു മൂല്യം വര്‍ധിപ്പിച്ചെടുക്കാവുന്ന വിത്തുധനമായി ഉപയോഗിച്ച് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതുംപോലുള്ള നിര്‍ദേശങ്ങളാണു പരിഗണനയിലുള്ളത്.മഹാരാഷ്ട്രയില്‍ ഇരുപതിനായിരത്തോളം സഹകരണസംഘങ്ങളിലായി മൂന്നുകോടിയിലേറെ നിക്ഷേപകരും 90,500 കോടി നിക്ഷേപവുമുണ്ട്. ഏറെയും ചെറുകിടനിക്ഷേപകരാണ്‌്. നിക്ഷേപത്തിനു സംരക്ഷണമേര്‍പ്പെടുത്തിയാല്‍ 80ശതമാനത്തോളം നിക്ഷേപകര്‍ക്കും പണം തിരിച്ചുകിട്ടും. ഇതു നിക്ഷേപകര്‍ക്കു സഹകരണസ്ഥാപനങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കും.

