ജില്ലാ ബാങ്കുകള്‍ക്ക്ബദലായി കേരള ബാങ്കിന് കീഴില്‍ കാര്‍ഷിക ജില്ലാ ബാങ്കുകള്‍

Deepthi Vipin lal
ദീര്‍ഘകാല കാര്‍ഷിക വായ്പാ വിതരണത്തിന് കേരള ബാങ്കിന് കീഴില്‍ ജില്ലാ കാര്‍ഷിക വികസന ബാങ്കുകള്‍ സ്ഥാപിക്കുന്ന കാര്യം  പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സമിതി ശുപാര്‍ശ ചെയ്തു. ജില്ലാ ബാങ്കുകളില്ലാതായതിനാല്‍ ഇത്തരമൊരു സാധ്യത പരിശോധിക്കേണ്ടതാണ്. താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ സംയോജിപ്പിച്ച് ജില്ലാതലത്തില്‍ ഒന്നാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇവ കേരള ബാങ്കിനുവേണ്ടി കാര്‍ഷിക-അനുബന്ധ വായ്പകള്‍ വിതരണം ചെയ്യുന്ന വിഭാഗമായി മാറ്റണമെന്നാണ് ശുപാര്‍ശ.

ബക്ഷി കമ്മിറ്റി ശുപാര്‍ശ ചെയ്ത ബിസിനസ് കറസ്പോണ്ടന്റ് മാതൃകയുടെ പരിഷ്‌കരിച്ച കേരള പതിപ്പാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശയിലൂടെ പ്രകടമാകുന്നത്. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുകയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെ കേരള ബാങ്കിന്റെ ബിസിനസ് വിഭാഗമാക്കി വളര്‍ത്തുകയും ചെയ്യുക എന്നതാണ് ശുപാര്‍ശയുടെ അന്തസ്സത്ത.

കേരളബാങ്കിന്റെ ഭാഗമാകുന്നതോടെ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ പുതിയ സോഫ്റ്റ്‌വെയര്‍ കൊണ്ടുവരണം. പ്രാഥമിക ബാങ്കിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, ഡിമാന്‍ഡുകള്‍, തിരിച്ചടവ് എന്നിവയുടെ ഏകോപനം  കേന്ദ്രീകൃതമായി നിയന്ത്രിക്കുന്ന വിധത്തിലാകണം സോഫ്റ്റ് വെയര്‍. മാത്രവുമല്ല, പ്രാഥമിക ബാങ്കുകളില്‍ വായ്പയുടെ തിരിച്ചടവ് വരുമ്പോള്‍ അത് കേരള ബാങ്കില്‍ ക്രെഡിറ്റാകുന്ന തരത്തിലായിരിക്കണം സോഫ്റ്റ്‌വെയര്‍ ക്രമീകരിക്കേണ്ടത് എന്നും സമിതി നിര്‍ദ്ദേശിക്കുന്നു.

കേരളബാങ്കില്‍നിന്നുള്ള സഹായം ഉപയോഗിച്ച് കാര്‍ഷിക വികസന ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ അത് നേരിട്ട് കേരള ബാങ്കിന് തിരിച്ചടവ് ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കണമെന്നാണ് പറയുന്നത്. ഫലത്തില്‍ കേരള ബാങ്കിന് വേണ്ടി ജോലിചെയ്യുന്ന, പൂര്‍ണ അര്‍ത്ഥത്തില്‍ ബിസിനസ് കറസ്പോണ്ടന്റായി പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളെ മാറ്റണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.

കാര്‍ഷിക വികസന ബാങ്കുകളുടെ ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ കാലഹരണപ്പെട്ടതാണ്. സിംഗിള്‍ വിന്‍ഡോ സിസ്റ്റവും ഏകീകരിക്കപ്പെട്ട അക്കൗണ്ടിങ് രീതിയും നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ റിപ്പോര്‍ട്ടുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകളും അതത് സമയങ്ങളില്‍ ലഭ്യമാക്കേണ്ടത് ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഇതിലൂടെ പ്രാഥമിക ബാങ്കുകള്‍ സാങ്കേതികമായി മെച്ചപ്പെടും. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം പ്രാഥമിക ബാങ്കുകള്‍ക്ക് ലഭിക്കും. അത് വരുമാനം വര്‍ദ്ധിക്കാന്‍ ഇടയാകും. ഒരു ജില്ലയില്‍ ഒരു കാര്‍ഷിക വികസന ബാങ്ക് എന്ന രീതിയില്‍ ക്രമീകരിച്ച് കേരള ബാങ്കിന്റെ കീഴിലാക്കുന്നത് ഈ ബാങ്കുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!