സഹകരണ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലെ ആദ്യദിനം കേരള ബാങ്ക് വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാൽ ആശയ സമ്പുഷ്ടമായി.

adminmoonam

കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ പ്രതിസന്ധികൾ എന്ന വിഷയത്തിലുള്ള സിംപോസിയത്തിൽ ആണ് കേരള ബാങ്കുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായത്. സിംപോസിയത്തിൽ അധ്യക്ഷത വഹിച്ച സംഘടന ജനറൽ സെക്രട്ടറി സഹകരണ രംഗം അവസാനത്തിലേക്ക് ആണ് പോകുന്നത് എന്ന ആശങ്ക പ്രകടിപ്പിച്ചു. ഒപ്പം കേരള ബാങ്കിന്റെ പൂർണമായ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുക്കുന്നത് വഴി പ്രാഥമിക സഹകരണ സംഘങ്ങളുടെ കേരള ബാങ്കിലെ മൂലധനം ഇതിനകം സീറോ ആയി എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രാഥമിക സഹകരണ സംഘങ്ങൾ നിക്ഷേപത്തിന് കൊടുക്കുന്ന പലിശയെക്കാൾ കുറഞ്ഞ പലിശയ്ക്ക് കേരള ബാങ്കിൽ പണം നിക്ഷേപിക്കുന്നത് വഴി വലിയ നഷ്ടം ഉണ്ടാകും. സഹകരണ മേഖല ഇതു വരെ ഉണ്ടാകാത്ത വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത് എന്നും അദ്ദേഹം പറഞ്ഞു. സഹകരണം എന്ന രീതി മാറി സ്മാൾ ഫിനാൻസ് ബാങ്ക് ലേക്ക് മാറുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നതെന്നും സി എം പി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.

പിന്നീട് സംസാരിച്ച കോൺഗ്രസ് നേതാവ് കൂടിയായ മുൻ ഗവർണർ കെ. ശങ്കരനാരായണൻ, കേരള ബാങ്കിൽ റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ് എന്ന നിലപാടാണ് പ്രകടിപ്പിച്ചത്. അല്ലെങ്കിൽ ആറുമാസത്തിനകം കേരള ബാങ്കിലെ മുഴുവൻ പണവും മറ്റാവശ്യങ്ങൾക്കായി സംസ്ഥാന ധനമന്ത്രി വിനിയോഗിക്കുമെന്ന് പറഞ്ഞു. പലിശ കൊടുക്കാൻ കടം വാങ്ങുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖല സുശക്തം ആണെന്നും നിരവധി മികച്ചസഹകാരികളും സഹകരണ മേഖല എല്ലാ രംഗത്തും പടർന്നുപന്തലിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സഹകരണ നിയമം ഭേദഗതി ചെയ്ത് റിസർവ് ബാങ്കിന്റെ കടന്നുകയറ്റത്തെ ചെറുക്കും എന്നാണ് മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ടും സി പി എം നേതാവുമായ പി.എ .ഉമ്മർ പറഞ്ഞത്. ഭേദഗതി ക്കായുള്ള കമ്മറ്റി അടുത്തമാസം യോഗം ചേരും. വിശദമായ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമായിരിക്കും സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരുക എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെ ആസ്തിയിൽ പണ്ടുമുതലേ ആർബിഐ ക്‌ നോട്ടമുണ്ട്. കേരള ബാങ്കിലെ ബോർഡ് ഓഫ് മാനേജ്മെന്റിനു ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സാമ്പത്തിക കാര്യങ്ങളിൽ ഭരണസമിതിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അടിവരയിട്ടു.

പിന്നീട് സംസാരിച്ച സഹകരണ ഫെഡറേഷൻ ചെയർമാൻ കേരള ബാങ്കിനെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്- കുട്ടി പിറന്നു കഴിഞ്ഞു. ഇനി അതിനേക്കാൾ ഉണ്ടോ കയ്യിൽ ഉണ്ടോ എന്ന് നോക്കുക അല്ല വേണ്ടത്. അതിനെ നന്നായി വളർത്താൻ ശ്രമിക്കണം. പിന്നെ എം വി രാഘവനും പിണറായി വിജയനും എല്ലാം ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻ ഇച്ഛാശക്തിയുള്ള നേതാക്കളാണ്. പിണറായി വിജയൻ തീരുമാനിച്ചു. കേരളബാങ്ക് നടപ്പാക്കി. ഇനി ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പോൾ നോക്കും അതാണ് ശൈലി. കേരളബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്ക് ആണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷത്തേക്ക് സഹകരണ മേഖലയെ കുറിച്ച് പറയാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നാളെ നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെയും രാജ്യത്തെയും സഹകരണ സാമ്പത്തിക മേഖലകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചകൾ നടക്കും. രാവിലെ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. സഹകരണ ഫെഡറേഷൻ ചെയർമാൻ സി എൻ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ ആണ് മലമ്പുഴയിൽ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!