ഭവനനിര്‍മാണ സഹകരണ സംഘത്തിന് സാംസ്‌കാരിക ഫണ്ട് സ്വരൂപിക്കാം- ബോംബെ ഹൈക്കോടതി

[mbzauthor]
ഒരു ഭവനനിര്‍മാണ സഹകരണസംഘം എന്നതു ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്നും ഇത്തരം സംഘങ്ങള്‍ക്കു സാംസ്‌കാരിക-വിനോദപരിപാടികള്‍ക്കായി ഫണ്ട് ശേഖരിക്കാമെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കായി സംഘത്തിനു ഫണ്ട് ശേഖരിക്കാമെന്നു ഭരണസമിതി 17 വര്‍ഷംമുമ്പു പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതിയുടെ വിധി. സംഘത്തിന്റെ നിയമാവലിയിലെ 5 ( ഡി ) വ്യവസ്ഥയനുസരിച്ചു സാമൂഹിക-സാംസ്‌കാരിക-വിനോദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതു സംഘത്തിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഫണ്ട് ശേഖരണത്തിനു സംഘത്തിന്റെ പൊതുയോഗം അംഗീകാരം നല്‍കണമെന്നു മാത്രം-ജസ്റ്റിസ് മാധവ് ജംദാര്‍ അഭിപ്രായപ്പെട്ടു.

ശ്രീജി വില്ലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ മാനേജിങ്ങ് കമ്മറ്റിക്കെതിരെ സംഘാംഗമായ ജ്യോതി ലൊഹോകരെ എന്ന വനിത 2019 ല്‍ നല്‍കിയ ഹര്‍ജിയിലാണു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 നു ബോംബെ ഹൈക്കോടതിയുടെ തീര്‍പ്പുണ്ടായത്. ഏതെങ്കിലും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കായി പൊതു ക്ഷേമനിധിയിലേക്കു സംഘത്തിന്റെ ലാഭത്തില്‍നിന്നു മാത്രമേ പണം അനുവദിക്കാവൂ എന്നതായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. സംഘത്തിന് ഒരു സാംസ്‌കാരികനിധി രൂപവത്കരിക്കാനും അതിലേക്കു സംഭാവന ശേഖരിക്കാനും നിയമാവലിയില്‍ തടസ്സമുണ്ടെന്നു വ്യാഖ്യാനിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. അതിനാല്‍, സാമൂഹിക-സാംസ്‌കാരിക-വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതു ഭവനനിര്‍മാണ സംഘങ്ങള്‍ക്കും പ്രധാനമാണ്. നിയമാവലിയിലെ 5 ( ഡി ) ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്- ജസ്റ്റിസ് മാധവ് ജംദാര്‍ പറഞ്ഞു. മഹാരാഷ്ട്ര സഹകരണസംഘം നിയമമനുസരിച്ച് ഭവനനിര്‍മാണസംഘങ്ങളും മറ്റു സഹകരണസംഘങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് ശേഖരിക്കുന്നതിനു ഭവനസംഘങ്ങള്‍ക്ക് അനുവാദമുണ്ട്. ഹര്‍ജിക്കാരി വാദിക്കുന്നതുപോലെ ഈ ഫണ്ട് സംഘത്തിന്റെ ലാഭത്തില്‍നിന്നു മാത്രമേ കണ്ടെത്താവൂ എന്ന് ഇതിനര്‍ഥമില്ല. പക്ഷേ, ഈ ഫണ്ടിനു സംഘത്തിന്റെ വാര്‍ഷികപൊതുയോഗം അംഗീകാരം നല്‍കിയിരിക്കണം. അതുപോലെ, നിയമത്തിലെ വ്യവസ്ഥകള്‍ക്ക് എതിരാവാനും പാടില്ല- കോടതി ചൂണ്ടിക്കാട്ടി.

സംഘത്തിന്റെ നിയമാവലിയിലെ 65 -ാം വ്യവസ്ഥയനുസരിച്ചു സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കു പണം ഈടാക്കാന്‍ അനുവാദമില്ലെന്നു ഹര്‍ജിക്കാരി വാദിച്ചു. സംഘം ഈ വാദത്തെ എതിര്‍ത്തു. 2006 നവംബറില്‍ ചേര്‍ന്ന സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ഒരു സാംസ്‌കാരികനിധിയ്ക്കു അംഗീകാരം നല്‍കുകയും അതിലേക്ക് ഓരോ ഫ്‌ളാറ്റുടമയില്‍നിന്നും പ്രതിമാസം 70 രൂപ വെച്ചു പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നു സംഘം ബോധിപ്പിച്ചു. താനെ സഹകരണകോടതി 2019 മാര്‍ച്ചില്‍ ലൊഹോകരെയുടെ ഹര്‍ജി തള്ളുകയും മുബൈയിലെ മഹാരാഷ്ട്ര സംസ്ഥാന സഹകരണ അപ്പലറ്റ് കോടതി അക്കൊല്ലം ജൂണില്‍ അതു ശരിവെക്കുകയും ചെയ്തിട്ടുണ്ടെന്നു സംഘം ചൂണ്ടിക്കാട്ടി. നിയമാവലിയിലെ 65 -ാം വ്യവസ്ഥയില്‍ പൊതുയോഗം തീരുമാനിക്കുന്ന മറ്റെന്തെങ്കിലും ചാര്‍ജ് എന്നു വ്യക്തമാക്കുന്നുണ്ടെന്നും ഇതു മഹാരാഷ്ട്ര സഹകരണസംനിയമത്തിനോ സംഘത്തിന്റെ നിയമാവലിക്കോ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. ഒരു പൊതു ആവശ്യത്തിന്റെ പേരില്‍, സ്വമേധയാ സംഘടിച്ച്, ജനാധിപത്യപരമായി നിയന്ത്രിക്കപ്പെട്ട്, സഹകരണതത്വങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണസ്ഥാപനമാണു സഹകരണസംഘം എന്നു കോടതി നിരീക്ഷിച്ചു. നൂറു പേരുള്ള ഒരു സംഘത്തിലെ ഒരംഗം സാംസ്‌കാരികഫണ്ട് ശേഖരിക്കുന്നതിനെ എതിര്‍ക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.