ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ:പി.എസ്.സി യുടെ ചുരുക്കപ്പട്ടികയിൽ എഴുനൂറോളം പേർ ഉണ്ടാകുമെന്ന് സൂചന.
സഹകരണ വകുപ്പിലെ ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പി.എസ്.സി യുടെ ചുരുക്കപ്പട്ടികയിൽ എഴുനൂറോളം പേർ ഉണ്ടാകുമെന്ന് സൂചന. ചുരുക്കപ്പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായതായി അറിയുന്നു . അടുത്ത പി എസ് സി യോഗം ഇതിൽ തീരുമാനമെടുക്കും. നേരത്തെ 400 പേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കുന്നത് എന്നത് സംബന്ധിച്ച വാർത്ത വന്നതോടെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. മുൻകാലങ്ങളിൽ ആയിരം പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാകുമായിരുന്നു. അത് 400 പേരുടേതാക്കി ചുരുങ്ങി എന്ന തരത്തിൽ വാർത്ത വന്നതോടെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ ഉദ്യോഗാർത്ഥികൾ പരാതിയും നിവേദനവും നൽകിയിരുന്നു.
സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ താല്പര്യമായിരുന്നു ചുരുക്കപ്പട്ടിക കുറയാൻ കാരണമെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. നിലവിൽ സഹകരണ വകുപ്പിൽ ഉള്ള ജീവനക്കാർക്ക് പ്രമോഷൻ സാധ്യത കുറയും എന്നതാണ് ചുരുക്കപ്പട്ടിക കുറച്ചു കൊണ്ടുള്ള പ്രൊപ്പോസൽ പി.എസ്.സി കു നൽകാനും സഹകരണ വകുപ്പിലെ ജീവനക്കാരെ പ്രേരിപ്പിച്ചതെന്നും ആരോപണമുണ്ട്. നിവേദനവും പരാതികളും പ്രതിഷേധങ്ങളും ആതോടെ ഈ വിഷയത്തിൽ വകുപ്പ് മന്ത്രിയും ഇടപെട്ടതായി ആണ് അറിവ്. ചുരുക്കപ്പട്ടിക കുറഞ്ഞുപോയി എന്ന് അഭിപ്രായമാണ് വകുപ്പ് മന്ത്രിക്ക് ഉള്ളത് എന്നാണ് അറിവ്. ഇത് ബന്ധപ്പെട്ടവരെ അറിയിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പുതുക്കിയ പ്രൊപ്പോസൽ നൽകാൻ പിഎസ്.സി, വകുപ്പിനോട് ആവശ്യപ്പെട്ടതും അതനുസരിച്ചു പുതുക്കിയ പ്രൊപ്പോസൽ വകുപ്പ് പിഎസ്.സി ക്ക് നൽകിയതും.
പുതിയ പ്രൊപ്പോസൽ അടുത്ത പി എസ് സി യോഗം ചർച്ച ചെയ്യും. ഇതിനുശേഷം പി എസ് സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 700 പേരോളം അടങ്ങുന്ന മെയിൻ ലിസ്റ്റ് ഉണ്ടാകും എന്നാണ് അറിയുന്നത്.