സഹകരണ ഓഡിറ്റ് തലവനാകാന്‍ സി.എ.ജി. പ്രതിനിധി ഉടനെത്തും

Deepthi Vipin lal

സഹകരണ ബാങ്കുകളിലെയും സംഘങ്ങളുടെയും ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങി. ഓഡിറ്റ് ഡയറക്ടറേറ്റിന് സ്വതന്ത്ര ചുമതല നല്‍കാനുള്ള ആലോചനയാണ് നടക്കുന്നത്. എന്തായാലും, ഓഡിറ്റ് ഡയറക്ടറായി എത്തുന്നത് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രതിനിധിയായിരിക്കും. അത്തരത്തിലൊരാളെ അനുവദിച്ച് നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സി.എ.ജി. അംഗീകരിച്ചുകഴിഞ്ഞു. ഉടന്‍ പുതിയ ഓഡിറ്റ് ഡയറക്ടര്‍ ചുമതലയേല്‍ക്കാനെത്തുമെന്നാണ് കരുതുന്നത്.

 

സി.എ.ജി.യ്ക്ക് കീഴിലെ ഓഡിറ്റ് ഉദ്യോഗസ്ഥന്റെ സേവനം സഹകരണ ഓഡിറ്റ് ഡയറക്ടറാകാന്‍ വിട്ടുനല്‍കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയാണ് സി.എ.ജി.ക്ക് കത്ത് നല്‍കിയിരുന്നത്. ഇത് അംഗീകരിച്ച സി.എ.ജി., ഓഡിറ്റ് ഉദ്യോഗസ്ഥരുടെ പാനല്‍ സര്‍ക്കാരിന് നല്‍കി. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 16,000ത്തോളം സ്ഥാപനങ്ങളുടെ ഓഡിറ്റ് മേല്‍നോട്ടവും നടത്തിപ്പുമാണ് ഓഡിറ്റ് ഡയറക്ടറുടെ ചുമതല. അതുകൊണ്ടാണ്, ഡെപ്യുട്ടി സെക്രട്ടറി റാങ്കിലുള്ളവരെ മാത്രം സി.എ.ജി. പാനലില്‍ ഉള്‍പ്പെടുത്തിയത്.

 

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ചാകും പാനലിലെ ആരെ നിയമിക്കണമെന്ന് സി.എ.ജി. തീരുമാനിക്കുക. പാനല്‍ പരിശോധിച്ച സര്‍ക്കാര്‍ അതില്‍നിന്ന് ഒരാളുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിവ്. ഇക്കാര്യം സി.എ.ജി.യെ അറിയിച്ചിട്ടുണ്ട്. ഓഡിറ്റിങ് രംഗത്ത് കൂടുതല്‍ പരിചയമുള്ള ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് സി.എ.ജി. അംഗീകരിക്കുന്നതോടെ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് വിട്ടുകിട്ടും. ഇതില്‍ ഇനി അധികം കാലതാമസമുണ്ടാകില്ലെന്നാണ് അറിയുന്നത്.

 

സഹകരണ ബാങ്കുകളിലെ ഓഡിറ്റിങ് രീതിയില്‍ സമഗ്രമായ മാറ്റം ഉണ്ടായേക്കും. പുതിയ ഓഡിറ്റ് ഡയറക്ടറുടെ കൂടി നിര്‍ദ്ദേശം പരിഗണിച്ചാകും ഈ മാറ്റങ്ങള്‍. സഹകരണ നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിലേക്ക് നിയമഭദഗതി മാറ്റിവെച്ചത് ഇക്കാരണത്താല്‍ക്കൂടിയാണ്. ഓഡിറ്റ് ഡയറക്ടര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കണമോയെന്നതില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴിലുള്ള ഒരു വിഭാഗമായി ഓഡിറ്റ് ഡയറക്ടറേറ്റിനെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്വതന്ത്ര ഓഡിറ്റ് സംവിധാനമാണ് നിലവില്‍ വരികയെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

 

ഇത്തരമൊരു പരിഷ്‌കാരത്തിന്റെ അപകടവും ചില സഹകാരികള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ സഹകരണ സംഘങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.എ.ജി.ക്ക് കീഴിലെ ഒരു ഉദ്യോഗസ്ഥന്‍ സ്വതന്ത്ര ഓഡിറ്റ് സംവിധാനത്തിന്റെ ചുമതലക്കാരനായി വരുന്നത് അപകടകരമാകുമോയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആശങ്ക .

Leave a Reply

Your email address will not be published.

Latest News
error: Content is protected !!