മെഡിസെപിനായി പുതിയ ടെൻഡർ വിളിക്കുന്നു. നാലംഗ മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റിയെ നിയമിച്ചു:റിലയൻസിനെ ഒഴിവാക്കാമെന്ന് നിയമോപദേശം.

adminmoonam

മെഡിസെപിനായി പുതിയ ടെൻഡർ വിളിക്കാൻ സർക്കാർ നടപടികളാരംഭിച്ചു. മെഡിസെപ് പ്രവർത്തനങ്ങൾക്കായി നാലംഗ മെഡിക്കൽ എക്സ്പെർട്ട് കമ്മിറ്റിയെ കഴിഞ്ഞദിവസം നിയമിച്ചു. പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്താൻ വീണ്ടും സമ്മർദ്ദം തിരുത്തേണ്ടി വരും. പുതിയ ടെൻഡർ നടപടികളിൽ നിന്ന് റിലയൻസിനെ ഒഴിവാക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ പുതിയ ടെൻഡർ നടപടികളിൽ നിന്ന് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഒഴിവാക്കാമെന്ന് നിയമോപദേശം സർക്കാരിന് ലഭിച്ചു. മെഡിസെപ് നടത്തിപ്പിനായി നേരത്തെ കരാർ ഏറ്റെടുത്ത റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനു പദ്ധതി നടത്തിപ്പിൽ ഉണ്ടായ പരാജയത്തിന്റെ സാഹചര്യത്തിലാണ് പുതിയ ടെൻഡർ നടപടികളിൽ നിന്നും ഇവരെ ഒഴിവാക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത്.

വരുന്ന സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി കൂടുതൽ ചികിത്സ പദ്ധതികൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ശർമിള മേരി ജോസഫ് ഐ.എ.എസ് ചെയർപേഴ്സണും പ്രൊഫസർ വി. രാമൻകുട്ടി, ഡോക്ടർ നോബിൾ ഗ്രേഷ്യസ്, മെഡിസെപ്പ് ടെക്നിക്കൽ അഡ്വൈസർ അരുൺ ബി. നായർ എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കി. ഈ കമ്മറ്റി വൈകാതെ റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങൾ അടക്കം പുതിയ ടെൻഡർ നടപടിയിലേക്ക് സർക്കാർ കടക്കും. സഹകരണ ജീവനക്കാരെ ഉൾപ്പെടുത്താം എന്നാണ് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഉണ്ടായില്ല. പുതിയ സാഹചര്യത്തിൽ ജീവനക്കാരുടെ സംഘടനകൾ വീണ്ടും ആവശ്യവുമായി മന്ത്രിയെ സമീപിക്കും. കൂടുതൽ ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമ്പോൾ പ്രതിമാസം 600 രൂപയോളം പ്രീമിയം വരും എന്നാണ് വിലയിരുത്തുന്നത്. അധിക തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കും.

സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ, അനദ്ധ്യാപകർ, സർവകലാശാല, തദ്ദേശസ്വയംഭരണ ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരടക്കം 11 ലക്ഷം കുടുംങ്ങൾ ആയിരുന്നു മെഡിസെപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 2019 ഏപ്രിൽ മെഡിസെപിന്റെ സംസ്ഥാനത്തെ നടത്തിപ്പ് ചുമതല റിലയൻസിന് നൽകിയിരുന്നു. ജി.എസ് .ടി ഉൾപ്പെടെ 2992.48 രൂപയുടെ വാർഷിക പ്രീമിയത്തിനാണ് റിലയൻസ് ടെൻഡർ നേടിയത്. മെഡിക്കൽ അലവൻസായി ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന 300 രൂപയിൽ 250 രൂപ വീതം ഈടാക്കാൻ ആയിരുന്നു അന്ന് തീരുമാനം. എന്നാൽ സ്പെഷലൈസ്ഡ് ആശുപത്രികൾ അടക്കം മെഡിസെപ് പദ്ധതിയുമായി സഹകരിചില്ല. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള പല ആശുപത്രികളും മെഡിസെപിന്റെ എം പാനൽനിന്നും ഒഴിവാക്കപ്പെട്ടു. ഇതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ സമര രംഗത്തെത്തി. ഇതോടെ റിലയൻസ് മായുള്ള കരാറിൽ നിന്ന് പിന്മാറാൻ സർക്കാർ നിർബന്ധിതരായി.

ഓരോ കുടുംബത്തിനും വർഷം രണ്ട് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അവയവം മാറ്റി വെയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സയ്ക്ക് മൂന്നു വർഷത്തേക്ക് 6 ലക്ഷം രൂപയുടെ അധിക സഹായം ലഭിക്കും. ഇതും ചികിത്സയ്ക്ക് തികഞ്ഞില്ലെങ്കിൽ മൂന്നുലക്ഷം രൂപ കൂടി അനുവദിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കിടത്തി ചികിത്സയ്ക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ. പുതിയ പദ്ധതിയിൽ എന്തൊക്കെ വരുമെന്ന് കാത്തിരിക്കണം. എന്തായാലും ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയാവുമെന്നും മുഴുവൻ പ്രീമിയവും ജീവനക്കാർ വഹിക്കേണ്ടി വരുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!