മള്‍ട്ടി സംഘങ്ങള്‍ അടിമുടി മാറുന്നു; രജിസ്‌ട്രേഷന്‍ മുതല്‍ ലിക്യുഡേഷന്‍വരെ എല്ലാം ഓണ്‍ലൈനില്‍

moonamvazhi

സംസ്ഥാന സഹകരണ സംഘ സമഗ്ര നിയമ ഭേദഗതിക്ക് വിധേയമാക്കുന്നതിനൊപ്പം കേന്ദ്ര രജിസ്ട്രാർ ഓഫീസിന്റെയും മറ്റ് സംഘങ്ങളുടെയും പ്രവർത്തനരീതിയിലും അടിമുടി മാറ്റം വരുത്തുന്നു. സംഘങ്ങളുടെ രജിസ്ട്രേഷൻ മുതൽ ലിക്യുഡേഷൻവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ രീതിയിലാകും. സംഘത്തിന്റെ പ്രവർത്തനം പൂർണമായി വകുപ്പിന്റെ നിരീക്ഷണത്തിലാകും. അതേസമയം, സ്വയംഭരണാധികാരം നഷ്‌ടപ്പെടാത്തതും ജനങ്ങളുടെ വിശ്വാസ്യതയും സംഘത്തിന്റെ പ്രവർത്തനക്ഷമതയും കൂട്ടുന്നതുമായിരിക്കും വകുപ്പിന്റെ ഇടപെടൽ എന്നാണ് വിശദീകരണം.

രാജ്യത്തെ മുഴുവന്‍ സംഘങ്ങളുടെയും ഡേറ്റയ്‌ക്കൊപ്പം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ വെബ് സൈറ്റാണ് ഇതിനായി തയ്യാറാക്കുന്നത്. ഒരു വെബ് സൈറ്റില്‍തന്നെ സംഘങ്ങളുടെ പ്രവര്‍ത്തനം, റിപ്പോര്‍ട്ട്, യോഗ തീരുമാനങ്ങള്‍ അംഗങ്ങളുടെ വിവരം എന്നിവയ്‌ക്കൊപ്പം, കേന്ദ്ര രജിസ്ട്രാറുടെ പരിശോധന വിവരങ്ങള്‍, കേന്ദ്ര രജിസ്ട്രാര്‍ ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകും. ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്. വെബ് സൈറ്റിന് പുറമെ മൊബൈല്‍ ആപ്പും സഹകരണ മന്ത്രാലയം പുറത്തിറക്കുന്നുണ്ട്. വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘം പ്രതിനിധികള്‍, സംഘങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാനാകും.

മൂന്നുരീതിയിലാണ് വെബ് സൈറ്റിന്റെയും ആപ്പിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്ക് ഉപയോഗിക്കുന്നതിനുള്ളത്, കേന്ദ്ര രജിസ്ട്രാര്‍ ഓഫീസിനുള്ളത്, സംഘങ്ങള്‍ക്ക് വേണ്ടത് എന്നിങ്ങനെയാണിത്. ഒരു സംഘത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് മുതല്‍ ഈ വെബ് സൈറ്റ് ഉപയോഗിച്ചുതുടങ്ങണം. വാര്‍ഷിക പൊതുയോഗമടക്കമുള്ള പ്രധാന യോഗങ്ങള്‍, അവയുടെ മിനുറ്റ്‌സ്, വിജ്ഞാപനങ്ങള്‍, അറിയിപ്പുകള്‍ എന്നിവയും വെബ് സൈറ്റില്‍ നല്‍കേണ്ടതുണ്ട്. ഓരോ സൊസൈറ്റിക്കും ഇതിനായി പ്രത്യേക ലോഗിന്‍ ഐ.ഡി. നല്‍കും. കേന്ദ്രരജിസ്ട്രാര്‍ ഓഫീസും സൊസൈറ്റിയും തമ്മിലുള്ള ആശയവിനിമയത്തിന് മാത്രമായി പ്രത്യേക ‘മെയില്‍ ബോക്‌സ്’ ഇതില്‍ സജീകരിക്കുന്നുണ്ട്.

സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ പരിശോധിക്കുന്നത് മുതലുള്ള കാര്യങ്ങളാണ് കേന്ദ്രരജിസ്ട്രാര്‍ക്കുള്ള വിഭാഗത്തിലുണ്ടാകും. നിയമത്തിലും ചട്ടത്തിലുമുണ്ടാകുന്ന ഭേദഗതികള്‍, വകുപ്പുതല അന്വേഷണങ്ങള്‍, വാര്‍ഷിക റിട്ടേണ്‍ ഫയലിങ്, പരാതികള്‍, ആര്‍ബിട്രേഷന്‍, ഇന്‍സ്‌പെക്ഷന്‍, ലിക്വുഡേഷന്‍, അപ്പീലുകള്‍ എന്നിവയെല്ലാം കേന്ദ്രരജിസ്ട്രാര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് പരിശോധിക്കാനാകും. സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും ഓണ്‍ലൈനായാണ് നല്‍കേണ്ടത്. അംഗങ്ങളുടെ പരിശോധന ഇ-വെരിഫിക്കേഷന്‍ ആകും. അപേക്ഷയുടെ സ്ഥിതി പരിശോധിക്കാന്‍ ‘സ്റ്റാറ്റസ് ട്രാക്കിങ്’ ഉണ്ടാകും. ആവശ്യമായ ഹിയറിങ് പോലും വെര്‍ച്വല്‍ രീതിയിലേക്ക് മാറ്റും. ഇതിനെല്ലാം ശേഷം സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കും. അതിനുള്ള സര്‍ട്ടിഫിക്കറ്റ് ‘ഇ-സര്‍ട്ടിഫിക്കറ്റ്’ സംഘങ്ങള്‍ക്ക് ലഭിക്കും.

സംഘങ്ങളുടെ റിപ്പോർട്ടുകൾ നേരിട്ട് കേന്ദ്ര രജിസ്ട്രാർ ഓഫീസിലേക്കായിരിക്കും ലഭിക്കുക. സംഘങ്ങളുടെ ഡേറ്റ വിശകലം നടത്താനുള്ള ഓൺലൈൻ സംവിധാനം കേന്ദ്ര രജിസ്ട്രാർ ഓഫീസിന് ഉണ്ടാകും. സംഘങ്ങൾക്ക് നൽകുന്ന അറിയിപ്പുകളും മുന്നറിയിപ്പുകളും , അപേക്ഷ നടപടികൾ, അറിയിപ്പുകൾ, പരാതികൾ എന്നിവയെല്ലാം ഓഫീസിന് കൈകാര്യം ചെയ്യാൻ കഴിയും. സംഘം ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയുള്ള പരാതികളെല്ലാം നൽകാൻ കഴിയും. സംഘങ്ങളുടെ പ്രവർത്തനത്തിന് നിയന്ത്രണമില്ലെന്നത് കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ പരാതിയാണ്. നിക്ഷേപം തിരികെ നൽകാത്തതടക്കം നിരവധി പരാതികൾ വിവിധ സംഘങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനും ലഭിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ സമഗ്രനിയന്ത്രണവും ഓൺലൈൻ പരിഷ്കാരവും സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!