നാലുവികസനനേട്ടവും രണ്ട്‌ അവാര്‍ഡുമായി ഊരാളുങ്കല്‍

Moonamvazhi

വയനാട്‌ ടൗണ്‍ഷിപ്പ്‌ ഒന്നാംഘട്ടപൂര്‍ത്തീകരണത്തിനു പിന്നാലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) കരാറെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നു വികസനപദ്ധതികള്‍കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. കേരളത്തില്‍ കായലില്‍ നിര്‍മിച്ച ഏറ്റവും വലിയ പാലമായ പെരുമ്പളം പാലവും, ചെല്ലാനം ടെട്രോപോഡ്‌ കടല്‍ഭിത്തിനിര്‍മാണവും, കേരളത്തിലെ ആദ്യസെമിഎലിവേറ്റഡ്‌ ഹൈവേ മാതൃകയില്‍ നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുമാണിവ. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടന്‍മക്കള്‍ക്ക്‌ അന്തസ്സുറ്റ പുനരധിവാസനഗരത്തിന്റെ ഒന്നാംഘട്ടം ഒരുക്കിനല്‍കിയതിനുള്ള അഭിനന്ദനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഈ പദ്ധതികള്‍ക്കൂടി ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്കത്‌ ഇരട്ടിമധുരമാണെന്ന്‌ യുഎല്‍സിസിഎസ്‌ അറിയിച്ചു.

പദ്ധതികളുടെ പൂര്‍ത്തീകരണത്തോടൊപ്പം ദേശീയസുരക്ഷാകൗണ്‍സിലിന്റെ രണ്ടുസുരക്ഷാഅവാര്‍ഡുകളും യുഎല്‍സിസിഎസിനു കിട്ടി. ദേശീയസുരക്ഷാകൗണ്‍സില്‍ കേരള ചാപ്‌റ്ററിന്റെ 2026ലെ സമൂഹികസുരക്ഷാപുരസ്‌കാരവും കേരളസര്‍ക്കാറിന്റെ ഫാക്‌റ്ററീസ്‌ ആന്റ്‌ ബോയിലേഴ്‌സ്‌ വകുപ്പിന്റെ 2025ലെ സംസ്ഥാനതലവ്യവസായസുരക്ഷിതത്വപുരസ്‌കാരവുമാണു ലഭിച്ചത്‌. സാമൂഹികസുരക്ഷാപുരസ്‌കാരം എഫ്‌എസിറ്റി ചെയര്‍മാനും എംഡിയുമായ എസ്‌. ശക്തിമണി സമ്മാനിച്ചു. യുഎല്‍സിസിഎസിന്റെ ഇഎച്ച്‌എസ്‌ സീനിയര്‍ മാനേജര്‍ ബി. പ്രസീദ്‌കുമാര്‍, ഇഎച്ച്‌എസ്‌ മാനേജര്‍ ശശികുമാര്‍, പ്രോജക്ട്‌ലീഡര്‍ എസ്‌ ദിഷാന്ത്‌, പ്രോജക്ട്‌ മാനേജര്‍ സുബിന്‍, മേഖലാസുരക്ഷാമാനേജര്‍മാരായ ടി.കെ. അരുണ്‍രാജ്‌, വി.കെ. സുബിന്‍, ജെ.ആര്‍. ജിതിന്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

ഫാക്‌റ്ററീസ്‌ ആന്റ്‌ ബോയിലേഴ്‌സ്‌ വകുപ്പിന്റെ പുരസ്‌കാരം യുഎല്‍സിസിഎസിന്റെ കോട്ടയം പാല ഇന്റര്‍ലോക്‌ ടൈല്‍സ്‌ യൂണിറ്റിനാണ്‌. മന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലേബര്‍ ആന്റ്‌ എംപ്ലോയ്‌മെന്റ്‌ ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ്‌ പുരസ്‌കാരം സമ്മാനിച്ചു. യുഎല്‍സിസിഎസ്‌ സൈറ്റ്‌ ലീഡര്‍ പി.റ്റി. പ്രദീപ്‌, യൂണിറ്റ്‌സ്‌ മാനേജര്‍ ശരത്‌ലാല്‍, പരിസ്ഥിതിമാനേജര്‍ ബി. രാജേഷ്‌, എഫ്‌ ആന്റ്‌ ഇ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ എ.പി. ജ്യോതിഷ്‌ലാല്‍, സീനിയര്‍ അക്കൗണ്ടന്റ്‌ ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

കൂലിയടിമത്തത്തില്‍നിന്നു തൊഴിലാളികളെ രക്ഷിക്കാന്‍ നവോഥാനനായകനായ വാഗ്‌ഭടാനന്ദന്‍ സ്ഥാപിച്ച യുഎല്‍സിസിഎസ്‌ ആയിരക്കണക്കിനു തൊഴിലാളികളെ അണിനിരത്തി നടത്തിയ ഭഗീരഥപ്രയത്‌നത്തിന്റെ സാക്ഷാത്‌കാരമാണു വയനാട്‌ ടൗണ്‍ഷിപ്പ്‌ എന്ന്‌ അതിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കടലാക്രണഭീഷണിയില്‍നിന്നു ചെല്ലാനത്തെ കടലോരജനതക്ക്‌ ടെട്രാപ്പോഡുകൊണ്ടു സുരക്ഷയും ഒപ്പം വിനോദസഞ്ചാരസൗകര്യവും ഒരുക്കലാണ്‌ ചെല്ലാനം കടല്‍ഭിത്തിപദ്ധതികൊണ്ടു സാധിച്ചത്‌. 344.20 കോടി രൂപ ചെലവില്‍ കിഫ്‌ബി വഴിയാണ്‌ ടെട്രാപോഡ്‌ പദ്ധതി പൂര്‍ത്തിയാക്കിയത്‌. 7.30 കിലോമീറ്റര്‍ കടല്‍ഭിത്തിയും അനുബന്ധമായി നടപ്പാതയും പുലിമുട്ടുകളും ഒരുക്കിയിട്ടുണ്ട്‌. പുത്തന്‍തോടുമുതല്‍ മാനാശ്ശേരിവരെ 404 കോടി ചെലവില്‍ നടപ്പാക്കുന്ന രണ്ടാംഘട്ടനിര്‍മാണം തുടങ്ങിയിട്ടുമുണ്ട്‌.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്‌ പുനരുദ്ധരിക്കുകയാണു ചെയതത്‌. കേരളത്തിലെ ആദ്യസെമിഎലിവേറ്റഡ്‌ ഹൈവേയാണിത്‌. പ്രളയത്തെയും കാലാവസ്ഥാവ്യതിയാനങ്ങളെയും പ്രതിരോധിക്കത്തക്കവിധമാണു നിര്‍മാണം. റീബില്‍ഡ്‌ കേരള ഇനീഷ്യേറ്റീവില്‍ 672 കോടി ചെലവിലാണു നവീകരണം. 24.16 കിലോമീറ്റര്‍ നീളത്തിലുള്ള പാതയില്‍ നാലു വലിയ പാലങ്ങളും അഞ്ചു ഫ്‌ളൈഓവറുകളുമുണ്ട്‌.

കേരളത്തില്‍ കായലില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ പാലമാണ്‌ പെരുമ്പളം-പാണാവള്ളിപ്പാലം. ആലപ്പുഴജില്ലയില്‍ വടുതലയെയും പെരുമ്പളം ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്‌. 1157 മീറ്റര്‍ പാലവും ഇരുവശത്തുമായി 600 മീറ്റര്‍ അപ്രോച്ച്‌ റോഡുമുള്ള പാലത്തിന്‌ 35 മീറ്റര്‍ നീളമുള്ള 27 സ്‌പാനുകളുണും 55 മീറ്റര്‍ നീളമുള്ള മൂന്നു ബോസ്‌ട്രിങ്‌ ആര്‍ച്ചുകളുമുണ്ട്‌. കിഫ്‌ബിവഴി 106 കോടി ചെലവഴിച്ചാണു പാലം പൂര്‍ത്തിയാക്കിയത്‌.

 

 

Moonamvazhi

Authorize Writer

Moonamvazhi has 1004 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!