മോഡല്‍ ബൈലോ, പൊതു സോഫ്റ്റ് വെയര്‍: കേരളം ആശയക്കുഴപ്പത്തില്‍

[mbzauthor]

മോഡല്‍ ബൈലോ, പൊതു സോഫ്റ്റ്‌വെയര്‍ എന്നിവ പ്രാദേശിക കാര്‍ഷികവായ്പാ സംഘങ്ങളെ ബാധിക്കുന്ന രീതിയിലാണു കേന്ദ്രം നടപ്പാക്കുന്നത്. പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘങ്ങളുടെ ഡാറ്റാ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനു സംശയങ്ങളുണ്ട്. മോഡല്‍ ബൈലോ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും കേരളം സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ കേരളത്തിനു കിട്ടേണ്ട ഒട്ടേറെ കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെട്ടേക്കും. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും അധികാരപരിധിയിലുമുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നുണ്ട്.

 

കേന്ദ്രസര്‍ക്കാരിന്റെ സഹകരണപരീക്ഷണങ്ങള്‍ ഓരോന്നായി നടപ്പായിവരികയാണ്. ഇതിനെ കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലേക്കാണു കേരളം പോകുന്നത്. കേന്ദ്രത്തിന്റെ ഓരോ ചുവടും എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്. അതില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കാന്‍ കേരളത്തിനുമാത്രം കഴിയില്ല. വൈകിയാണെങ്കിലും അതു സ്വീകരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. നയപരമായ വിയോജിപ്പുകള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ ഏറെയുണ്ട്. പക്ഷേ, സഹകരണമേഖലയുടെ നിലനില്‍പ്പും വളര്‍ച്ചയും അതിലേറെ പ്രധാനമാണ്. ഇപ്പോഴത്തെ മാറ്റങ്ങളെ ഭാവിയെ മുന്നില്‍ക്കണ്ട് വിലയിരുത്തുകയും അതിനോടു പ്രതികരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരമൊരു പരിശോധനയില്ലാതെയാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രതികരണം എന്നു പറയാതെ വയ്യ.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണു കേരളത്തിലെ സഹകരണമേഖലയുടെ നട്ടെല്ല്. കേന്ദ്രപരിഷ്‌കാരങ്ങള്‍ ഏറെയും ബാധിക്കുന്നത് ഈ സംഘങ്ങളെയാണ് എന്നതു പ്രധാനമാണ്. മോഡല്‍ ബൈലോ ( മാതൃകാനിയമാവലി ) , പൊതു സോഫ്റ്റ്‌വെയര്‍ എന്നിവയാണ് ഈ സംഘങ്ങളെ ബാധിക്കുന്ന രീതിയില്‍ ഇപ്പോള്‍ കേന്ദ്രം നടപ്പാക്കുന്നത്. 63,000 കാര്‍ഷിക വായ്പാസംഘങ്ങള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 60,000 സംഘങ്ങളും പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള അപേക്ഷ കേന്ദ്രത്തിനു നല്‍കിക്കഴിഞ്ഞു. ഈ സോഫ്റ്റ്‌വെയര്‍ പദ്ധതിയുടെ ഭാഗമാവില്ലെന്നാണു കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകുമ്പോള്‍ സംഘങ്ങളുടെ ഡാറ്റാ സുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മോഡല്‍ ബൈലോ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും കേരളം സ്വീകരിച്ചിട്ടുണ്ട്. കേരളം മാത്രമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് എന്നാണു കേന്ദ്രസഹകരണ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരളത്തിന്റെ മാറിനില്‍ക്കല്‍ പരിഗണിക്കാതെ മോഡല്‍ ബൈലോ നിര്‍ദേശിക്കുന്ന രീതിയില്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാനാണു മന്ത്രാലയത്തിന്റെ തീരുമാനം. ഇതു കേരളത്തിന് ഒട്ടേറെ കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടാനിടയാക്കിയേക്കും.

ഓരോ പ്രദേശത്തിന്റെ പ്രത്യേകതകളനുസരിച്ച് കാര്‍ഷികവായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനരീതിയിലും വ്യത്യാസമുണ്ടാകും. സഹകരണത്തിനു പ്രാദേശികനിയമങ്ങളാണു വേണ്ടതെന്നും അതിനുള്ള ആസൂത്രണമാണു നടക്കേണ്ടതെന്നുമുള്ള നിലപാടിലേക്കു രാജ്യം എത്തിയത് 1919 നു ശേഷമാണ്. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം പ്രാദേശികസ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടുനില്‍ക്കുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാടിലേക്കെത്തിയത്. കേന്ദ്രീകൃത ആസൂത്രണം പ്രാദേശികതലത്തിലുള്ള സഹകരണസംഘങ്ങളുടെ വളര്‍ച്ചയ്ക്കു ഗുണകരമാവില്ലെന്നതാണു സഹകരണം സംസ്ഥാനവിഷയമായി ഭരണഘടനയില്‍ത്തന്നെ ഉള്‍പ്പെടുത്താന്‍ കാരണം. ഈ തലത്തില്‍നിന്നാണു കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു കേന്ദ്രീകൃത പ്രവര്‍ത്തനമാര്‍ഗരേഖ മോഡല്‍ ബൈലോയുടെ രൂപത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്തിനാണ് ഇത്തരമൊരു ബൈലോ എന്നതിനു കേന്ദ്രത്തിനു വിശദീകരണമുണ്ട്. ഒരു കാര്‍ഷികവായ്പാ സഹകരണസംഘം ഒരു പഞ്ചായത്തിന്റെ സംഘമായി മാറണമെന്നതാണ് ഇതിനുള്ള ആദ്യത്തെ ഉത്തരം. അങ്ങനെ മാറണമെങ്കില്‍ ആ പഞ്ചായത്തിന്റെ സമഗ്രവികസനത്തിനും അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആ സംഘത്തിന് ഏറ്റെടുക്കാനാവണം. ഇങ്ങനെ, എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പാകത്തില്‍ തയാറാക്കിയതാണു മോഡല്‍ ബൈലോ. ഈ മോഡല്‍ ബൈലോ അനുസരിച്ച് കേന്ദ്രത്തിന്റെ പദ്ധതികളും ക്രമീകരിക്കും. ആ പദ്ധതികളെല്ലാം മോഡല്‍ ബൈലോ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാനാകും. കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ അടിസ്ഥാന നിര്‍വഹണ ഏജന്‍സിയായി കാര്‍ഷികവായ്പാസംഘങ്ങളെ മാറ്റാന്‍ ഇതിലൂടെ കഴിയും. ഇതാണു കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഇതു സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിനു കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരലല്ലെന്നും വികേന്ദ്രീകരണപ്രവര്‍ത്തനത്തിനുള്ള പദ്ധതി ആസൂത്രണരൂപം മാത്രമാണെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഇതാണു കേന്ദ്രലക്ഷ്യമെങ്കില്‍, അതിന്റെ ഭാഗമാകാതെ കേരളം മാറിനിന്നാല്‍ അതു കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടാനിടയാക്കില്ലേയെന്നതാണ് ഉയരുന്ന ചോദ്യം.

കേരളം
മാറിനില്‍ക്കുമ്പോള്‍

കേന്ദ്രത്തിന്റെ മോഡല്‍ ബൈലോ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേരളമൊഴികെയുള്ള സംസ്ഥാനങ്ങളെല്ലാം എറക്കുറെ മോഡല്‍ ബൈലോ അംഗീകരിച്ചുകഴിഞ്ഞു. കേന്ദ്രം തയാറാക്കിയ ബൈലോ അതേരൂപത്തില്‍ സംസ്ഥാനങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നു കേന്ദ്ര സഹകരണമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികവായ്പാസംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ പാകത്തില്‍ ബൈലോയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം. പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരുന്നതു ഗുണകരമാവില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതനുസരിച്ച് മാറ്റങ്ങളോടെ മോഡല്‍ ബൈലോ അംഗീകരിക്കാനുള്ള നടപടികളാണു തമിഴ്‌നാട് സ്വീകരിക്കുന്നത്. കേരളം അത്തരമൊരു പരിശോധനപോലും നടത്തിയിട്ടില്ല. സഹകരണമേഖലയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമെന്ന വിലയിരുത്തലോടെ പൂര്‍ണമായി ഇതില്‍നിന്നു മാറിനില്‍ക്കുകയാണു കേരളം ചെയ്യുന്നത്.

മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് എന്തു നഷ്ടമാണ് ഉണ്ടാവുകയെന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. മോഡല്‍ ബൈലോ അനുസരിച്ച് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികള്‍ കേന്ദ്രം ഇതിനകം തയാറാക്കിയിട്ടുണ്ട്. ഒരു ശതമാനം പലിശനിരക്കില്‍ വായ്പയും സബ്‌സിഡിയും നല്‍കുന്ന പദ്ധതികളാണ് ഇവയിലേറെയും. ഈ പദ്ധതികള്‍ കേരളത്തിലെ കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കു കിട്ടാനിടയില്ലെന്നതാണ് ഇതിലെ പ്രധാനപ്രശ്‌നം. ഡെയറി, ഫിഷറീസ്‌മേഖലകളിലെ പദ്ധതികളും കാര്‍ഷികവായ്പാ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന വിധത്തിലാണു കേന്ദ്രം തയാറാക്കിയിട്ടുള്ളത്. ഡെയറി, ഫിഷറീസ്‌സംഘങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നവയാണ്. അതിനാല്‍, മോഡല്‍ ബൈലോ അംഗീകരിക്കാത്തതിനാല്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഈ മേഖലയിലുള്ള കേന്ദ്രപദ്ധതികള്‍ ലഭിക്കില്ല. ഓരോ സംസ്ഥാനത്തിനും അവിടുത്തെ പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ച് മോഡല്‍ ബൈലോയില്‍ ഭേദഗതി വരുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വേണ്ട ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിനാണു തമിഴ്‌നാട് പ്രത്യേകസമിതിയെ നിയോഗിച്ചത്.

കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായാണു പ്രവര്‍ത്തിക്കുന്നത്. ഒരു പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനത്തിനും അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും ആവശ്യമായവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാവുന്ന തരത്തില്‍ കാര്‍ഷികസംഘങ്ങളെ മാറ്റുകയാണു മോഡല്‍ ബൈലോയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഡെയറി, ഫിഷറീസ്, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍, സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കല്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ ( എഫ്.പി.ഒ ) തുടങ്ങല്‍ എന്നിവയെല്ലാം കാര്‍ഷികസംഘങ്ങള്‍ക്കു ചെയ്യാവുന്നവിധത്തിലാണു മോഡല്‍ ബൈലോ. കേരളത്തില്‍ സ്വാശ്രയ കൂട്ടായ്മകളോ കര്‍ഷക ഉല്‍പ്പാദക സംഘങ്ങളോ തുടങ്ങാന്‍ കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് അനുമതിയില്ല. കര്‍ഷക കൂട്ടായ്മകളിലൂടെയുള്ള പദ്ധതികള്‍ക്ക് 6900 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. 1100 പുതിയ എഫ്.പി.ഒ. കള്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളിലൂടെ തുടങ്ങാനാണു തീരുമാനം. ഇതിനുള്ള കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്.

ഉല്‍പ്പാദനം മുതല്‍
വിപണനംവരെ

ഉല്‍പ്പാദനം മുതല്‍ വിപണനം വരെ എല്ലാ കാര്യങ്ങളും പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലൂടെ നിര്‍വഹിക്കാനാകുന്നവിധത്തിലാണു കേന്ദ്രം പദ്ധതികള്‍ തയാറാക്കുന്നത്. മോഡല്‍ ബൈലോ അംഗീകരിച്ച സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങള്‍ക്ക് ഈ പദ്ധതികള്‍ക്കായി നേരിട്ട് അപേക്ഷ നല്‍കാനാകും. കൃഷി, മൃഗസംരക്ഷണം, മീന്‍പിടിത്തം എന്നിങ്ങനെ മൂന്നു മേഖലകളിലായാണു കാര്‍ഷിക സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ഓരോ മേഖലയിലും കര്‍ഷകരെ ചെറുഗ്രൂപ്പുകളാക്കി മാറ്റി അവര്‍ക്കു സഹകരണസംഘത്തിലൂടെ സഹായമെത്തിക്കുകയാണു ലക്ഷ്യം. ഈ സ്വാശ്രയകൂട്ടായ്മകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനും സഹായം ലഭിക്കും. കേന്ദ്ര കൃഷി-സഹകരണ മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയായാണു കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലൂടെ ഇതു നടപ്പാക്കുക. കാര്‍ഷികോപകരണങ്ങള്‍ വാങ്ങുക, സൗരോര്‍ജ പദ്ധതി നടപ്പാക്കുക എന്നിവയ്ക്ക് ഊര്‍ജമന്ത്രാലയത്തിന്റെ ഫണ്ടും സഹകരണസംഘങ്ങള്‍ക്കു ലഭിക്കും.

രാജ്യത്തെ 65 ശതമാനം ജനങ്ങളും കൃഷിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരാണെന്നാണു സര്‍ക്കാരിന്റെ കണക്ക്. 55 ശതമാനം തൊഴിലാളികളും കാര്‍ഷികമേഖലയിലാണ്. 86 ശതമാനം കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഈ മൂന്നു വിഭാഗത്തെയും ലക്ഷ്യമിട്ടാണു കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലൂടെയുള്ള പദ്ധതി സഹകരണമന്ത്രാലയം തയാറാക്കുന്നത്. ഉല്‍പ്പാദനം, സംസ്‌കരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, വിപണനം, സംഭരണം എന്നിവയെല്ലാം കാര്‍ഷിക സഹകരണസംഘങ്ങളിലൂടെയും അതിനു കീഴില്‍ തുടങ്ങുന്ന കര്‍ഷക ഉല്‍പ്പാദക സംഘടനകളും സ്വാശ്രയ കൂട്ടായ്മകളും വഴിയും നടപ്പാക്കുകയാണു ലക്ഷ്യം. ബ്രാന്‍ഡ് ബില്‍ഡിംഗ്, പാക്കേജിംഗ്, ലേബലിംഗ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയകള്‍, ഗുണനിലവാര നിയന്ത്രണം, വ്യാപാരക്കമ്പനികളുമായും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായും സഹകരിച്ച് കര്‍ഷകന് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും സഹകരണ എഫ്.പി.ഒ.കള്‍ വഴി നടപ്പാക്കും. മോഡല്‍ ബൈലോയില്‍നിന്നു മാറിനില്‍ക്കുന്നതോടെ ഇത്തരം പദ്ധതികളെല്ലാം കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാകും.

കേന്ദ്ര സോഫ്റ്റ്‌വെയര്‍
വേണ്ട

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പൊതു സോഫ്റ്റ്‌വെയര്‍ വേണ്ടെന്നു സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ആശങ്കകളാണ് ഈ പദ്ധതിയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനു കേരളം ചൂണ്ടിക്കാട്ടുന്നത്. സംഘങ്ങളുടെ നിലവിലുള്ള വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര സോഫ്റ്റ്‌വെയറില്‍ ലഭ്യമാകുമോയെന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നതാണ് ഇതില്‍ ആദ്യത്തേത്. പൊതു സോഫ്റ്റ്‌വെയര്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ നടപ്പാക്കുന്നതിനു പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഭാവിയില്‍ പദ്ധതി സംബന്ധിച്ച തുടര്‍ച്ച, സാങ്കേതികമായ വിവരങ്ങള്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ ലഭ്യമല്ലെന്നു സഹകരണവകുപ്പ് പറയുന്നു. സംഘങ്ങളെ സംബന്ധിച്ച സാമ്പത്തികവിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുമോയെന്നതിലും വ്യക്തതയില്ലെന്നാണു കേരളം ചൂണ്ടിക്കാട്ടുന്നത്. സംഘങ്ങളുടെ ഡാറ്റ വിവിധ ഏജന്‍സികളുടെ ആവശ്യത്തിനു ലഭ്യമാക്കുന്നതാണെന്ന വ്യവസ്ഥ സഹകാരികളുടെയും അംഗങ്ങളുടെയും ഉത്തമതാല്‍പ്പര്യത്തിനു വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സംഘങ്ങളുടെ പ്രവര്‍ത്തനവ്യാപ്തി കണക്കിലെടുത്തുകൊണ്ട് സ്വന്തമായ ഒരു സോഫ്റ്റ്‌വെയര്‍ സംസ്ഥാനത്തു വികസിപ്പിക്കാനാണു തീരുമാനം.

2516 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ഫണ്ട് നല്‍കി പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനാണു തീരുമാനിച്ചിട്ടുള്ളത്. കേരളം സ്വന്തം സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതുകൊണ്ട് കേന്ദ്രസഹായം നഷ്ടപ്പെടില്ലെന്നാണു സംസ്ഥാനത്തിന്റെ വിശദീകരണം. സ്വന്തമായി സോഫ്റ്റ്‌വെയര്‍ തയാറാക്കുകയും കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാവുകയും ചെയ്ത സംഘങ്ങള്‍ക്ക് അതിന്റെ ചെലവിന്റെ ഒരു ഭാഗമെന്ന നിലയില്‍ 50,000 രൂപ നല്‍കുമെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വന്തമായ സോഫ്റ്റ്‌വെയര്‍ പദ്ധതി നടപ്പാക്കുന്നവര്‍ക്കും ധനസഹായം കിട്ടാന്‍ വ്യവസ്ഥയുണ്ടെന്നു കേരളം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ദേശീയ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകുമ്പോള്‍ മാത്രമാണു കേന്ദ്രസഹായം ലഭിക്കുകയെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെവരുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന പൊതു സോഫ്റ്റ്‌വെയറിന്റെ ചെലവ് സംഘങ്ങള്‍തന്നെ വഹിക്കേണ്ടിവരും.

ഇന്ത്യയിലുടനീളം 13 കോടി കര്‍ഷകര്‍ കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ അംഗങ്ങളാണെന്നാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കണക്ക്. ഒരു ലക്ഷം സംഘങ്ങളാണുള്ളത്. ഇതില്‍ 63,000 പാക്‌സുകളാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകീകൃത നെറ്റ്‌വര്‍ക്കിനു കീഴില്‍ കൊണ്ടുവരാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷികവായ്പാ സംഘങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നു കേന്ദ്രം വിശദീകരിക്കുന്നു. പ്രശ്‌നങ്ങള്‍ ഇവയാണ്: നിലവാരമുള്ള അക്കൗണ്ടിങ് രീതിയില്ല, രേഖകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിച്ചിട്ടില്ല, അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നു. ഇതെല്ലാം പരിഹരിക്കുന്ന വിധത്തിലാണു നബാര്‍ഡ് സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. ഇതിലൂടെ പാക്‌സുകളെ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുമായും നബാര്‍ഡുമായും ബന്ധിപ്പിക്കും. സോഫ്റ്റ്‌വെയറുകള്‍ സംഘങ്ങളുടെ പ്രാദേശിക പ്രവര്‍ത്തനസ്വഭാവത്തിനനുസരിച്ച് മാറ്റാനാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തോടെയാകും ദേശീയശൃംഖലയുടെ ഭാഗമാവുക.

അവ്യക്തതയുണ്ടോ
കേരളത്തിന് ?

പൊതു സോഫ്റ്റ്‌വെയറും മോഡല്‍ ബൈലോയും കേരളം സ്വീകരിക്കാത്തതിനു രാഷ്ട്രീയകാരണങ്ങള്‍ ഏറെയുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും അധികാരപരിധിയിലുമുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന ആശങ്കയാണു കേരളം പങ്കുവെക്കുന്നത്. അതു ശരിവെക്കുമ്പോഴും കേന്ദ്രപദ്ധതികളില്‍നിന്ന് ഒരു സംസ്ഥാനം മാത്രം പുറത്താകുമ്പോഴുള്ള പ്രശ്‌നങ്ങളും പരിശോധിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഒരു വ്യക്തത സംസ്ഥാനസര്‍ക്കാരിനില്ലെന്നതാണ് ഇപ്പോഴത്തെ വിശദീകരണത്തില്‍ വ്യക്തമാകുന്നത്. മോഡല്‍ ബൈലോ സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം തേടിയിരുന്നു. കേരളം അതില്‍ അഭിപ്രായം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മോഡല്‍ ബൈലോ കൊണ്ടുവരുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന അഭിപ്രായം കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നില്ലെന്നാണു സൂചന. മോഡല്‍ ബൈലോ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്ത് അഭിപ്രായമാണു കേന്ദ്രസര്‍ക്കാരിനു നല്‍കിയത് എന്നു നിയസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു എന്നിവര്‍ സഹകരണമന്ത്രി വി.എന്‍.വാസവനോട് ചോദിച്ചിരുന്നു. എന്നാല്‍, കേരളം നല്‍കിയ കത്തിന്റെ ഉള്ളടക്കം മന്ത്രി വ്യക്തമാക്കിയിട്ടില്ല.

മോഡല്‍ ബൈലോ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ സഹകരണസംഘങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോയെന്നതു സംബന്ധിച്ച് സംസ്ഥാനത്ത് ഒരു പരിശോധന നടന്നിട്ടില്ലെന്നതാണു വസ്തുത. പൊതു സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും ഈ പ്രശ്‌നമുണ്ട്. കേരളത്തിന്റെ സ്വന്തം സോഫ്റ്റ്‌വെയര്‍ എന്നതാണു സര്‍ക്കാര്‍ പകരം നിര്‍ദേശിക്കുന്നത്. ഈ സോഫ്റ്റ്‌വെയര്‍ സാസ് മോഡല്‍ ആണെന്നാണ് ഇതിനായി തയാറാക്കിയ ആര്‍.എഫ്.പി.യില്‍ പറഞ്ഞിട്ടുള്ളത്. കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയറിനെക്കുറിച്ച് കേരളം ചൂണ്ടിക്കാണിക്കുന്ന ഡാറ്റ പ്രൈവസി ആശങ്ക, കേരളത്തിന്റെ സോഫ്റ്റ്‌വെയര്‍ പദ്ധതിക്കും ബാധകമാകുന്നതാണ്. മാത്രവുമല്ല, കേന്ദ്രപദ്ധതി സംഘങ്ങള്‍ക്ക് ഒട്ടും സാമ്പത്തികബാധ്യത വരുത്തുന്നില്ല. കേരളത്തിന്റെ പദ്ധതി പൂര്‍ണമായും സംഘങ്ങളുടെ ചെലവിലായിരിക്കുകയും ചെയ്യും. നബാര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത നെറ്റ്‌വര്‍ക്കായാണു കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയര്‍പദ്ധതി വരുന്നത്. ഇതില്‍നിന്നു പൂര്‍ണമായി കേരളം മാത്രം മാറുമ്പോള്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായങ്ങളിലടക്കം നിയന്ത്രണം വന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ പദ്ധതി കേരള ബാങ്കുമായി പ്രാഥമിക ബാങ്കുകളെ ബന്ധിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ശൃംഖലയാണ്. ഇതു നടപ്പാക്കിയാലും ഡാറ്റകള്‍ കേന്ദ്രത്തിനു കൈമാറേണ്ടിവരുമെന്ന സൂചന കേരള ബാങ്കിനു നല്‍കിയിട്ടുണ്ട്. അതിനു കേരള ബാങ്ക് തയാറായിട്ടുമുണ്ട്. സംഘങ്ങള്‍ക്കു സാമ്പത്തികബാധ്യത വരുന്ന ഒരു പദ്ധതി മാത്രമായി കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയര്‍പദ്ധതി മാറുമെന്ന സംശയം സഹകാരികള്‍ക്കുണ്ട്.

സംഘങ്ങളില്‍ നിലവിലുള്ള സോഫ്റ്റ്‌വെയര്‍ പര്യാപ്തമാണെങ്കില്‍ അതു നിലനിര്‍ത്താമെന്നു കേന്ദ്രപദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ്‌വെയറിന്റെ സവിശേഷതകള്‍കൂടി ഉള്‍ക്കൊള്ളാന്‍ നിലവിലെ സോഫ്റ്റ്‌വെയറിനു കഴിഞ്ഞാല്‍ മതി. ഇങ്ങനെ സ്വന്തം നിലയില്‍ സാങ്കേതികസംവിധാനം ഒരുക്കിയ സംഘത്തിനു 50,000 രൂപ കേന്ദ്രം നല്‍കുകയും ചെയ്യും. എന്നാല്‍, കേരളത്തിന്റെ പദ്ധതിയില്‍ ഇത്തരമൊരു സ്വാതന്ത്ര്യമോ സാമ്പത്തികസഹായമോ സഹകരണസംഘങ്ങള്‍ക്കു നല്‍കുന്നില്ല. അതായത്, കേന്ദ്രത്തിന്റെ പദ്ധതികള്‍ കേരളം തള്ളുമ്പോള്‍ അതു സംഘങ്ങള്‍ക്കും സഹകരണമേഖലയ്ക്കും പൊതുനഷ്ടം മാത്രമാണോ ഉണ്ടാക്കുകയെന്ന കാര്യം പരിശോധിക്കേണ്ടതാണ്. കേന്ദ്രപദ്ധതി തള്ളുന്നതിന്റെ നേട്ടമെന്തെന്നുപോലും സഹകരണവകുപ്പ് വിശദീകരിച്ചിട്ടില്ലെന്നതാണു വസ്തുത. എടുത്തുചാടിയും പഠിക്കാതെയുമുള്ള തീരുമാനങ്ങളും വൈകിയെത്തുന്ന വിവേകവും എന്നും സഹകരണമേഖലയ്ക്കു നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ.

 

                                                             (മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

 

 

[mbzshare]

Leave a Reply

Your email address will not be published.