ഷൂ പോളിഷ്‌ജോലി: സംഘങ്ങളില്‍നിന്നു ടെണ്ടറാവാം-കോടതി

Moonamvazhi

റെയില്‍വേസ്റ്റേഷനുകളില്‍ യാത്രക്കാരുടെ ഷൂ പോളിഷ്‌ ചെയ്യുന്ന ജോലിക്കായി സഹകരണസംഘങ്ങളില്‍നിന്നു ടെണ്ടര്‍ വിളിക്കാനുള്ള റെയില്‍വേ നീക്കം കോടതി കയറി. ടെണ്ടര്‍ നീക്കം അംഗീകരിച്ചെങ്കിലും റെയില്‍വേയുടെ ഷൂഷൈന്‍ നയത്തില്‍ തൊഴിലാളികള്‍ക്കു മിനിമം വേതനം നല്‍കണമെന്ന വ്യവസ്ഥ ഇല്ലാത്തതിനെ കോടതി വിമര്‍ശിച്ചു. മിനിമം വേതനം ഉറപ്പാക്കണമെന്നും ഹര്‍ജിക്കാരുടെ സംഘത്തിന്‌ അവര്‍ ടെണ്ടര്‍ എടുത്തു പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റേഷനുകളുടെ കാര്യത്തിലെങ്കിലും മുന്‍പരിചയത്തിനു പരിഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള മുന്‍ഗണന നയത്തില്‍ ഒഴിവാക്കിയതില്‍ തെറ്റില്ലെന്നും താഴെത്തട്ടിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണു നയം രൂപവല്‍കരിച്ചിട്ടുള്ളതെന്നും അവരില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരും ഉള്‍പ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.

മുംബൈ സാന്താക്രൂസ്‌ ഈസ്‌റ്റ്‌ പ്രഭാത്‌ കോളനിയിലെ ബോംബെ ഷൂഷൈന്‍ തൊഴിലാളിസഹകരണസംഘത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ജസ്‌റ്റിസുമാരായ ഭാരതി ദാന്‍ഗ്രെയുടെയും മഞ്ചുഷ ദേശ്‌പാണ്ഡെയുടെയും വിധി.

 

സംഘാംഗങ്ങളുടെ ജീവിതമാര്‍ഗത്തെയും തൊഴില്‍സുരക്ഷയെയും ബാധിക്കുമെന്നതിനാല്‍ ഷൂഷൈന്‍ നയം പുന:പരിശോധിക്കാനും ലൈസന്‍സു പുതുക്കിനല്‍കാനും ആവശ്യപ്പെട്ടാണു ഹര്‍ജി. റെയില്‍വേയുടെ പുതിയ നയം ക്ഷേമകാര്യത്തില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നും,പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള മുന്‍ഗണന ഒഴിവാക്കിയതു ശരിയല്ലെന്നും, വര്‍ഷങ്ങളായി ഈ ജോലി ചെയ്യുന്നവരുടെ സംഘത്തിന്റെ ലൈസന്‍സ്‌ മല്‍സരടെണ്ടറിനു വിധേയമാക്കാതെ സ്വാഭാവികമായി പുതുക്കേണ്ടതായിരുന്നുവെന്നും ഹര്‍ജിക്കാരുടെ വക്കീല്‍ വാദിച്ചു. 1985നുമുമ്പുമുതലേ ഛത്രപതി ശിവജിമഹാരാജ്‌ ടെര്‍മിനസ്‌, മസ്‌ജിദ്‌ ബണ്ടര്‍ റെയില്‍വേസ്റ്റേഷന്‍, സാന്റ്‌ഹേഴ്‌സ്റ്റ്‌ റോഡ്‌ റെയില്‍വേസ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ സംഘത്തിലെ അംഗങ്ങള്‍ മാത്രമാണു ഷൂ പോളിഷ്‌ ചെയ്യുന്നതെന്നു സംഘം വാദിച്ചു.

2018ലാണു മധ്യറെയില്‍വെ ഷൂഷൈന്‍ നയം പുതുക്കിപ്പണിതത്‌. പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ സംഘങ്ങള്‍ക്ക്‌ അതില്‍ പ്രത്യേകമുന്‍ഗണനയില്ല. പഴയനയത്തില്‍ ഉണ്ടായിരുന്നു. ഷൂ പോളിഷ്‌ ചെയ്യാനുള്ള ലൈസന്‍സ്‌ ഷൂ പോളിഷ്‌ ചെയ്യുന്നവരുടെ രജിസ്‌റ്റര്‍ ചെയ്‌ത സംഘങ്ങള്‍ക്കു നല്‍കുമെന്നുമാത്രമാണുള്ളത്‌. തുറന്ന ടെണ്ടര്‍ രീതിയും ഇതിലുണ്ട്‌. ഷൂ പോളിഷ്‌തൊഴിലാളികളുടെ സംഘങ്ങള്‍ക്കു ടെണ്ടര്‍ സമര്‍പ്പിക്കാം. പ്രായപരിധി, മെഡിക്കല്‍ ഫിറ്റ്‌നസ്‌, പൊലീസ്‌ വെരിഫിക്കേഷന്‍ നിബന്ധനകളുണ്ട്‌. വിവിധപ്രദേശങ്ങളിലെ വരുമാനസാധ്യതയാണു ലൈസന്‍സ്‌ ഫീ നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുക. മൂന്നുകൊല്ലത്തേക്കാണു കരാര്‍. ഹര്‍ജിക്കാരുടെ സംഘം മാത്രമല്ല, രജിസ്റ്റര്‍ ചെയ്‌ത വേറെയും സംഘങ്ങളുണ്ടെന്നും ഈ ജോലി നല്‍കുന്ന കാര്യത്തില്‍ തുറന്ന മല്‍സരം വേണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടുവരികയാണെന്നും റെയില്‍വേ ബോധിപ്പിച്ചു. ഹര്‍ജിക്കാരുടെ സംഘം മാത്രം പദ്ധതിയുടെ ഗുണഭോക്താവാകാത്തരീതിയില്‍ തുറന്ന ടെണ്ടര്‍ വിളിക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തു തെറ്റില്ലെന്നു കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെ സംഘത്തിലെ അംഗങ്ങള്‍ വളരെക്കാലമായി ഷൂ പോളിഷ്‌ ചെയ്‌തുവരികയായിരുന്നുവെന്നതു ശരിയാണ്‌. മറ്റേതെങ്കിലും തൊഴില്‍ ചെയ്യാനുള്ള അവസ്ഥയിലല്ലെന്നും വ്യക്തം. കരാര്‍ മറ്റേതെങ്കില്‍ സംഘത്തിനു കിട്ടിയാല്‍ ഈ സംഘത്തിലെ ഈ തൊഴില്‍ ചെയ്യുന്നവരുടെ ജീവിതമാര്‍ഗം ഇല്ലാതാക്കപ്പെടുന്നതു ശരിയല്ല. അതുകൊണ്ടു ഷൂ പോളിഷ്‌ ചെയ്‌തു പരിചയമുള്ളവരുടെ സംഘങ്ങള്‍ക്കു വെയിറ്റേജ്‌ നല്‍കണമെന്നു കോടതി റെയില്‍വേയോടു നിര്‍ദേശിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ സംഘവുമായി മല്‍സരിക്കാന്‍ മറ്റുള്ളവരെയോ പുതിയ കരാറുകാരെയോ അനുവദിക്കരുതെന്ന്‌ ഇതിനര്‍ഥമില്ല. അതു കുത്തക സൃഷ്ടിക്കലാവും. അംഗങ്ങളില്‍ ഗണ്യമായ വിഭാഗമോ എല്ലാവരുമോ പട്ടികജാതി-പട്ടികവര്‍ഗക്കാരായ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന നയം ഒഴിവാക്കിയതിനെതിരായ ഹര്‍ജിക്കാരുടെ നിലപാടിനോടും കോടതി യോജിച്ചില്ല. കാരണം നയം കൊണ്ടുവന്നതു താഴേത്തട്ടിലുള്ളവര്‍ക്കു ജോലി നല്‍കാനാണ്‌. അവരില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരും പെടും.

ടെണ്ടര്‍ സുതാര്യത ഉറപ്പാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൂ പോളിഷ്‌ ചെയ്യുന്നവരുടെ വേറെയും സംഘങ്ങളുണ്ട്‌. എല്ലാവരും ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടിയ തുക ലൈസന്‍സ്‌ഫീയായി ക്വോട്ട്‌ ചെയ്യുന്നവര്‍ക്കായിരിക്കും ടെണ്ടര്‍ ഉറപ്പിക്കുക. ഷൂ പോളിഷ്‌ ചെയ്യുന്നവരുടെ സംഘങ്ങള്‍മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാവൂ എന്ന വ്യവസ്ഥ കോടതി ശരിവച്ചു. ഹര്‍ജിക്കാരുടെ സംഘത്തിനും ടെണ്ടറില്‍ പങ്കെടുക്കാം. പരിചയത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ അവര്‍ക്കു കിട്ടാനും സാധ്യതയുണ്ട്‌. സംഘം നിലവില്‍ ഷൂപോളിഷിങ്‌ ജോലി ചെയ്യുന്ന സ്‌റ്റേഷനുകളുടെ കാര്യത്തിലെങ്കിലും അവരുടെ മുന്‍പരിചയം പരിഗണിക്കണമെന്നു കോടതി റെയില്‍വേയോടു നിര്‍ദേശിച്ചു.

അതസമയം കരാര്‍ കിട്ടുന്നവര്‍ തൊഴിലാളികള്‍ക്കു മിനിമംവേതനം നല്‍കണമെന്ന വ്യവസ്ഥ നയത്തിലില്ലാത്തതിനെ കോടതി വിമര്‍ശിച്ചു. സംഘാംഗങ്ങള്‍ക്കു മിനിമം വേതനം നല്‍കണമെന്ന വ്യവസ്ഥ ടെണ്ടര്‍മൂല്യം നിശ്ചയിക്കുമ്പോഴോ കരാര്‍ നല്‍കുമ്പോഴോ ഉറപ്പാക്കണമെന്നു കോടതി റെയില്‍വേയോടു നിര്‍ദേശിച്ചു. ടെണ്ടര്‍വ്യവസ്ഥയില്‍തന്നെ ഇതുള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 1049 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!