കേരളബാങ്കിനെ നബാര്‍ഡ് നിയന്ത്രണത്തില്‍നിന്ന് മാറ്റി ആര്‍.ബി.ഐ. ഏറ്റെടുത്തേക്കും

moonamvazhi

കേരളബാങ്കിന്റെ നിയന്ത്രണം നബാര്‍ഡില്‍നിന്ന് മാറ്റിയേക്കും. സംസ്ഥാന സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നബാര്‍ഡിനെ സഹകരണ സംഘങ്ങളില്‍ ഓഡിറ്റ് അടക്കമുള്ള ചുമതല ഏല്‍പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം ആലോചിക്കുന്നത്. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളാണെങ്കിലും, ഇവയെ നേരിട്ട് നിയന്ത്രിക്കുന്നത് നബാര്‍ഡാണ്.

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കി നബാര്‍ഡിന്റെ കീഴിലാക്കുന്നുണ്ട്. ഇതോടെ നബാര്‍ഡ് സഹായം നേരിട്ട് പ്രാഥമിക സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ വാണിജ്യബാങ്കുകള്‍ക്ക് സമാനമായ രീതിയില്‍ ബാങ്കിങ് പ്രവര്‍ത്തനം മാറ്റേണ്ടിവരും. ഇതിനാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്ക് ഈ ബാങ്കുകളെ മാറ്റാന്‍ ആലോചിക്കുന്നത്.

സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ നിയന്ത്രണം നബാര്‍ഡില്‍നിന്ന് മാറ്റാമെന്ന അഭിപ്രായമാണ് റിസര്‍വ് ബാങ്കിനുള്ളത്. നേരത്തെ റിസര്‍വ് ബാങ്കിന് കീഴിലുണ്ടായിരുന്ന അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനായിരുന്നു ഇവയുടെ നിയന്ത്രണചുമതല. ഈ വകുപ്പാണ് നബാര്‍ഡ് എന്ന സ്വതന്ത്രസ്ഥാപനമാക്കി മാറ്റിയത്. ഇതോടെ അഗ്രികള്‍ച്ചര്‍ ക്രഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍വ് ബാങ്കില്‍നിന്ന് ഒഴിവായി. സമാനമായ ഒരു സംവിധാനം ആര്‍.ബി.ഐ.ക്ക് കീഴിലൊരുക്കി സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് നിയന്ത്രണം നിര്‍വഹിക്കാമെന്ന ആഭിപ്രായം ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്. ഇതോടെ നബാര്‍ഡിനെ മറ്റ് ചുമതലകളിലേക്ക് കൂടുതല്‍ ഉപയോഗിക്കാനാകുമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

ജില്ലാസഹകരണ ബാങ്കുകളെ പൂര്‍ണമായി റിസര്‍വ് ബാങ്കിന് കീഴിലേക്ക് മാറ്റുന്നതില്‍ വിരുദ്ധ അഭിപ്രായമുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ജില്ലാസഹകരണ ബാങ്കുകളാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനമായി നില്‍ക്കുന്നത്. ജില്ലാബാങ്കുകള്‍ സഹകരണ മേഖലയുടെ നിലനില്‍പിന് അടിസ്ഥാനമാണെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റിയ കേരളമാതൃക മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നത്. ജില്ലാസഹകരണ ബാങ്കുകളുടെ സഹകരണ സംരംക്ഷണ സ്വഭാവം നിലനിര്‍ത്താന്‍ അവയുടെ നിയന്ത്രണം നബാര്‍ഡില്‍ തന്നെ നിലനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമാണ്.

കാര്‍ഷിക വായ്പ സംഘങ്ങളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതോടെ സഹകരണ മേഖലയില്‍ സമഗ്രപരിഷ്‌കാരമാണ് കേന്ദ്രസഹകരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. കേരളവും തമിഴ്‌നാടും നിലവില്‍ ഈ പരിഷ്‌കാരത്തിന്റെ ഭാഗമായിട്ടില്ല. എന്നാല്‍, ഏതെങ്കിലും സംസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കുന്നത് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡിന് നല്‍കിയിട്ടുള്ളത്. സോഫ്റ്റ് വെയര്‍ ഏകീകരണം വേഗത്തില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് പ്രാഥമിക സംഘങ്ങളിലൂടെ നടപ്പാക്കാവുന്ന വിധത്തില്‍ നബാര്‍ഡിന്റെ പദ്ധതികള്‍ പരിഷ്‌കരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള സഹകരണ സംഘങ്ങളുടെ പദ്ധതി നിര്‍വഹണവും ഓഡിറ്റുമെല്ലാം നബാര്‍ഡായിരിക്കും നടത്തുക. ഇതാണ് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ചുമതലയില്‍നിന്ന് നബാര്‍ഡിനെ മാറ്റുന്ന കാര്യം പരിഗണിക്കാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News