സഹകരണസംഘങ്ങളിലും ബാങ്കുകളിലും 94 ഒഴിവുകള്‍

Moonamvazhi

സഹകരണപരീക്ഷാബോര്‍ഡ്‌ വിവിധസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറി, അസിസ്‌റ്റന്റ്‌ സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികകളിലായി 94 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിയതി 5.3.26. സെക്രട്ടറി 3, അസിസ്റ്റന്റ്‌ സെക്രട്ടറി/ചീഫ്‌ അക്കൗണ്ടന്റ്‌ 6, ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ 81, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 3 , സിസ്റ്റം സൂപ്പര്‍വൈസര്‍ 1 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. ഏപ്രില്‍ നാലിനകം അപേക്ഷിക്കണം. സഹകരണപരീക്ഷാബോര്‍ഡ്‌ നടത്തുന്ന ഓണ്‍ലൈന്‍പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ്‌ തയ്യാറാക്കുന്ന റാങ്കുലിസ്‌റ്റിന്റെ അടിസ്ഥാനത്തിലാണു നിയമനം. ബന്ധപ്പെട്ട സഹകരണസംഘങ്ങളും ബാങ്കുകളുമാണു നിയമനാധികാരികള്‍. പ്രായപരിധി 18നും 40നും മധ്യേ. 2026 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും, മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കും മൂന്നും, ഭിന്നശേഷിക്കാര്‍ക്ക്‌ (40ശതമാനോ അതില്‍കൂടുതലോ ഉള്ളവര്‍ക്ക്‌) പത്തും, വിധവകള്‍ക്ക്‌ അഞ്ചുംവര്‍ഷത്തെ ഇളവു കിട്ടും. പരീക്ഷാഫീസും 18% ജിഎസ്‌ടിയും അടക്കണം. ഒരു സംഘത്തിലേക്ക്‌/ബാങ്കിലേക്ക്‌ അപേക്ഷിക്കാന്‍ 150രൂപ (പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ 50 രൂപ മതി)യും കൂടുതലായി അപേക്ഷിക്കുന്ന ഓരോസംഘത്തിനും ബാങ്കിനും 50രൂപ വീതവുമാണ്‌ പരീക്ഷാഫീസ്‌ അടക്കേണ്ടത്‌. www.keralacseb.kerala.gov.inhttp://www.keralacseb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. തപാലില്‍ അപേക്ഷ സ്വീകരിക്കില്ല. ഒറ്റത്തവണരജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ ഒറ്റത്തവണരജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ അവരുടെ പ്രൊഫൈലിലൂടെയും ആണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിന്റ്‌ സൂക്ഷിച്ചുവെക്കണം.

സെക്രട്ടറി തസ്‌തികയുടെ കാറ്റഗറി നമ്പര്‍ 8/2026 ആണ്‌. മൂന്ന്‌ ഒഴിവാണുള്ളത്‌. യോഗ്യത ബിരുദവും എച്ച്‌ഡിസിആന്റ്‌ ബിഎമ്മും ഏതെങ്കിലും സഹകരണബാങ്കില്‍ അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിലുംഉയര്‍ന്ന തസ്‌തികയിലോ ഏഴുകൊല്ലത്തെ പരിചയവും. അല്ലെങ്കില്‍ കാര്‍ഷികസര്‍വകലാശാലയുടെ ബിഎസ്‌സിയും (കോഓപ്പറേഷന്‍ ആന്റ്‌ ബാങ്കിങ്‌) അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിലുംഉയര്‍ന്ന തസ്‌തികയിലോ അഞ്ചുകൊല്ലത്തെ പരിചയവും. അതുമല്ലെങ്കില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദമോ ഫൈനാന്‍സ്‌ പ്രധാനവിഷയമായി എംകോമോ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയില്‍ അംഗത്വമോ; ഒപ്പം ബാങ്കിങ്‌ മേഖലയില്‍ മൂന്നുകൊല്ലത്തെ പരിചയവും സഹകരണയോഗ്യതകളും. അല്ലെങ്കില്‍ ബികോമും (സഹകരണം) അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിലുംഉയര്‍ന്ന തസ്‌തികയിലോ ഏഴുകൊല്ലത്തെ പരിചയവും.

അസിസ്റ്റന്റ്‌ സെക്രട്ടറി/ ചീഫ്‌ അക്കൗണ്ടന്റ്‌ തസ്‌തികയുടെ കാറ്റഗറി നമ്പര്‍ 9/2026 ആണ്‌. ആറൊഴിവാണുള്ളത്‌. വിദ്യാഭ്യാസയോഗ്യത 50% മാര്‍ക്കോടെ ബിരുദവും സഹകരണഹയര്‍ ഡിപ്ലോമയും (ഇതു സംസ്ഥാനസഹകരണയൂണിയന്റെ എച്ച്‌ഡിസിയോ എച്ച്‌ഡിസിആന്റ്‌ ബിഎമ്മോ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ ട്രെയിനിങ്ങിന്റെ ഒരുവര്‍ഷത്തെ റെഗുലര്‍ കോഴ്‌സിലൂടെ നേടിയ എച്ച്‌ഡിസിയോ എച്ചഡിസിഎമ്മോ, സബോര്‍ഡിനേറ്റ്‌ പേഴ്‌സണല്‍ ട്രെയിനിങ്‌ കോഴ്‌സോ – ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ ആകാം) അല്ലെങ്കില്‍ കേരളകാര്‍ഷികസര്‍വകലാശാലയുടെ ബിഎസ്‌സി/ എംഎസ്‌സി (സഹകരണം ആന്റ്‌ ബാങ്കിങ്‌). അല്ലെങ്കില്‍ സഹകരണം പ്രധാനവിഷയമായി എല്ലാവിഷയങ്ങള്‍ക്കും 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം. പൂര്‍ണവിജ്ഞാപനം www.keralasceb.kerala.gov.in ല്‍ ലഭിക്കും.

സൂപ്പര്‍ഗ്രേഡുബാങ്കുകളിലുള്ള ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയുടെ കാറ്റഗറിനമ്പര്‍ 10/2026 ആണ്‌. 21 ഒഴിവാണുള്ളത്‌. യോഗ്യത എസ്‌എസ്‌എല്‍സിയും (തത്തുല്യം) സബോര്‍ഡിനേറ്റ്‌ പേഴ്‌സണല്‍ കോഓപ്പറേറ്റീവ്‌ ട്രെയിനിങ്‌ കോഴ്‌സ്‌ വിജയവും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍). കാസര്‍കോഡ്‌ ജില്ലക്കാര്‍ക്ക്‌ ആ ജില്ലയിലെ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും നിയമനത്തിന്‌ കര്‍ണാടകസംസ്ഥാനസഹകരണഫെഡറേഷന്റെ ജിഡിസി/ഡിസിഎം എന്നിവ കേരളസംസ്ഥാനസഹകരണയൂണിയന്റെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്‌. സഹകരണം പ്രധാനവിഷയമായി എടുത്തു ബികോം ജയിച്ചവര്‍ക്കും ബിരുദവും സഹകരണഡിപ്ലോമയും ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. സംസ്ഥാനസഹകരണയൂണിയന്റെ എച്ച്‌ഡിസി, എച്ച്‌ഡിസി ആന്റ്‌ ബിഎം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ ട്രെയിനിങ്ങിന്റെ ഒരുവര്‍ഷത്തെ എച്ച്‌ഡിസി, എച്ച്‌ഡിസിഎം എന്നിവയാണ്‌ ഇവിടെ ഉദ്ദേശിക്കുന്ന സഹകരണഡിപ്ലോമകള്‍. കേരളകാര്‍ഷികസര്‍വകലാശാലയുടെ ബി.എസ്‌.സി (സഹകരണം ആന്റ്‌ ബാങ്കിങ്‌) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

സ്‌പെഷ്യല്‍ ഗ്രേഡ്‌, ക്ലാസ്‌ വണ്‍ ബാങ്കുകളിലും ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ ഒഴിവുകളുണ്ട്‌. 11/2026 ആണു കാറ്റഗറി നമ്പര്‍. 39 ഒഴിവാണുള്ളത്‌. യോഗ്യത സൂപ്പര്‍ ഗ്രേഡ്‌ ബാങ്കുകളിലെ ഇതേതസ്‌തികയുടെതുതന്നെ.

ക്ലാസ്‌ രണ്ടുമുതല്‍ ഏഴുവരെയുള്ള സഹകരണബാങ്കുകളിലും ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയില്‍ ഒഴിവുണ്ട്‌. 12/2026 ആണ്‌ കാറ്റഗറി നമ്പര്‍. യോഗ്യത സൂപ്പര്‍ ഗ്രേഡ്‌ ബാങ്കുകളിലെ ഇതേതസ്‌തികയുടേതുതന്നെ. 21 ഒഴിവാണുള്ളത്‌.

ഒരുബാങ്കില്‍ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയില്‍ ഒരു ഒഴിവുണ്ട്‌. കാറ്റഗറി നമ്പര്‍ 13/2026. യോഗ്യത എംസിഎ/ ബി.ടെക്‌ (കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്‌ കമ്മൂണിക്കേഷനിലോ വിവരസാങ്കേതികവിദ്യയിലോ). അംഗീകൃതസ്ഥാപനത്തില്‍ സിസ്റ്റംഅഡ്‌്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികയിലോ തുല്യതസ്‌തികയിലോ മൂന്നുകൊല്ലം പ്രവൃത്തിപരിചയം അഭികാമ്യം.

മൂന്നു ബാങ്കില്‍ ഓരോ ഒഴിവുകളാണു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലുള്ളത്‌. കാറ്റഗറി നമ്പര്‍ 14/2026. ബിരുദവും ഡേറ്റാഎന്‍ട്രി കോഴ്‌സ്‌ സര്‍ടിഫിക്കറ്റും അംഗീകൃതസ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഒരുകൊല്ലത്തെ പരിചയവും. ശമ്പളം വിവിധബാങ്കുകളില്‍ വ്യത്യസ്‌തമാണ്‌.

 

 

Moonamvazhi

Authorize Writer

Moonamvazhi has 981 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!