റിസര്‍വ് ബാങ്ക് 626 സര്‍ക്കുലറുകള്‍ പിന്‍വലിക്കുന്നു; ഇനി 64 നിര്‍ദേശങ്ങള്‍ മാത്രം
റിസര്‍വ് ബാങ്ക് 626 സര്‍ക്കുലറുകള്‍ പുന:പരിശോധിച്ച് വേണ്ടാത്തവ ഒഴിവാക്കിയും മാറ്റം വരുത്തിയും ലളിതമാക്കിയും 64 ഏകീകൃതനിര്‍ദേശങ്ങളാക്കി ക്രമപ്പെടുത്തി. ഇവയുടെ കരട് റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും നിര്‍ദേശങ്ങളും മെയ് എട്ടിനകം സമര്‍പ്പിക്കണം. മേല്‍നോട്ടപരമായ സര്‍ക്കുലറുകളാണ് ഇങ്ങനെ ക്രോഡീകരിച്ചിട്ടുള്ളത്. നേരത്തേ റെഗുലേഷന്‍ സംബന്ധിച്ച ഒമ്പതിനായിരത്തോളം സര്‍ക്കുലറുകള്‍ 239 ബൃഹദ്‌നിര്‍ദേശങ്ങളായി ക്രോഡീകരിച്ചിരുന്നു. ആ മാതൃകയിലാണു മേല്‍നോട്ടപരമായ സര്‍ക്കുലറുകളും ക്രോഡീകരിക്കുന്നത്.വ്യാപാരറിസീവബിള്‍സ് ഡിസ്‌കൗണ്ടിങ് സംവിധാനത്തിലുള്ള മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എംഎസ്‌എംഇകളുടെ വ്യാപാരറീസീവബിള്‍സ് ലിക്വിഡ് ഫണ്ടാക്കി മാറ്റാനുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനാണിത്. നിലവിലുള്ള ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിങ് സംവിധാം പരിഷ്‌കരിച്ചാണു പുതിയ കരട് ആക്ഷേപങ്ങളും നിര്‍ദേശങ്ങളും മെയ് ഒന്നിനകമാണു സമര്‍പ്പിക്കേണ്ടത്.

മൂന്നാംമാസക്കണക്കില്‍ നിഷ്‌ക്രിയസ്വത്തുസംബന്ധിച്ചുള്ള പരാമര്‍ശം സംബന്ധിച്ച വ്യവസ്ഥകളിലും നിക്ഷേപവ്യതിയാനക്കരുതല്‍ സംബന്ധിച്ച വ്യവസ്ഥകളിലും മാറ്റംവരുത്തി കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഏപ്രില്‍ 29നകം ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കണം.
ബാങ്ക് ബോര്‍ഡുകളുടെ സമയം ലാഭിക്കാനും കൂടുതല്‍ ഫലപ്രദമായി ഭരണം നിര്‍വഹിക്കാനും ഉതകുന്ന നിര്‍ദേശങ്ങളുടെ കരടും തയ്യാറായിട്ടുണ്ട്. ഇവ സംബന്ധിച്ച ആക്ഷേപങ്ങളും നിര്‍ദേശങ്ങളും മെയ് ഏഴിനകം സമര്‍പ്പിക്കണം.

