അപ്പെക്‌സ് സ്ഥാപനത്തിനു വിവരാവകാശനിയമം ബാധകം: മദ്രാസ് ഹൈക്കോടതി
അപ്പെക്‌സ് സഹകരണസ്ഥാപനമായ തമിഴ്‌നാട് സഹകരണവിപണനഫെഡറേഷന്‍ (ടാന്‍ഫെഡ്) വിവരാവകാശനിയമപ്രകാരം വിവരം നല്‍കാന്‍ ബാധ്യസ്ഥമായ പൊതുസ്ഥാപനമാണെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചതായി ഡി.ടി. നെക്‌സറ്റ് റിപ്പോര്‍ട്ടു ചെയ്‌തു. ഫെഡറേഷനുമേല്‍ സംസ്ഥാനസര്‍ക്കാരിനു നിയന്ത്രണമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ അറിയാനുള്ള അവകാശത്തിനു സ്ഥാപനം വിധേയമാണെന്നാണു വിധി. സംസ്ഥാനവിവരാവകാശകമ്മീഷണര്‍ അടുത്തകാലത്തിറക്കിയ ഒരു ഉത്തരവ് ജസ്‌റ്റിസ് വി. ലക്ഷ്‌മീനാരായണന്‍ റദ്ദാക്കി. ടാന്‍ഫെഡിനു വിവരാവകാശനിയമം ബാധകമല്ലെന്നായിരുന്നു സംസ്ഥാനവിവരാവകാശക്കമ്മീഷണറുടെ ഉത്തരവ്.
ടാന്‍ഫെഡിന്റെ വളംസംഭരണത്തെപ്പറ്റി പതിനൊന്നു വിവരങ്ങള്‍ തേടിയ കര്‍ഷകന്‍ പി. ജ്യോതിബാസുവിന്റെ വിവരാവകാശ അപേക്ഷയോടെയാണു കോടതിനടപടികളുടെ തുടക്കം. 2021 ഏപ്രിലിലാണ് അപേക്ഷ നല്‍കിയത്. വളം ലയിക്കുന്നില്ലെന്നും മറ്റും പരാതിപ്പെട്ടുകൊണ്ടാണു പരാതി. വളംനിയന്ത്രണഉത്തരവുകള്‍ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ വിതരണക്കാരെ നിയോഗിച്ചതെന്നും മറ്റുമായിരുന്നു ചോദ്യങ്ങള്‍.വിവരവകാശനിയമത്തിന് റെ 2(എച്ച്) വകുപ്പുപ്രകാരമുള്ള പൊതുസ്ഥാപനമല്ല തങ്ങളെന്നും അതിനാല്‍ വിവരം നല്‍കാന്‍ ബാധ്യസ്ഥമല്ലെന്നുമായിരുന്നു ടാന്‍ഫെഡിന്റെ മറുപടി. അപ്പീല്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്നാണു സംസ്ഥാനവിവരാവകാശക്കമ്മീഷണറെയും അതും നിരസിച്ചപ്പോള്‍ ഹൈക്കോടതിയെയും സമീപിച്ചത്. തലപ്പലം കേസിലെ 2013ലെ സുപ്രീംകോടതിവിധിയും ഒരു പ്രാഥമികകാര്ഷികസഹകരണസംഘത്തിന് റെ കാര്യത്തില്‍ 2024ല്‍ തമിഴ്നാട്ഹൈക്കോടതിയില്നിന് നുണ്ടായ വിധിയും ചൂണ്ടിക്കാട്ടി സ്വയംഭരണസ്ഥാപനമായ തങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമല്ലെന്നു ടാന്‍ഫെഡ് വാദിച്ചു. എന്നാല്‍ ടാന്‍ഫെഡ് അപ്പെക്‌സ് സ്ഥാപനമാണെന്നും അപ്പെക്‌സ് സ്ഥാപനത്തെ പ്രാഥമികസഹകരണസംഘത്തിനു തുല്യമായി കണക്കാക്കാനാണ് ടാന്‍ഫെഡ് ശ്രമിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞുി. സംസ്ഥാനസര്‍ക്കാരിന്റെ നടത്തിപ്പ് ഏജന്‍സിയായാണ് ഇവിടെ ടാന്‍ഫെഡ് പ്രവര്‍ത്തിക്കുന്നത്. ദേശീയകാര്‍ഷികപദ്ധതികളുടെ നോഡല്‍ ഏജന്‍സിയായും അവശ്യവസ്‌തുക്കളുടെ വിതരണം മാനേജ് ചെയ്യുന്ന സ്ഥാപനമായും ടാന്‍ഫെഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ടാന്‍ഫെഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സംസ്ഥാനനിയമസഭയില്‍ വെക്കുകയും ചെയ്യുന്നുണ്ട്. ടാന്‍ഫെഡില്‍ പൊതുവിവരാവകാശഓഫീസറെ നിയമിക്കേണ്ടതു നിര്‍ബന്ധമാക്കിക്കൊണ്ടു 2007ല്‍ സര്‍ക്കാര്‍ ഉത്തരവുമുണ്ട്. അതിനാല്‍ ടാന്‍ഫെഡിന്റെ ചുമതലകള്‍ വിവരവാകാശച്ചട്ടക്കൂടില്‍ വരുമെന്നു സംസ്ഥാനസര്‍ക്കാര്‍തന്നെ അംഗീകരിച്ചിരിക്കയാണ്. അതുകൊണ്ടു ജ്യോതിബാസു ആവശ്യപ്പെട്ട വിവരങ്ങള്‍ നാലാഴ്‌ചക്കകം നല്‍കണമെന്നു ടാന്‍ഫെഡിന്റെ പൊതുവിവരാവകാശഓഫീസറോടു കോടതി നിര്‍ദേശിച്ചു.

