സ്ത്രീ ശാക്തീകരണ വെളിച്ചവുമായി കോതമംഗലം മര്‍ക്കന്റയില്‍ സംഘം

- വി.എന്‍. പ്രസന്നന്‍

കോതമംഗലത്തെ വ്യാപാരികളെ കൊള്ളപ്പലിശക്കാരില്‍
നിന്നു രക്ഷിക്കാന്‍ 2008 ല്‍ 25 കച്ചവടക്കാര്‍ ആയിരം
രൂപവീതം മുടക്കി തുടങ്ങിയ ഈ സഹകരണ സംഘത്തില്‍
ഇന്നു മൂവായിരത്തിഅഞ്ഞൂറിലേറെ അംഗങ്ങളുണ്ട്.
മൂലധനം ഏതാണ്ട് 37 ലക്ഷം രൂപ. 80 ശതമാനം
ഊര്‍ജലാഭം കിട്ടുന്ന എല്‍.ഇ.ഡി. ബള്‍ബില്‍ നിന്നുമാത്രം
സംഘം ഇക്കൊല്ലം 3.75 ലക്ഷം രൂപ ലാഭമുണ്ടാക്കി.

 

സ്ത്രീശാക്തീകരണത്തിനു വ്യാപാരിസമൂഹം നല്‍കുന്ന പിന്തുണയുടെ ജൈവവെളിച്ചം പ്രസരിപ്പിക്കുന്നവയാണു ‘മാസ്’ എല്‍.ഇ.ഡി. ബള്‍ബുകള്‍. എറണാകുളം ജില്ലയിലെ കോതമംഗലത്തെ വ്യാപാരികളുടെ സഹകരണ സംഘമായ കോതമംഗലം താലൂക്ക് മര്‍ക്കന്റയില്‍ സഹകരണസംഘത്തിന്റെ (നമ്പര്‍ ഇ 1159) കീഴിലുള്ള ഒരു സ്വയംസഹായ സംഘത്തിന്റെ ഉല്‍പ്പന്നമാണ് ഈ എല്‍.ഇ.ഡി. ബള്‍ബുകള്‍. മര്‍ക്കന്റയില്‍ എയ്ഡഡ് സ്വയംസഹായസംഘം (ങലൃരമിശേഹല അശറലറ ടംമ്യമാ ടമവമ്യമമെിഴമാ ങഅടട) എന്നതാണു ‘മാസ്’ എന്ന ബ്രാന്റ്‌നാമത്തിന്റെ പൂര്‍ണരൂപം.

കൂടുതല്‍ പ്രകാശം,
കൂടുതല്‍ ഈട്

സ്ത്രീശാക്തീകരണപദ്ധതികളുടെ ഭാഗമായാണു സംഘം ‘മാസി’നു രൂപം നല്‍കിയത്. എല്‍.ഇ.ഡി. ബള്‍ബുകള്‍ മാത്രമല്ല എല്‍.ഇ.ഡി. ട്യൂബ് ലൈറ്റുകളും ഇന്‍വര്‍ട്ടര്‍ എല്‍.ഇ.ഡി. ബള്‍ബുകളും മാസിന്റെതായുണ്ട്. ഏപ്രില്‍ 18 മുതല്‍ 22 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സഹകരണഎക്‌സ്‌പോയില്‍ ഇവയ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു. ”കേരളസര്‍ക്കാരിന്റെ ഫിലമെന്റ്‌രഹിത കേരളം പദ്ധതിയുമായി ചേര്‍ന്നു പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചിട്ടുള്ള ഈ ബള്‍ബുകള്‍ ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ്. സാധാരണ ബ്രാന്റഡ് എല്‍.ഇ.ഡി. ബള്‍ബുകളെക്കാള്‍ കൂടുതല്‍ പ്രകാശവും ഈടും ‘മാസ് എല്‍.ഇ.ഡി’ ഉറപ്പാക്കുന്നു. ഉന്നതഗുണനിലവാരമുള്ള ഡ്രൈവുകളും എല്‍.ഇ.ഡി.യുമാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ പ്രകാശം മങ്ങിപ്പോകാതെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നു. കൂടാതെ ഒരു വര്‍ഷത്തെ റീപ്ലേസബിള്‍ വാറന്റി ഈ ബള്‍ബിനു നല്‍കുന്നു”- എല്‍.ഇ.ഡി. ബള്‍ബുകളുടെ പ്രചാരണത്തിനായി തയാറാക്കിയ ബ്രോഷര്‍ അവകാശപ്പെടുന്നു. 80 ശതമാനം ഊര്‍ജലാഭം, 30,000 മുതല്‍ 50,000 വരെ മണിക്കൂര്‍ പ്രവര്‍ത്തനശേഷി, യു.വി. വികിരണമോ ഐ.ആര്‍. വികിരണമോ ഇല്ല, മങ്ങുകയില്ല, മെര്‍ക്കുറിയില്ല, ഉയര്‍ന്ന പ്രകാശശേഷി, ഇന്‍ഡോര്‍ ഉപയോഗത്തിനു സമുചിതം എന്നീ മെച്ചങ്ങളും ഈ ബള്‍ബ് അവകാശപ്പെടുന്നുണ്ട്.

2019 ല്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണപദ്ധതി ഉദ്ഘാടനം ചെയ്തത്. സ്ത്രീകള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താന്‍ ഉദ്ദേശിച്ച് വസ്ത്രനിര്‍മാണം, അച്ചാറുകള്‍ ഉണ്ടാക്കല്‍, പലഹാരങ്ങള്‍ തയാറാക്കല്‍, സോപ്പുപൊടി ഉല്‍പ്പാദനം, ഡിറ്റര്‍ജന്റ് നിര്‍മിക്കല്‍ എന്നിവയും ഇവയുടെ വിപണനത്തിനായി ഒരു മാര്‍ട്ടും ‘മാസി’ന്റെ ഭാഗമായി വിഭാവന ചെയ്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി വന്നതുമൂലം എല്‍.ഇ.ഡി. പദ്ധതി മാത്രമേ തുടങ്ങാനായിട്ടുള്ളൂ. ഉദ്ദേശിച്ച മറ്റു കാര്യങ്ങളും ചെയ്യാനുള്ള ശ്രമത്തിലാണു ബാങ്ക്. ഇതിനായി തദ്ദേശഭരണസ്ഥാപനമേഖലകളില്‍ എട്ടും ഒമ്പതും പേരുള്ള സ്വയംസഹായസംഘം യൂണിറ്റുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.

ദിവസം 80 ബള്‍ബുകള്‍ വീതമാണു നിര്‍മിച്ചത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സാങ്കേതികസഹായത്തോടെയാണു നടപ്പാക്കിയത്. പരിഷത്ത് ഏര്‍പ്പാടുചെയ്ത വിദഗ്ധര്‍ കോതമംഗലം റെസ്റ്റ് ഹൗസില്‍ പരിശീലനക്ലാസുകള്‍ നടത്തി. അവരില്‍നിന്നു 25 പേരെ തിരഞ്ഞെടുത്തു. അതില്‍നിന്നു വീണ്ടും അഞ്ചുപേരെ തിരഞ്ഞെടുത്താണ് എല്‍.ഇ.ഡി. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്. ഒരു ബള്‍ബ് നിര്‍മിക്കാന്‍ അഞ്ചു രൂപയാണു പ്രതിഫലം. എല്‍.ഇ.ഡി. ട്യൂബ്‌ലൈറ്റ് നിര്‍മിക്കാന്‍ പത്തു രൂപ നല്‍കും. എല്‍.ഇ.ഡി. ഇന്‍വര്‍ട്ടര്‍ ബള്‍ബ് നിര്‍മിക്കാനും പത്തു രൂപ തന്നെ. യാത്രാബത്തയും അനുവദിക്കുന്നുണ്ട്. ഒരു ബള്‍ബ് 80 രൂപയ്ക്കാണു വില്‍ക്കുന്നത്. എല്‍.ഇ.ഡി. ട്യൂബ്‌ലൈറ്റിനു 250 രൂപയും എല്‍.ഇ.ഡി. ഇന്‍വര്‍ട്ടര്‍ ബള്‍ബിനു 350 രൂപയുമാണു സംഘം ഈടാക്കുന്നത്. ശാസ്ത്രസാഹിത്യപരിഷത്ത് വഴി ഡല്‍ഹിയിലെ ഒരു സ്ഥാപനത്തില്‍നിന്നാണു യന്ത്രസാമഗ്രികള്‍ വാങ്ങിയത്. അഞ്ചു ലക്ഷം രൂപ ചെലവിലാണു സംരംഭം തുടങ്ങിയത്. അതു പൂര്‍ണമായി സഹകരണവകുപ്പില്‍നിന്നു സബ്‌സിഡിയായി ലഭിച്ചു.

സഹകരണസംഘത്തിന്റെ കളക്ഷന്‍ ഏജന്റുമാര്‍വഴിയാണു വില്‍പ്പന. കോ-ഓപ്മാര്‍ട്ട് വഴിയും വില്‍ക്കുന്നുണ്ട്. കോതമംഗലം താലൂക്കിലാണു പ്രധാനമായും വില്‍പ്പന. വിപണനം കൂടുതല്‍ വിപുലവും തീവ്രവുമാക്കേണ്ടതുണ്ടെന്നതാണു സംഘം നേരിടുന്ന വെല്ലുവിളി. വിപണി കണ്ടെത്തുന്നതിലുള്ള പ്രയാസങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്. എങ്കിലും, വൈകാതെ സക്രിയമാകാനാവുമെന്നാണു പ്രതീക്ഷ. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കു പ്രകാരം ‘മാസ്’ ബള്‍ബുകളില്‍നിന്നു മൂന്നേമുക്കാല്‍ ലക്ഷം രൂപ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കൊള്ളപ്പലിശക്കാരില്‍
നിന്നുള്ള മോചനം

കോതമംഗലത്തെ വ്യാപാരികളെ അമിതപ്പലിശക്കാരില്‍നിന്നു രക്ഷിക്കാനാണു കോതമംഗലം താലൂക്ക് മര്‍ക്കന്റൈല്‍ സഹകരണസംഘം രൂപവത്കരിച്ചത്. വ്യാപാരിവ്യവസായിസമിതി നേതാക്കളായ കെ.എം. പരീത്, കെ.എ. നൗഷാദ്, എം.യു. അഷ്‌റഫ് തുടങ്ങിയവര്‍ മുന്‍കൈയെടുത്തു. 25 കച്ചവടക്കാര്‍ ആയിരം രൂപ വീതം മുടക്കി 25,000 രൂപയുടെ ഓഹരിമൂലധനവുമായിട്ടാണു തുടക്കം. 2008 മാര്‍ച്ച് 10 നു രജിസ്‌ട്രേഷന്‍ ലഭിച്ച സംഘം 28 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. കോതമംഗലം താലൂക്കിലെ പത്തു ഗ്രാമപ്പഞ്ചായത്തും കോതമംഗലം നഗരസഭയുമാണു പ്രവര്‍ത്തനപരിധി. കോതമംഗലം സര്‍ക്കാരാശുപത്രിക്കുസമീപം ഇഞ്ചക്കുടിയില്‍ ബില്‍ഡിങ്ങിലെ വാടകക്കെട്ടിടത്തിലാണു സംഘത്തിന്റെ ആസ്ഥാനം. അടുത്തകാലത്ത് അടിവാട് ഒരു ശാഖ തുടങ്ങിയിട്ടുണ്ട്. വ്യവസായമന്ത്രി പി. രാജീവാണ് ഇത് ഉദ്ഘാടനം ചെയ്തത്. വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തനം. കോതമംഗലം ബൈപാസ്സിനുസമീപം ഏഴരസെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ കെട്ടിടം പണിയും. മൂവായിരത്തിയഞ്ഞൂറോളം വ്യാപാരികള്‍ ഇപ്പോള്‍ സംഘത്തില്‍ അംഗങ്ങളാണ്. 36,94,920 രൂപയാണ് ഓഹരിമൂലധനം.

നേരത്തേ ജൈവക്കൃഷി പ്രോത്സാഹനത്തിനു ‘ഞാറ്റുവേല’ സ്വാശ്രയസംഘം രൂപവത്കരിച്ചിരുന്നു. എല്ലാ ഗ്രാമപ്പഞ്ചായത്തിലും ഇതിന്റെ ഓരോ യൂണിറ്റും രൂപവത്കരിച്ചു. അവര്‍ക്കു സാമ്പത്തികസഹായം നല്‍കി ജൈവക്കൃഷി പ്രോത്സാഹിപ്പിച്ചു. പക്ഷേ, 2018 ലെ പ്രളയം സംഘത്തെ കാര്യമായി ബാധിച്ചു. വളരെയേറെ വ്യാപാരസ്ഥാപനങ്ങള്‍ പ്രളയത്തിന് ഇരയായതു വ്യാപാരികളുടെ ഈ സംഘത്തെ വിഷമിപ്പിച്ചു. എങ്കിലും, അക്കാലത്തു 110 കച്ചവടക്കാര്‍ക്കു 25,000 രൂപ വീതം പലിശരഹിതവായ്പ നല്‍കി. ഒരു വര്‍ഷംകൊണ്ട് അടച്ചാല്‍ മതിയെന്ന ഇളവും നല്‍കി. 27,50,000 രൂപ ഈയിനത്തില്‍ സംഘം നല്‍കി. ദുരിതാശ്വാസക്യാമ്പിലേക്ക് അരി, പലചരക്ക്, പച്ചക്കറികള്‍, കിടക്ക, തലയണ തുടങ്ങിയവയും നല്‍കി.

കോവിഡ് കാലത്തു പരമാവധി പലിശയിളവുകള്‍ നല്‍കി. കോവിഡ്് ബാധിച്ചവരുടെ വായ്പയുടെ പലിശ പൂര്‍ണമായി ഒഴിവാക്കിക്കൊടുത്തു. പ്രളയത്തിനുമുമ്പുവരെ എല്ലാ വര്‍ഷവും വിദ്യാര്‍ഥികള്‍ക്കു സൗജന്യ കരിയര്‍ഗൈഡന്‍സ് സംഘടിപ്പിക്കുമായിരുന്നു. എണ്ണൂറും തൊള്ളായിരവും വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്ന ഇവ വന്‍വിദ്യാര്‍ഥിപങ്കാളിത്തംകൊണ്ടു ശ്രദ്ധേയങ്ങളായിരുന്നു. ഇതു പുനരാരംഭിക്കുന്നുണ്ട്. മിടുക്കരായ എസ്.എസ.്എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കമായ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനു ധനസഹായവും നല്‍കുന്നു.

സംഘത്തിന്റെ ആസ്ഥാനത്തിനുസമീപം കളത്തില്‍ ബില്‍ഡിങ്ങിലും ധര്‍മഗിരി ആശുപത്രിക്കടുത്തും സംഘത്തിനു മര്‍ക്കന്‍ൈല്‍ സഹകരണ നീതി ലബോറട്ടറികളുണ്ട്. എല്ലാ പരിശോധനകള്‍ക്കും 30 മുതല്‍ 60 വരെ ശതമാനം നിരക്കിളവുണ്ട്. പ്രമേഹപരിശോധനയ്ക്കു പത്തു രൂപയേയുള്ളൂ. രണ്ടു ലാബിലുമായി ദിവസം 80 മുതല്‍ 100 വരെ സാമ്പിളുകള്‍ പരിശോധിക്കുന്നു. ലാബ് തുടങ്ങാന്‍ 20 ലക്ഷം രൂപ സഹകരണവകുപ്പ് അനുവദിച്ചു. ഇതില്‍ നാലു ലക്ഷം രൂപ സബ്‌സിഡിയാണ്. എട്ടു ലക്ഷം രൂപ ഓഹരിയും. എട്ടു ലക്ഷം രൂപയാണു തിരിച്ചടയ്‌ക്കേണ്ടത്. രണ്ടു വര്‍ഷമായി ലാബുകള്‍ ലാഭത്തിലാണ്.

നിക്ഷേപം
13.93 കോടി

2022 മാര്‍ച്ച് 31 ലെ കണക്കു പ്രകാരം സംഘത്തിനു 13.93 കോടി രൂപ നിക്ഷേപവും 8.58 കോടി രൂപ വായ്പബാക്കിനില്‍പ്പുമുണ്ട്. വായ്പപ്പലിശ 12 ശതമാനമായിരുന്നതു 11 ശതമാനമാക്കി. ഒരു കോടി 10 ലക്ഷം രൂപ സലയുള്ള സമ്പാദ്യപദ്ധതികളും നടത്തിവരുന്നു. 2008 ല്‍ ആരംഭിച്ച സംഘം കോവിഡിനുമുമ്പുവരെ ലാഭത്തിലായിരുന്നു. കോവിഡുമൂലം രണ്ടു വര്‍ഷം നഷ്ടം വന്നു. വീണ്ടും ലാഭത്തിലാക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ്. എന്‍.ഇ.എഫ്.റ്റി, ആര്‍.ടി.ജി.എസ്. സംവിധാനങ്ങളും എസ്.എം.എസ.് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ അടച്ചുതീര്‍ക്കുന്നവര്‍ക്കു പലിശയില്‍ അഞ്ചു ശതമാനം ഇന്‍സന്റീവ് നല്‍കുന്നു. ചിട്ടിത്തുക മുടങ്ങാതെ അടയ്ക്കുന്നവര്‍ക്കു സലയുടെ ഒരു ശതമാനം ഇന്‍സന്റീവുണ്ട്. കഴിഞ്ഞവര്‍ഷം ‘നവകേരളീയം’ കുടിശ്ശികനിവാരണപദ്ധതിയില്‍ 3,85,000 രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി. സര്‍ക്കാരിന്റെ നിക്ഷേപഗ്യാരണ്ടി സ്‌കീമിലും റിസ്‌ക്ഫണ്ട് സ്‌കീമിലും അംഗമായ സംഘം വിദ്യാഭ്യാസഫണ്ട്, മെമ്പര്‍റിലീഫ് ഫണ്ട്, റിസര്‍വ് ഫണ്ട് തുടങ്ങിയവ സര്‍ക്കാരിലേക്കു കൃത്യമായി അടയ്ക്കുന്നുണ്ട്.

വ്യാപാരികള്‍ക്കു പ്രത്യേക വായ്പകളുണ്ട്. മൂന്നു വ്യാപാരികളുടെ പരസ്പരജാമ്യത്തില്‍ 50,000 രൂപ വീതം ഒരു വര്‍ഷത്തേക്കു നല്‍കും. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 50,000 രൂപ വരെ പലിശരഹിതവായ്പ നല്‍കുന്നു. വ്യാപാരികള്‍ക്കു ഫര്‍ണിച്ചര്‍, ലാപ്‌ടോപ്, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വായ്പ നല്‍കുന്നുണ്ട്. വായ്പകളെല്ലാം ദിവസേന പിരിക്കുന്നു. അതുകൊണ്ടു കുടിശ്ശിക കുറയ്ക്കാനായി.

അടിവാട് ഒരു നീതിമെഡിക്കല്‍സും നീതി ലാബും ആറു മാസത്തിനകം തുടങ്ങുമെന്നു പ്രസിഡന്റ് കെ.എം. പരീത് പറഞ്ഞു. സായാഹ്നശാഖകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ചക്രക്കസേരയും ഓട്ടോമാറ്റിക് കട്ടിലും സര്‍ജിക്കല്‍ ഉപകരണങ്ങളും വിവിധ പരിശോധനാഉപകരണങ്ങളും അടക്കമുള്ള മെഡിക്കല്‍ സാമഗ്രികളുടെ വില്‍പ്പനകേന്ദ്രം തുടങ്ങാന്‍ പരിപാടിയുണ്ട്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണം വിപുലമാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംഘം ആരംഭിച്ച കാലം മുതല്‍ പരീതാണു പ്രസിഡന്റ്. അദ്ദേഹം സി.പി.എം. ഏരിയാക്കമ്മറ്റിയംഗവും വ്യാപാരിവ്യവസായിസമിതി ജില്ലാക്കമ്മറ്റിയംഗവുമാണ്. കെ.എ. കുര്യാക്കോസ്, ഇ.വി. മോന്‍സി, റാജി വിജയന്‍, സന്തോഷ്‌കുമാര്‍ സി.കെ, യൂസുഫ് എന്‍.ബി, ശോഭന ശശി, ബിനി രാജന്‍, അബ്ദുള്‍കരീം സി.പി., മഞ്ജു സാബു, ഷെഫിന്‍ അലി എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. കെ.എസ്. മനോജാണു സെക്രട്ടറി.

Leave a Reply

Your email address will not be published.