കോ-ഓപ് മാര്‍ട്ട് ലക്ഷ്യത്തിലെത്തിയില്ല; പദ്ധതി മൂന്നായി മുറിച്ചു

Deepthi Vipin lal

സഹകരണ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനുമായി സഹകരണ വകുപ്പ് തുടങ്ങിയ പദ്ധതി മൂന്നായി മുറിച്ചു. കോ-ഓപ് മാര്‍ട്ട് വില്‍പനശാലകള്‍ തുടങ്ങി സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊരുക്കാനുള്ള ശ്രമവും ലക്ഷ്യം കണ്ടില്ല. എല്ലാപ്രാഥമിക സഹകരണ ബാങ്കുകളിലും കോ-ഓപ് മാര്‍ട്ട് തുടങ്ങാന്‍ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. നാലുജില്ലകളിലായി നാലെണ്ണം മാത്രമാണ് തുടങ്ങാനായത്. ബാക്കിയുള്ള പത്തുജില്ലകളില്‍ ഓരോന്നുവീതം തുടങ്ങാനുള്ള നടപടി അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.

കണ്‍സ്യൂമര്‍- മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്കായി സഹകരണ വകുപ്പ് ആദ്യമായാണ് ഇത്തരമൊരു ബൃഹത് പദ്ധതി ആസൂത്രണം ചെയ്തത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളും ഒരുബ്രാന്‍ഡില്‍ ഒരുകൂടക്കീഴിലെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, കോ-ഓപ് മാര്‍ട്ട് ഔട്ലറ്റുവഴി മായമില്ലാത്ത സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് ജനങ്ങളിലെത്തിക്കുക ഇതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയാകെ ഏറ്റെടുത്ത് നടത്തുന്നതിന് സംസ്ഥാനത്ത് ഒരുസംഘത്തെ നിയോഗിക്കാനായിരുന്നു തീരുമാനം. ഇതിനായി കണ്‍സ്യൂമര്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഏഴ് സംഘങ്ങളുടെ അപേക്ഷ പരിഗണിച്ചെങ്കിലും, തുടര്‍ നടപടികളുണ്ടായില്ല. ഇതോടെ പദ്ധതി നിര്‍വഹണവും മുടങ്ങി.

താല്‍പര്യപത്രത്തില്‍നിന്ന് വിരുദ്ധമായി ഈ പദ്ധതി മൂന്നായി വിഭജിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് സഹകരണ വകുപ്പോ സഹകരണ സംഘം രജിസ്ട്രാറോ ഔദ്യോഗികമായി ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. കണ്‍സള്‍ട്ടിങ്, ഐ.ടി.ഡെവലപ്മെന്റ്, ലോജിസ്റ്റിക്സ് എന്നിങ്ങനെയാണ് വിഭജിച്ചത്. ഇതില്‍ കണ്‍സള്‍ട്ടിങ്ങിന് എറണാകുളത്തെ സാമൂഹിക സംരംഭക സഹകരണ സംഘം, ഐ.ടി.ഡെവലപ്മെന്റിന് ഊരാളുങ്കല്‍ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം, എന്നിവയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ലോജിസ്റ്റിക്സിന്റെ ചുമതല രണ്ട് സംഘങ്ങള്‍ക്കായാണ് നല്‍കിയത്. റെയ്ഡ്കോ, എന്‍.എം.ഡി.സി. എന്നിവയാണിത്.

ഈ നാല് സംഘങ്ങളോടും പ്രപ്പൊസല്‍ സമര്‍പ്പിക്കാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. അതുകൊണ്ടാണ് പദ്ധതി നിര്‍വഹണത്തിന് ഏജന്‍സികളെ ചുമതലപ്പെടുത്തിയതായുള്ള ഔദ്യോഗിക തീരുമാനം പുറത്തുവരാത്തതെന്നും വിശദീകരിക്കുന്നു. പക്ഷേ, ഓരോ സംഘങ്ങളില്‍നിന്നും ഉല്‍പന്നങ്ങള്‍ സംഭരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സംബന്ധിച്ച് ഒരുവ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതി നിര്‍വഹണം ഒരു സംഘത്തിന് നല്‍കാനുള്ള ആദ്യതീരുമാനം അനുസരിച്ചായിരുന്നെങ്കില്‍ സംഭരണത്തിനും വിതരണത്തിനും കോ-ഓപ് മാര്‍ട്ടുകളുടെ ഏകോപനത്തിനുമുള്ള ചുമതല ആ സംഘത്തിനായിരുന്നു. ഇത് വിഭജിച്ചുനല്‍കാനുള്ള തീരുമാനമാണ് പദ്ധതിതന്നെ അട്ടിമറിക്കപ്പെടാന്‍ ഇടയായത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!