സഹകരണ പലിശ കൂട്ടണമെന്ന് സഹകാരികള്‍; കുറയ്ക്കണമെന്ന് കേരളബാങ്ക്

moonamvazhi

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വൈകും. സഹകാരികളുടെ ആവശ്യത്തിന് എതിരായ നിലപാടാണ് കേരളബാങ്കിന്റേത് എന്നതാണ് കാരണം. വാണിജ്യബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തില്‍ സഹകരണ മേഖലയിലെ പലിശ നിരക്കിലും മാറ്റം വരുത്തണമെന്നാണ് സഹകാരികളുടെ ആവശ്യം. സഹകരണ സംഘങ്ങളില്‍ നിക്ഷേപ ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം സഹകാരികള്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഇതിനോട് കേരളബാങ്കിന് യോജിപ്പില്ല. പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യമാണ് കേരളബാങ്ക് ഉയര്‍ത്തുന്നത്.

വാണിജ്യബാങ്കുകള്‍ അഞ്ചുശതമാനം പലിശ നിക്ഷേപത്തിന് നല്‍കുമ്പോള്‍ ഏഴ് ശതമാനമായിരുന്നു സഹകരണ സംഘങ്ങള്‍ നല്‍കുന്ന പലിശ. ഇപ്പോള്‍ ആറ് ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന പലിശ. സഹകരണ മേഖലയില്‍ പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടുമില്ല. സഹകരണ മേഖലയ്‌ക്കെതിരെ പൊതുവേയും, നിക്ഷേപത്തിന് സുരക്ഷയില്ലെന്ന രീതിയില്‍ പ്രത്യേകിച്ചും പ്രചരണം നടക്കുന്ന ഘട്ടത്തില്‍ ആകര്‍ഷകമായ പലിശ നിരക്കെങ്കിലും നിലനിര്‍ത്തേണ്ടതുണ്ടെന്നാണ് സഹകാരികള്‍ ആവശ്യപ്പെടുന്നത്. ഇത് വൈകുന്നത് സഹകരണ സംഘങ്ങളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്.

വാണിജ്യ ബാങ്കുകളേക്കാള്‍ രണ്ടുശതമാനത്തോളം പലിശ അധികം നല്‍കേണ്ടിവരുന്നത് കേരളബാങ്കിന്റെ ലാഭക്ഷമതയെ ബാധിക്കുന്നതാണെന്നാണ് കേരളാബാങ്ക് അധികൃതരുടെ വാദം. പ്രാഥമിക ബാങ്കുകളും സംഘങ്ങളും വ്യക്തികളുടെ നിക്ഷേപത്തിന് നല്‍കുന്ന പലിശയുടെ അതേ നിരക്കില്‍ തന്നെ, സംഘങ്ങളുടെ നിക്ഷേപത്തിന് കേരളബാങ്കും നല്‍കണം. നേരത്തെ ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു നല്‍കിയിരുന്നത്. പലവക സംഘങ്ങളുടെ നിക്ഷേപത്തിന് ഈ പലിശ സുരക്ഷ കേരളബാങ്ക് നല്‍കിയിരുന്നില്ല. ഇത് പലവക സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അവര്‍ നിരന്തരമായി സമരത്തിനിറങ്ങിയപ്പോള്‍ പലിശസുരക്ഷ പലവക സംഘങ്ങള്‍ക്കും ബാധകമാക്കി. ഇതെല്ലാം കേരളബാങ്കിന് ബാധ്യത വരുത്തുന്നുവെന്നാണ് അവരുടെ വാദം.

കേരളബാങ്ക് മത്സരിക്കുന്നത് വാണിജ്യ ബാങ്കുകളുമായാണ്. അതിനാല്‍, വാണിജ്യ ബാങ്കുകള്‍ക്ക് ലഭിക്കുന്ന രീതിയില്‍ കുറഞ്ഞ പലിശയ്ക്ക് നിക്ഷേപം ലഭിച്ചാലെ വായ്പയും പലിശ കുറച്ച് നല്‍കാനാകൂവെന്നതാണ് കേരളബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, കേരളബാങ്കിലെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും, ബിസിനസിന്റെ നല്ലൊരുഭാഗവും പ്രാഥമിക സഹകരണ ബാങ്കുകള്‍വഴിയാണെന്നത് കേരളബാങ്ക് അധികൃതര്‍ മറക്കുകയാണ്.

സഹകരണ മേഖലയിലെ പലിശ നിര്‍ണയ സമിതിയില്‍ കേരളബാങ്കിനാണ് നിര്‍ണായക പ്രാതിനിധ്യമുള്ളത്. കേരളബാങ്ക് പ്രസിഡന്റ്, സി.ഇ.ഒ., ചീഫ് ജനറല്‍ മാനേജര്‍ എന്നിവരെല്ലാം പലിശ നിര്‍ണയ സമിതിയില്‍ അംഗമാണ്. പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമാണുള്ളത്. പലിശ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം പാക്‌സ് അസോസിയേഷന്‍ ഇതുവരെ ഉന്നയിച്ചിട്ടുമില്ല. അതിനാല്‍, സഹകാരികളുടെ ആവശ്യത്തേക്കാള്‍ കേരളബാങ്കിന്റെ ആവശ്യമാകും പലിശ നിര്‍ണയകാര്യത്തില്‍ നടപ്പാകാന്‍ സാധ്യതയേറെ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!