കശുമാവുകൃഷി വ്യാപിപ്പിക്കാനും തോട്ടണ്ടി സംഭരിക്കാനും സഹകരണസംഘങ്ങളുടെ സഹായം തേടുന്നു
കേരളത്തില്‍ കശുവണ്ടിമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാനായി സഹകരണസംഘങ്ങളുടെ സഹായത്തോടെ കശുമാവുകൃഷി വ്യാപിപ്പിക്കാനും തോട്ടണ്ടി സംഭരിക്കാനും കേരള സംസ്ഥാന കശുമാവ്കൃഷി വികസന ഏജന്‍സി ( കെ.എസ്.എ.സി.സി ) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2023-24 സാമ്പത്തികവര്‍ഷം എട്ടു ലക്ഷം കശുമാവ് ഗ്രാഫ്റ്റുകള്‍ കര്‍ഷകര്‍ക്കു സൗജന്യമായി വിതരണം ചെയ്യും. അധികം പൊക്കം വെക്കാത്തതും പടരാത്തതും മൂന്നു വര്‍ഷംകൊണ്ടു കായ്ക്കുന്നതുമായ അത്യുല്‍പ്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണു വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും സഹകരണസംഘങ്ങളുടെ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്‍കും. ഇതോടൊപ്പം, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടി സഹകരണസംഘങ്ങള്‍ വഴി സംഭരിക്കാനും പരിപാടിയുണ്ട്. ഇങ്ങനെ സംഭരിക്കുന്ന കശുവണ്ടി കെ.എസ്.സി.ഡി.സി, കാപെക്‌സ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കു നല്‍കി കര്‍ഷകര്‍ക്കു ന്യായവില നേടിക്കൊടുക്കുകയാണു ലക്ഷ്യം. ഇതിനായി കെ.എസ്.എ.സി.സി.യുടെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ സഹകരണസംഘങ്ങളുമായി ബന്ധപ്പെടുമെന്നു സ്‌പെഷല്‍ ഓഫീസര്‍ ( കാഷ്യൂ ) ആന്റ് ചെയര്‍മാന്‍ കെ.എസ്.എ.സി.സി. അറിയിച്ചു.
[mbzshare]