ശ്രദ്ധേയമായ ഭേദഗതി നിര്‍ദേശങ്ങള്‍
1969 മെയ് 15 നു പ്രാബല്യത്തില്‍ വന്ന കേരള സഹകരണ സംഘം നിയമം ഇതിനകം 24 തവണ ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ട്. 2000 ജനുവരി ഒന്നിനും ( 27 വകുപ്പുകളിലെ ഭേദഗതികള്‍ ), 2010 ഏപ്രില്‍ 28 നും ( 33 വകുപ്പുകളിലെ ഭേദഗതികള്‍ ), 2013 ഫെബ്രുവരി 14 നും ( 35 വകുപ്പുകളിലെ ഭേദഗതികള്‍ ) പ്രാബല്യത്തില്‍ വന്ന നിയമഭേദഗതികളാണു സമഗ്ര നിയമഭേദഗതികളായി കണക്കാക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന സഹകരണ നിയമഭേദഗതിബില്ലില്‍ നിയമത്തിലെ 110 വകുപ്പുകളിലെ 57 വ്യവസ്ഥകളിലാണു ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിലെ പ്രധാനപ്പെട്ട ഭേദഗതിനിര്‍ദേശങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
കേരള സഹകരണ സംഘം നിയമത്തിലെ രണ്ടാം വകുപ്പ് നിര്‍വചനങ്ങളാണ്. ഇതിലെ ഏഴു നിര്‍വചനങ്ങളിലാണു ഭേദഗതി നിര്‍ദേശിച്ചിട്ടുള്ളത്. വകുപ്പ് രണ്ടിലെ ക്ലോസ് ( എ.ബി ) സംഘങ്ങളിലെ കണക്കുകളുടെ പരിശോധന സംബന്ധിച്ചുള്ളതാണ്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, കുടിശ്ശികക്കണക്ക്, കണക്കുകള്‍ എഴുതിസൂക്ഷിക്കുന്നവിധം, പ്രധാന രേഖകള്‍, വ്യാപാരം സംബന്ധിച്ച രേഖകള്‍, കണക്കുപരിശോധനാ റിപ്പോര്‍ട്ട് തയാറാക്കല്‍, സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരിശോധന, സ്ഥാപനത്തിന്റെ കീഴിലുള്ള അനുബന്ധസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ ശരിയാംവിധം നടക്കുന്നുണ്ടോ എന്നും സഹകരണതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്കു പ്രയോജനകരമായി സാമ്പത്തികപുരോഗതി നല്‍കുന്നുണ്ടോ എന്നുമുള്ള സൂക്ഷ്മപരിശോധന എന്നതില്‍ കമ്പ്യൂട്ടര്‍വത്കൃത അക്കൗണ്ടിങ് ഓഡിറ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. ഈ നിര്‍വചനത്തിലെ ‘ സഹകരണതത്വങ്ങളുടെ അടിസ്ഥാനത്തില്‍ ‘ എന്ന വാക്കുകള്‍ക്കുശേഷം ‘ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയിട്ടുള്ള സംഘങ്ങളില്‍ സോഫ്റ്റ്‌വെയര്‍ മുഖാന്തിരമുള്ള കണക്കുപരിശോധന, ഇതിനോടനുബന്ധിച്ചുള്ള വിശദാംശങ്ങളുടെ വിലയിരുത്തല്‍, ഡാറ്റകളുടെ കൃത്യത പരിശോധിക്കല്‍ തുടങ്ങിയവയും ഇതില്‍പ്പെടും ‘ എന്നു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍, പ്രത്യേകിച്ച് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും മറ്റു പ്രാഥമിക വായ്പാസംഘങ്ങളും, കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ മേല്‍സൂചിപ്പിച്ച ഭേദഗതിനിര്‍ദേശം സ്വാഗതാര്‍ഹമാണ്.
ഫെഡറല്‍ സഹകരണ
സംഘനിര്‍വചനം
രണ്ടാം വകുപ്പിലെ ക്ലോസ് ( ഐ.ബി ) ഫെഡറല്‍ സഹകരണ സംഘത്തിന്റെ നിര്‍വചനമാണ്. ‘ ഫെഡറല്‍ സഹകരണ സംഘം എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ പ്രവര്‍ത്തനപരിധി വരുന്നതും സര്‍ക്കാര്‍, മറ്റു സഹകരണ സംഘങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ഒരു സഹകരണ സംഘമാകുന്നു ‘ എന്നതാണു നിലവിലുണ്ടായിരുന്ന നിര്‍വചനം. ഈ നിര്‍വചനത്തില്‍ ‘ എന്നാല്‍ സംഘത്തിലെ വ്യക്തികളായിട്ടുള്ള അംഗങ്ങള്‍ മൊത്തം അംഗത്വത്തിന്റെ 25 ശതമാനത്തില്‍ അധികരിച്ചുകൂടാ ‘ എന്ന നിയന്ത്രണം ഭേദഗതിയില്‍ നിര്‍ദേശിച്ചിരിക്കുന്നു. നിര്‍വചനത്തിന്റെ അവസാനം കൂട്ടിച്ചേര്‍ക്കാനുള്ള പ്രൊവിസോയില്‍ വകുപ്പ് രണ്ടി ( ഐ.ബി ) ലെ ഈ ഭേദഗതി 2022 ലെ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന സംഘങ്ങളുടെ കാര്യത്തില്‍ ബാധകമാവുന്നതല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ( ഒ:ഭഎ.എ ) പ്രാഥമിക കാര്‍ഷിക വായ്പാസംഘത്തിന്റെ നിര്‍വചനമാണ്. ഇതിന്റെ നിലവിലുള്ള നിര്‍വചനം ഇപ്രകാരമാണ് : ‘ കാര്‍ഷികവായ്പാ വിതരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യലക്ഷ്യമായിട്ടുള്ളതും ഒരു വില്ലേജിലോ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ പ്രവര്‍ത്തനമേഖല പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ഒരു സര്‍വീസ് സഹകരണ സംഘം, സര്‍വീസ് സഹകരണ ബാങ്ക്, ഫാര്‍മേഴ്‌സ സര്‍വീസ് സഹകരണ ബാങ്ക്, റൂറല്‍ ബാങ്ക് എന്നിവയായിരിക്കുന്നതും അവയുടെ മുഖ്യ ഉദ്ദേശ്യം കാര്‍ഷികവായ്പാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക എന്നതും കാര്‍ഷികാവശ്യങ്ങള്‍ക്കു വായ്പ നല്‍കേണ്ടതും അങ്ങനെയുള്ള വായ്പകള്‍ക്കു രജിസ്ട്രാര്‍ നിശ്ചയിക്കുന്ന പലിശനിരക്കാകേണ്ടതുമായ സഹകരണ സംഘം ആകുന്നു ‘. 2010 ലെ സഹകരണനിയമഭേദഗതിയില്‍ ഈ നിര്‍വചനത്തിനുണ്ടായിരുന്ന ഒരു പ്രൊവിസോയോടൊപ്പം രണ്ടാമതൊരു പ്രൊവിസോകൂടി കൂട്ടിച്ചര്‍ക്കുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു: ‘ മേല്‍ മുഖ്യ ഉദ്ദേശ്യം നടപ്പാക്കാത്ത സംഘങ്ങളുടെ കാര്യത്തില്‍ നിയമത്തിലും ചട്ടത്തിലും നിയമാവലിയിലും വ്യക്തമാക്കിയിട്ടുള്ളപ്രകാരം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണ സംഘം എന്നതിന്റെ എല്ലാ സ്വഭാവങ്ങളും നഷ്ടപ്പെടുകയും ജീവനക്കാരുടെ എണ്ണം മാത്രം നിലനില്‍ക്കുന്നതുമാണ്.’
പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ ബാക്കിപത്രങ്ങളില്‍ മൊത്തം നില്‍പ്പുവായ്പകളിലെ കാര്‍ഷികവായ്പയുടെ നിലവാരം വളരെ താഴ്ന്നതും ശുഷ്‌കവുമായ സാഹചര്യങ്ങളില്‍ അവ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളല്ലെന്നും ആദായനികുതിനിയമത്തിലെ വകുപ്പ് 80 ( പി ) യുടെ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി ആദായനികുതിയടയ്ക്കാന്‍ നിര്‍ബന്ധിതമായി. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണു പ്രാഥമിക കാര്‍ഷികവായ്പാ സംഘത്തിന്റെ നിര്‍വചനം ബാങ്കിങ് നിയന്ത്രണനിയമത്തിലെ നിര്‍ചനത്തിനനുസൃതമായി ഭേദഗതി ചെയ്യാന്‍ നിര്‍ദേശമുണ്ടായത്. സമിതി നിര്‍ദേശിച്ചിട്ടുള്ള നിര്‍വചനം ഇപ്രകാരമാണ്: ‘ പ്രാഥമിക കാര്‍ഷിക വായ്പാസംഘം എന്നാല്‍ കാര്‍ഷികവായ്പാ വിതരണപ്രവര്‍ത്തനങ്ങള്‍ക്ക് അല്ലെങ്കില്‍ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു വായ്പ വിതരണം നടത്തുകയെന്നതു പ്രാഥമികലക്ഷ്യമോ അല്ലെങ്കില്‍ മുഖ്യ ബിസിനസ്സോ ആയിട്ടുള്ളതും അങ്ങനെയുള്ള വായ്പകള്‍ക്കു രജിസ്ട്രാര്‍ നിശ്ചയിക്കുന്ന പലിശനിരക്ക് ആയിരിക്കേണ്ടതും ഒരു വില്ലേജോ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ പ്രവര്‍ത്തനമേഖലയായി പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ഒരു സര്‍വീസ് സഹകരണ സംഘമോ സര്‍വീസ് സഹകരണ ബാങ്കോ റൂറല്‍ ബാങ്കോ ആയിരിക്കും. ‘ ഈ ഭേദഗതിനിര്‍ദേശത്തോടൊപ്പം രണ്ടാമത്തെ പ്രൊവിസോ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം വായ്പയില്‍ കാര്‍ഷികവായ്പകള്‍ പ്രധാന ബിസിനസ്സാക്കി മാറ്റാന്‍ നിലവിലെ സംവിധാനത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കു സാധിക്കാത്ത സാഹചര്യത്തില്‍ നിയമാവലിയിലെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ കാര്‍ഷികവായ്പാ വിതരണവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനമുള്‍പ്പെടെയുള്ള കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വായ്പാവിതരണവും പ്രാഥമികലക്ഷ്യമായി കാണിച്ചാല്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘമാകുമെന്ന സാഹചര്യം പൊതുവേ സഹകരണ കാര്‍ഷികവായ്പാമേഖലയ്ക്കു സ്വീകാര്യമായിരിക്കും.
പ്രാഥമിക
വായ്പാസംഘം
വകുപ്പ് രണ്ടി ( ഒ.ബി ) ലെ പ്രാഥമിക വായ്പാസംഘം എന്ന നിര്‍വചനവും ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ‘ പ്രാഥമിക വായ്പാസംഘം എന്നാല്‍ ഒരു കേന്ദ്രസംഘമോ സെന്‍ട്രല്‍ സംഘമോ അല്ലാത്തതും അംഗങ്ങള്‍ക്കു വായ്പ നല്‍കാനായി വിഭവം സ്വരൂപിക്കുക എന്ന മുഖ്യലക്ഷ്യമുള്ളതുമായ ഒരു സംഘം ‘ എന്നാകുന്നു. പ്രാഥമിക വായ്പാസംഘത്തിന്റെ നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുന്നവിധം ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നു. ‘ പ്രാഥമികസംഘം ‘ എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘം അല്ലാത്തതും അംഗങ്ങള്‍ക്കു വായ്പ നല്‍കാനോ അല്ലെങ്കില്‍ നിക്ഷേപം നടത്താനോ വേണ്ടിയോ അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയെന്നതു പ്രാഥമികലക്ഷ്യമോ അല്ലെങ്കില്‍ മുഖ്യ ബിസിനസ്സോ ആയിട്ടുള്ള അതിന്റെ നിയമാവലിയില്‍ ഇതരസഹകരണ സംഘങ്ങള്‍ക്ക് അംഗത്വം നല്‍കാന്‍ അനുവദിക്കാത്തതുമായ ഒരു സഹകരണ സംഘം എന്നാണു ഭേദഗതിനിര്‍ദേശത്തിലുള്ളത്. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന എന്‍ട്രിപോയന്റ് മാനദണ്ഡങ്ങള്‍ കൈവരിക്കുന്ന പ്രാഥമിക വായ്പാസംഘങ്ങള്‍ക്കു റിസര്‍വ് ബാങ്ക് ലൈസന്‍സിനപേക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ ബാങ്കിങ് നിയന്ത്രണനിയമത്തിലെ നിര്‍വചനത്തിനനുസൃതമായ നിര്‍വചനഭേദഗതിനിര്‍ദേശം സഹകാരികള്‍ക്കു പൊതുവേ സ്വീകാര്യമായിരിക്കും.
പ്രാഥമിക സഹകരണ സംഘം എന്നതിന്റെ നിര്‍വചനത്തിലും ഭേദഗതി നിര്‍ദേശിക്കുന്നു. ‘ പ്രാഥമിക സഹകരണ സംഘം എന്നാല്‍ ഒരു റവന്യൂ ജില്ല പൂര്‍ണമായോ അല്ലെങ്കില്‍ ആ റവന്യൂ ജില്ലയിലെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ഭാഗമോ വ്യാപനാതിര്‍ത്തിയുള്ളതും വ്യക്തി / അല്ലെങ്കില്‍ വ്യക്തികളും ഇതര സഹകരണ സംഘങ്ങളും അംഗങ്ങളായ ഒരു സഹകരണ സംഘം ‘ എന്നതാണു നിലവിലെ നിര്‍വചനം. ഈ നിര്‍വചനത്തിലെ അംഗങ്ങള്‍ ആകാവുന്നവരുടെ കൂട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയാണു നിര്‍ദേശിച്ചിട്ടുള്ളത്.
വകുപ്പ് രണ്ടി ( ഒ. ഇ ) ല്‍ പ്രാഥമിക ടൂറിസം സഹകരണ സംഘം എന്നതിന്റെ നിര്‍വചനമാണ്. പ്രാഥമിക ടൂറിസം സഹകരണ സംഘം എന്നാല്‍ ഒരു താലൂക്കില്‍മാത്രം പ്രവര്‍ത്തനമേഖല പരിമിതപ്പെടുത്തിയിട്ടുള്ളതും ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും സഹായിക്കുകയും ചെയ്യുകയെന്നതു മുഖ്യലക്ഷ്യമായിട്ടുള്ളതുമായ ഒരു സംഘം എന്ന നിര്‍വചനത്തില്‍ നിന്നും ‘ ഒരു താലൂക്കില്‍ മാത്രം പ്രവര്‍ത്തനമേഖല പരിമിതപ്പെടുത്തിയ ‘ എന്ന വാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നു.
സംഘങ്ങളുടെ
രജിസ്‌ട്രേഷന്‍
സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിയമത്തിലെ ഏഴാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ ഇപ്പോള്‍ അഞ്ചു നിബന്ധനകളാണു രജിസ്ട്രാര്‍ക്കു തൃപ്തികരമായി അനുഭവപ്പെടേണ്ടത്. അവ ഇനി പറയുന്നു:
എ ) അപേക്ഷ നിയമത്തിനും ചട്ടത്തിനും വിധേയമായിരിക്കണം. ബി ) നിര്‍ദിഷ്ടസംഘത്തിന്റെ ഉദ്ദേശ്യങ്ങള്‍ വകുപ്പ് നാലിന് അനുസൃതമായിരിക്കണം. സി ) നിര്‍ദിഷ്ടസംഘത്തിന്റെ പ്രവര്‍ത്തനപരിധി അതേതരത്തിലുള്ള മറ്റൊരു സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലേക്ക് അതിലംഘിച്ചു കിടക്കുന്നില്ല. ഡി ) നിര്‍ദിഷ്ടനിയമാവലി നിയമത്തിനും ചട്ടത്തിനും വിരുദ്ധമല്ല. ഇ ) നിര്‍ദിഷ്ടസംഘം ആരോഗ്യകരമായ വ്യാപാരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായവ നിറവേറ്റും.
ഈ അഞ്ചു നിബന്ധനകളും തൃപ്തികരമാണെങ്കില്‍ അപേക്ഷ ലഭിച്ചശേഷം 90 ദിവസങ്ങള്‍ക്കുള്ളില്‍ സംഘത്തിനും അതിന്റെ നിയമാവലിക്കും രജിസ്ട്രാര്‍ രജിസ്‌ടേഷന്‍ നല്‍കും.
സംഘങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള അഞ്ചു നിബന്ധനകളോടൊപ്പം ആറാമതൊന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. അപേക്ഷിക്കുന്നത് ഒരു വായ്പാസംഘമാണെങ്കില്‍ രണ്ടര ലക്ഷം രൂപയും വായ്‌പേതരസംഘമാണെങ്കില്‍ ഒരു ലക്ഷം രൂപയും കുറഞ്ഞ ഓഹരിമൂലധനമായി സമാഹരിച്ചിട്ടുണ്ടെന്നുകൂടി രജിസ്ട്രാര്‍ക്കു ബോധ്യപ്പെടണമെന്നതാണു പുതിയ നിബന്ധന. എന്നാല്‍, ഈ നിബന്ധനയില്‍ നിന്നു പട്ടികജാതി-പട്ടികവര്‍ഗ സംഘങ്ങളെയും ഫിഷറീസ് സംഘങ്ങളെയും വനിതാ സംഘങ്ങളെയും പരമ്പരാഗത വ്യവസായ സംഘങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. സംഘരൂപവത്കരണവേളയില്‍ പ്രൊമോട്ടര്‍മാരായി സംഘടിക്കുന്ന 25 പേരില്‍ കുറയാത്ത ആളുകള്‍ രണ്ടര ലക്ഷം രൂപ ഓഹരിമൂലധനമായി സമാഹരിക്കണമെന്ന നിയന്ത്രണവ്യവസ്ഥ പുതിയ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ കുറയാന്‍ കാരണമാകുമോ എന്നു സഹകാരികള്‍ സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
ഏഴാം വകുപ്പ് ഒന്നാം ഉപവകുപ്പിന്റെ അവസാനം രജിസ്‌ട്രേഷനുള്ള അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ 90 ദിവസങ്ങള്‍ക്കകം സംഘവും അതിന്റെ നിയമാവലിയും രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്യും എന്ന നിബന്ധനയില്‍ 90 ദിവസം 60 ദിവസമായി കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. വകുപ്പ് ഏഴ് ( 2 ) ല്‍ ഒരു സംഘത്തിന്റെ രജിസ്‌ട്രേഷന്‍ നിരസിക്കുന്നപക്ഷം അതിനുള്ള കാരണം കാണിച്ച് നിരസന ഉത്തരവ് ബന്ധപ്പെട്ട കക്ഷികളെ ഏഴ് ദിവസത്തിനകം അറിയിക്കണമെന്ന നിബന്ധനയില്‍ ഏഴു ദിവസം 15 ദിവസമായി വര്‍ധിപ്പിക്കാന്‍ ഭേദഗതിനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
സമയപരിധി
കുറയ്ക്കുന്നു
വകുപ്പ് ഏഴ് ( 3 ) ല്‍ സംഘരജിസ്‌ട്രേഷനുള്ള അപേക്ഷ ലഭിച്ചാല്‍ അപേക്ഷ കിട്ടുന്ന ദിവസംമുതല്‍ 90 ദിവസങ്ങള്‍ക്കകം അപേക്ഷയില്‍ രജിസ്ട്രാര്‍ തീര്‍പ്പാക്കണമെന്ന നിബന്ധനയില്‍ 90 ദിവസമെന്നതു 60 ദിവസമായി കുറയ്ക്കാന്‍ ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. വകുപ്പ് എട്ട് ( എ ) യുടെ ഉപവകുപ്പ് ( 2 ) ല്‍ കേന്ദ്രസംഘത്തിലോ അപെക്‌സ് സംഘത്തിലോ അഫിലിയേറ്റ് ചെയ്യുന്നതിനായി അപേക്ഷ സ്വീകരിച്ച ദിവസംമുതല്‍ 60 ദിവസത്തിനകം അത്തരം കൂട്ടിച്ചേര്‍ക്കല്‍ അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടതും അല്ലാത്തപക്ഷം 60 ദിവസകാലാവധി കഴിയുന്ന തീയതിമുതല്‍ അപേക്ഷ നല്‍കിയിട്ടുള്ള സംഘത്തിന് അഫിലിയേഷന്‍ നല്‍കപ്പെട്ടതായി കണക്കാക്കാവുന്നതുമാണെന്ന വ്യവസ്ഥയില്‍ 60 ദിവസം എന്നതു 45 ദിവസമായി ചുരുക്കിക്കൊണ്ടുള്ള ഭേദഗതിവ്യവസ്ഥയാണു നിര്‍ദേശിച്ചിട്ടുള്ളത്.
നിയമാവലിയുടെ ഉള്ളടക്കം പ്രതിപാദിക്കുന്ന വകുപ്പ് 13 ( എ ) ല്‍ എല്ലാ സഹകരണ സംഘങ്ങളും അവയുടെ നിയമാവലി സഹകരണ നിയമത്തിനും ചട്ടത്തിനും അനുയോജ്യമായി തയാറാക്കണമെന്നും നിയമാവലിയിലെ വ്യവസ്ഥകള്‍ നിയമത്തിലെയോ ചട്ടത്തിലെയോ വ്യവസ്ഥകള്‍ക്കു വിരുദ്ധമാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഏതെങ്കിലും സഹകരണ സംഘം അതിന്റെ നിയമാവലി നിയമത്തിലെയോ ചട്ടത്തിലെയോ ഭേദഗതിക്കനുസൃതമായി ഭേദഗതി ചെയ്തിട്ടില്ലെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആ സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ ഉത്തരവു നല്‍കുന്നതാണെന്നു ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഘത്തിന്റെ സാമ്പത്തികജീവനക്ഷമത അപകടത്തിലാകുമെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും സംഘനിയമാവലി ഭേദഗതി ചെയ്യാത്ത സംഘത്തിന്റെ നിയമാവലി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും നിര്‍ദേശിച്ചിരിക്കുന്നു.
സംഘങ്ങളുടെ
സംയോജനം
സംഘങ്ങളുടെ സംയോജനം പ്രതിപാദിക്കുന്ന വകുപ്പ് 14 ല്‍ ഒരു സംഘത്തിനു പൊതുയോഗത്തില്‍ ഹാജരായി വോട്ട് ചെയ്ത അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ തീരുമാനപ്രകാരം ആസ്തിബാധ്യതകളുടെ കൈമാറ്റവും വിഭജനവും നടത്താമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നടപടിക്കു സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുവാദത്തോടുകൂടി എന്ന നിബന്ധന കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. 14-ാം വകുപ്പിന്റെ ( 7 ) -ാം ഉപവകുപ്പിനുശേഷം ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. അതു ഇനി കൊടുത്തിട്ടുള്ള പ്രകാരമാണ്: ‘ എന്നാല്‍, കൈമാറ്റത്തിനുവേണ്ടി ഒരു വിശദമായ പദ്ധതി രജിസ്ട്രാര്‍ നല്‍കുന്നതാണ്. ‘
സബ്‌സിഡറി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച വകുപ്പ് 14 എ.എ.യിലെ വ്യവസ്ഥ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി അനുബന്ധസ്ഥാപനങ്ങളുടെ പ്രോത്സാഹനം പ്രതിപാദിക്കുന്ന ഈ വകുപ്പില്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ചുവടെ പ്രൊവിസോ ആയി കൊടുക്കുന്നു:
അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്കരണം സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സംഘങ്ങള്‍ തയാറാക്കണം. അതു പൊതുയോഗത്തിനു മുമ്പാകെ അംഗീകാരത്തിനു സമര്‍പ്പിക്കണം. പൊതുയോഗം അംഗീകരിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിനായി രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണം. ഗവണ്മെന്റുമായി കൂടിയാലോചിച്ച് അതിന്മേല്‍ ഉചിതതീരുമാനമെടുക്കണം.
അനുബന്ധസ്ഥാപനങ്ങളുടെ ഓഹരിമൂലധനത്തുക സംഘത്തിന്റെ ലാഭത്തില്‍ നിന്നു കണ്ടെത്തണം. ഇതില്‍ അധികരിച്ചുള്ള ഓഹരിമൂലധനം രജിസ്ട്രാറുടെയും പൊതുയോഗത്തിന്റെയും തീരുമാനത്തിനു വിധേയമായിരിക്കണം.
ഈ നിയമമനുസരിച്ച് ഏതെങ്കിലും സംഘം / ബാങ്ക് അനുബന്ധസ്ഥാപനം തുടങ്ങാനുള്ള പണം സര്‍ക്കാരില്‍നിന്നു എടുക്കുന്നപക്ഷം പ്രസ്തുത സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ സര്‍ക്കാര്‍നോമിനിയെ ഉള്‍പ്പെടുത്തണം.
ഈ സ്ഥാപനങ്ങളുടെ ഓഡിറ്റും പരിശോധനയും രേഖകളുടെ പരിശോധനയും നടത്താനുള്ള അധികാരം രജിസ്ട്രാറില്‍ നിക്ഷിപ്തമായിരിക്കും.
ഈ സ്ഥാപനങ്ങളുടെ മാതൃസംഘത്തിന്റെ പൊതുയോഗതീരുമാനവും രജിസ്ട്രാറുടെ അംഗീകാരവും അടിസ്ഥാനപ്പെടുത്തിമാത്രമേ ഓഹരിമൂലധനം, ധനസഹായം എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാവൂ.
അനുബന്ധസ്ഥാപനങ്ങളുടെ ഫണ്ട്‌കൈമാറ്റം, ആസ്തികള്‍ പണയപ്പെടുത്തല്‍ തുടങ്ങിയ പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടും മാതൃസംഘത്തിന്റെ പൊതുയോഗതീരുമാനപ്രകാരവും മാത്രമേ നടത്താന്‍ പാടുള്ളൂ.
( മേല്‍ നിബന്ധനകള്‍ ബന്ധപ്പെട്ട ചട്ടത്തിന്റെ ഭാഗമാക്കേണ്ടതാണ് ) ( തുടരും )