എന്‍.എസ്‌. സഹകരണആശുപത്രിക്ക്‌ അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ അംഗത്വം

Moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്‌ (യുഎല്‍സിസിഎസ്‌) പുറമെ മറ്റൊരു വലിയ സഹകരണസ്ഥാപനത്തിനു കൂടി കേരളത്തില്‍നിന്ന്‌ അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ (ഐസിഎ) അംഗത്വം. കൊല്ലത്തെ എന്‍.എസ്‌. സഹകരണ ആശുപത്രിക്കാണ്‌ ഈ അംഗീകാരം. കേരളത്തില്‍നിന്ന്‌ നിലവില്‍ യുഎല്‍സിസിഎസിനു മാത്രമാണ്‌ സംസ്ഥാനസഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത സഹകരണസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഐസിഎ അംഗത്വമുള്ളത്‌. തൃശ്ശൂര്‍ ആസ്ഥാനമായ ഇസാഫ്‌ സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ്‌ ആഗ്രോ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ഐസിഎ അംഗമാണെങ്കിലും അത്‌ കേന്ദ്രസഹകരണനിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘമാണ്‌.

എന്‍.എസ്‌. ആശുപത്രിയടക്കം ആറു സഹകരണസ്ഥാപനങ്ങള്‍ക്കാണ്‌ അന്താരാഷ്ട്രസഹകരണവര്‍ഷമായ 2025ല്‍ പുതവല്‍സരസമ്മാനമെന്നപോലെ ഐസിഎ അംഗത്വം ലഭിച്ചത്‌. ഇന്ത്യയില്‍നിന്ന്‌ എന്‍.എസ്‌.ആശുപത്രിയെക്കൂടാതെ ഐസിഎ അംഗത്വം ലഭിച്ചിട്ടുള്ളത്‌ കേന്ദ്രസര്‍ക്കാര്‍ 2023 ഒക്‌ടോബറില്‍ രൂപവല്‍ക്കരിച്ച ഭാരതീയ ബീജ്‌ സഹകാരി സമിതി ലിമിറ്റഡ്‌ (ബിബിഎസ്‌എസ്‌എല്‍) ആണ്‌. മറ്റു നാലുസ്ഥാപനങ്ങളും വിദേശത്തുള്ളവയാണ്‌. എത്യോപ്പ്യയിലെ അമിഗോസ്‌ സേവിങ്‌സ്‌ ആന്റ്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ ( അമിഗോസ്‌ സാക്കോ), വിയറ്റ്‌നാമിലെ സൈഗോണ്‍ യൂണിയന്‍ ഓഫ്‌ ട്രേഡിങ്‌ കോഓപ്പറേറ്റീവ്‌സ്‌ (കൈഗോണ്‍ കോഓപ്പ), ഉഗാണ്ടയിലെ ഉഗാണ്ട ഹെല്‍ത്ത്‌ പാര്‍ട്‌ണേഴ്‌സ്‌ കോഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ (യുപിഎച്ച്‌സി), പാലസ്‌തീനിലെ ദി ജനറല്‍ കോഓപ്പറേറ്റീവ്‌ യൂണിയന്‍ (ഗുകൂപ്‌.പാല്‍) എന്നിവയാണവ.

കൊല്ലംജില്ലാ സഹകരണആശുപത്രിസംഘത്തിന്റെ സ്ഥാപനമാണ്‌ എന്‍.എസ്‌. സഹകരണആശുപത്രി. അസംഘടിതതൊഴിലാളികള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കും കുറഞ്ഞചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതാണിത്‌. 10,000ല്‍പരം വ്യക്തിഗതഅംഗങ്ങളും നൂറില്‍പരം സ്ഥാപനഅംഗങ്ങളും സംഘത്തിനുണ്ട്‌. ഐസിഎ അംഗത്വത്തോടൊപ്പം അന്താരാഷ്ട്രആരോഗ്യപരിചരണസഹകരണസ്ഥാപനത്തിലും സ്വാഭാവികമായി എന്‍.എസ്‌. ആശുപത്രി അംഗമാകും. ലോകമെങ്ങുമുള്ള പ്രമുഖ ആരോഗ്യസഹകരണസ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ടു മികച്ച പരിശീലനവും വൈദഗ്‌ധ്യവും ആശയങ്ങളും പങ്കുവയ്‌ക്കാനും മികച്ചപ്രവര്‍ത്തനരീതികള്‍ അവലംബിക്കാനും ഇതു സഹായകമാകും. രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഐസിഎയില്‍ 104രാജ്യങ്ങളിലെ 310 സ്ഥാപനങ്ങള്‍ക്കാണ്‌ അംഗത്വമുള്ളത്‌. 272 സ്ഥാപനങ്ങള്‍ പൂര്‍ണാംഗങ്ങളും 38 സ്ഥാപനങ്ങള്‍ അസോസിയേറ്റ്‌ അംഗങ്ങളുമാണ്‌. എന്‍എസ്‌ ആശുപത്രിയടക്കം പുതുതായി അംഗത്വം ലഭിച്ച ആറുസ്ഥാപനങ്ങള്‍ക്കും പൂര്‍ണാംഗത്വമാണു കിട്ടിയിട്ടുള്ളത്‌. ഇന്ത്യയില്‍നിന്നു 18 സ്ഥാപനങ്ങളാണ്‌ അംഗങ്ങളായിട്ടുള്ളത്‌. ഇത്‌ ഇപ്പോള്‍ 20ആയി.

1985 ഫെബ്രുവരി 17നു വാഹനാപകടത്തില്‍ അന്തരിച്ച കമ്യൂണിസ്റ്റ്‌ നേതാവ്‌ എന്‍ ശ്രീധരന്റെ സ്‌മാരകമായി പടുത്തുയര്‍ത്തിയതാണ്‌ എന്‍എസ്‌ സഹകരണാശുപത്രി. സിപിഎം സംസ്ഥാനസമിതിയംഗവും മുന്‍എംപിയുമായ പി. രാജേന്ദ്രന്‍ ആണ്‌ ആശുപത്രിയടക്കമുള്ള ആരോഗ്യപരിചരണശൃംഖലയുടെ ഉടമകളായ കൊല്ലം ജില്ലാസഹകരണആശുപത്രിസംഘത്തിന്റെ പ്രസിഡന്റ്‌. സഹകരണമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ ഹെല്‍ത്ത്‌ സിറ്റിയാണു കൊല്ലം പാലത്തറയിലുള്ള എന്‍എസ്‌ മെമ്മോറിയല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ എന്ന എന്‍എസ്‌ ആശുപത്രിസമുച്ചയം. എന്‍.എസ്‌. സഹകരണാശുപത്രി, എന്‍.എസ്‌. ആയുര്‍വേദാശുപത്രി, എന്‍.എസ്‌. നഴ്‌സിങ്‌ കോളേജ്‌, എന്‍.എസ്‌. പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌, എന്‍.എസ്‌. ഡ്രഗ്‌സ്‌ ആന്റ്‌ സര്‍ജിക്കല്‍സ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായുണ്ട്‌. സംഘം 2000ലാണ്‌ ആശുപത്രി പണിയാന്‍ തീരുമാനിച്ചത്‌. 2006 ല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. മികച്ച സഹകരണാശുപത്രിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം പലതവണ ഇതിനു ലഭിച്ചിട്ടുണ്ട്‌.

250കോടിരൂപ അടച്ചുതീര്‍ത്തഓഹരിമൂലധനത്തോടെ 2023ല്‍ ആരംഭിച്ച ബിബിഎസ്‌എസ്‌എലിന്റെ ഓഹരിയുടമകള്‍ ഇഫ്‌കോ, ക്രിബ്‌കോ, നാഫെഡ്‌, എന്‍സിഡിസി, എന്‍ഡിഡിബി എന്നി വന്‍സഹകരണസ്ഥാപനങ്ങളാണ്‌. ഗുണനിലവാരമുള്ള വിത്തുകളുടെ ഉല്‍പാദനം, സംഭരണം, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സഹകരണസ്ഥാപനങ്ങളുടെ ശംൃഖലയിലൂടെ നടപ്പാക്കി വിളവികസനവും തനതുവിത്തിനങ്ങളുടെ സംരക്ഷണവും അടക്കമുള്ള കാര്യങ്ങളാണു പ്രവര്‍ത്തനങ്ങള്‍. പരീക്ഷണം, സര്‍ട്ടിഫിക്കേഷന്‍, സംഭരണം, സംസ്‌കരണം, ശേഖരണം, ബ്രാന്റിങ്‌, ലേബലിനങ്‌, പാക്കേജിങ്‌ തുടങ്ങി സമഗ്രമേഖലകളിലും ലോകോത്തരനിലവാരമുള്ള ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്‌ ബിബിഎസ്‌എസ്‌എല്‍.

 

Moonamvazhi

Authorize Writer

Moonamvazhi has 162 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News