ഹരിത സുരക്ഷയൊരുക്കി വടകരയുടെ പെണ്‍സേന

moonamvazhi

 

‘ദേ നോക്കെടാ, പാട്ട പെറുക്കുന്ന അണ്ണാച്ചി വരുന്നുണ്ട് ‘ – മാലിന്യം ശേഖരിക്കാന്‍ പോകുന്ന വഴിയാണ് ഒരു സ്‌കൂള്‍ കുട്ടിയില്‍ നിന്നു ഹരിയാലി ഹരിത കര്‍മ സേനയിലെ ജിഷ ആദ്യമായി ഈ വിളി കേള്‍ക്കുന്നത്. ‘ അന്ന് ആ വിളി ഒരുപാട് സങ്കടമുണ്ടാക്കി. പിന്നീട് പലരും പല രീതിയില്‍ പരിഹസിച്ചു. ആക്രികളെന്നു വിളിച്ചു. മാലിന്യം ശേഖരിക്കാന്‍ പോകുമ്പോള്‍ പട്ടിയെ അഴിച്ചു വിട്ട് ഓടിച്ചു. മുഖത്തേക്ക് മാലിന്യം വലിച്ചെറിയുന്ന സാഹചര്യംവരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചോര്‍ത്ത് ഒരു നാണക്കേടും തോന്നുന്നുമില്ല. ഞങ്ങളു ചെയ്യുന്നത് നാടിനു വേണ്ടിയുള്ള സേവനം കൂടിയാണെന്ന ഉത്തമ ബോധ്യം ഞങ്ങള്‍ക്കുണ്ട് ‘- ജിഷ പറയുന്നു.

രണ്ട് വര്‍ഷമായി കോഴിക്കോട് വടകര നഗരസഭയുടെ കുടുംബശ്രീക്ക് കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഹരിത കര്‍മ സേനയാണ് ഹരിയാലി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുപോലും ആളുകള്‍ ഇപ്പോള്‍ സംഘമായി ഇവിടെ എത്തുന്നുണ്ട്. അമ്പതോളം സംഘങ്ങള്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞു. ഒന്നും മാലിന്യമല്ല , സമ്പത്താണ് എന്ന ആശയത്തില്‍ ഊന്നി നിന്നുകൊണ്ടാണ് ഹരിയാലി പ്രവര്‍ത്തിക്കുന്നത്. മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുക എന്ന രീതിയില്‍ നിന്നുമാറി ശേഖരിക്കുന്ന മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടി തേടുകയാണ് ഹരിയാലി. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പണി മൂന്നു മണിക്കാണ് അവസാനിക്കാറ്. ചില ദിവസങ്ങളില്‍ മൂന്നു മണി കഴിഞ്ഞും നീളാറുണ്ട്.

വടകര നഗരസഭയിലെ ആകെയുള്ള 47 വാര്‍ഡുകളിലെ എണ്ണായിരത്തോളം വീടുകളില്‍ നിന്ന് ഹരിയാലിയുടെ പ്രവര്‍ത്തകര്‍ അജൈവ മാലിന്യം ശേഖരിക്കുന്നു. ഈ വാര്‍ഡുകളിലെ കടകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മാസത്തില്‍ ഒരു തവണയാണ് ഒരു വാര്‍ഡില്‍ എത്തുക. ഓരോ മാസവും ഓരോ തരത്തിലുള്ള മാലിന്യമാണ് ശേഖരിക്കുക. ആദ്യത്തെ മാസം കുപ്പികളാണെങ്കില്‍ അടുത്ത മാസം ശേഖരിക്കുന്നത് തുണികളാകും . പിന്നീടുള്ള മാസം ഇ- മാലിന്യങ്ങളായിരിക്കും. എല്ലാത്തിനും ഹരിയാലിക്ക് അവരുടേതായ രീതികളുണ്ട്. വീടുകളില്‍ നിന്ന് അമ്പത് രൂപയും കടകളില്‍ നിന്ന് 100 രൂപയുമാണ് യൂസര്‍ ഫീ ആയി വാങ്ങുന്നത്. മൂന്നു ചാക്കുകളാണ് പരമാവധി 50 രൂപയ്ക്ക് എടുക്കുക. അതില്‍ക്കൂടുതല്‍ വന്നാല്‍ അതിനനുസരിച്ച് തുക ഈടാക്കും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിക്കും.

മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍

ഹരിയാലിയുടെ പിറവി

2017 ലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിയാലി ഹരിതസേന ദൗത്യം ആരംഭിച്ചത്. വടകര നഗരസഭയിലെ 47 വാര്‍ഡുകളിലെ കുടുംബശ്രീയില്‍ നിന്ന് തിരഞ്ഞെടുത്ത 53 അംഗങ്ങളാണ് ഹരിയാലിയിലുള്ളത്. ഇവര്‍ക്ക് ഒരു മാസത്തെ പരിശീലനം ലഭിച്ചിരുന്നു. ഓരോ വാര്‍ഡില്‍ നിന്നും ശുപാര്‍ശ ചെയ്ത അഞ്ച് പേരില്‍ നിന്ന് അഭിമുഖം നടത്തി ജോലി ചെയ്യാന്‍ സന്നദ്ധരായ ആള്‍ക്കാരെയാണ് ഹരിയാലിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് വടകര നഗരസഭയുടെ മാലിന്യ സംസ്‌കരണ, കൃഷിവ്യാപന, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഹരിയാലി. സൊസൈറ്റി ആക്ടനുസരിച്ച് ഹരിയാലി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സമിതിയുടെ ചെയര്‍മാനുമായ മണലില്‍ മോഹനന്‍ ഹരിയാലിയുടെ എല്ലാപ്രവര്‍ത്തനത്തിനും എപ്പോഴും ഒപ്പമുണ്ട്. ഹരിയാലിയുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും വടകര നഗരസഭയുടെ പൂര്‍ണ പിന്തുണയുണ്ട്.

ഹരിയാലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനങ്ങള്‍ അറിയിക്കാനും കൃത്യമായ ഹാജര്‍ രേഖപ്പെടുത്താനും ഇവര്‍ക്കൊരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ട്. എട്ടു മണിക്കാണ് ജോലിയില്‍ കയറേണ്ടത്. വരുന്ന ക്രമമനുസരിച്ച് ഹാജര്‍ പുസ്തകത്തില്‍ പേരെഴുതി ഒപ്പിടണം. എട്ടര ആകുമ്പോഴേയ്ക്കും വാട്‌സ് ആപ്പ് വഴി അത് അയച്ചു കൊടുക്കും. മാലിന്യം എടുക്കുന്ന വീടുകളില്‍ ഒരു കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഓരോ മാസവും കൃത്യമായി അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കും. കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ റിവ്യൂ മീറ്റിങ്ങും ചേരാറുണ്ട്. തിരക്കൊഴിയുന്ന നേരങ്ങളില്‍ ഹരിയാലിയിലെ അംഗങ്ങള്‍ യാത്രകള്‍ പോകാറുമുണ്ട്.

പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്ന നിര്‍മാണം

ഹരിയാലിക്ക് വടകര പഴയ സ്റ്റാന്‍ഡിലെ ദ്വാരക ബില്‍ഡിങ്ങില്‍ പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്ന നിര്‍മാണകേന്ദ്രമുണ്ട്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ബദലായി വിവിധ തരം തുണിസഞ്ചികള്‍ ഇവിടെ ഉണ്ടാക്കുന്നു. പേഴ്‌സ് രൂപത്തിലുള്ള തുണിസഞ്ചികള്‍, മത്സ്യം, മാംസം എന്നിവക്കായി വെള്ളം പുറത്തുവരാത്ത ഫിഷ്ബാഗ്, പച്ചക്കറികളും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍ ഒരു സഞ്ചിയില്‍ തന്നെ വ്യത്യസ്ത അറകളില്‍ വിവിധതരം സാധനങ്ങള്‍ വെക്കാന്‍ കഴിയുന്ന മള്‍ട്ടിപര്‍പ്പസ് ഷോപ്പര്‍, സ്‌കൂള്‍ ബാഗുകള്‍, സൈഡ്ബാഗുകള്‍, വാനിറ്റി ബാഗുകള്‍ എന്നിവയൊക്കെ ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചികള്‍ എത്തിച്ച് വടകരയെ പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്ന നിര്‍മാണകേന്ദ്രം

കേടായ ബള്‍ബ,് കമ്പ്യൂട്ടര്‍ മോണിറ്റര്‍, ടി.വി. തുടങ്ങിയ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്ത് വില്‍ക്കുന്ന ഷോപ്പും ഡിസ്‌പോസ്സിബിള്‍ പ്ലേറ്റിനും ഗ്ലാസ്സിനും പകരം വിവാഹപാര്‍ട്ടികള്‍ക്കും മറ്റു പരിപാടികള്‍ക്കും ഫൈബര്‍ ഗ്ലാസ്സുകളും സ്റ്റീല്‍ പ്ലെയ്റ്റുകളും വാടകയ്ക്ക് നല്‍കുന്ന റെന്റ് ഷോപ്പും ഹരിയാലിക്കുണ്ട്. വാടകയ്ക്ക് നല്‍കുന്ന പാത്രങ്ങള്‍ ഹരിയാലിയിലെ അംഗങ്ങള്‍ തന്നെ കഴുകി വൃത്തിയാക്കും. ഈ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

റെന്റ് ഷോപ്പ്

 

‘ ഹരിയാലി ഞങ്ങളുടെ കുടുംബമാണ്. ഇവിടെ വരുമ്പോള്‍ എല്ലാ സങ്കടങ്ങളും മറക്കും. ഞങ്ങള്‍ എല്ലാകാര്യത്തിനും ഒറ്റക്കെട്ടായി ഉണ്ടാകും ‘ – സെക്രട്ടറി രഷില ഇതു പറയുമ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം. ഹരിയാലിയിലെ അംഗങ്ങള്‍ എല്ലാ മാസവും 100 രൂപ വീതം മാറ്റി വയ്ക്കും. ഹരിയാലിയിലെ അംഗങ്ങള്‍ക്കോ വീട്ടിലെ മറ്റാര്‍ക്കെങ്കിലുമോ അസുഖമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുന്ന ഘട്ടത്തില്‍ ഇങ്ങനെ സ്വരൂപിച്ച തുക നല്‍കി സഹായിക്കും. അനിലയാണ് ഹരിയാലിയുടെ പ്രസിഡന്റ്.

തളരാതെ മുന്നോട്ട്

തുടക്ക കാലത്ത് അനുഭവിച്ച ഒറ്റപ്പെടലും പരിഹാസവുമൊക്കെ ഇപ്പോള്‍ അഭിനന്ദനങ്ങള്‍ക്കും സന്തോഷത്തിനും വഴിമാറിയിരിക്കുന്നു. ആട്ടിയോടിച്ചവരും തെറി വിളിച്ചവരും ഇപ്പോള്‍ മാലിന്യം എടുക്കാന്‍ ഹരിയാലി അംഗങ്ങളെ കണ്ടില്ലെങ്കില്‍ തിരക്കി വിളിക്കും. സ്‌നേഹത്തോടെയാണ് നാട്ടുകാര്‍ പെരുമാറുന്നത്. പണിയെടുത്ത് ക്ഷീണിക്കുമ്പോള്‍ ജ്യൂസുണ്ടാക്കി നല്‍കുന്നവരുണ്ട്. ഭക്ഷണം കഴിക്കാന്‍ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുന്നവരുണ്ട്. ഇപ്പോള്‍ ഹരിയാലി അംഗങ്ങളെയും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും എല്ലാവര്‍ക്കും മനസ്സിലായിത്തുടങ്ങി.
മാലിന്യ ശേഖരണത്തിനു കിട്ടുന്ന യൂസര്‍ ഫീ ഉള്‍പ്പെടെ 76 ലക്ഷം രൂപയിലേറെ ഒരു വര്‍ഷം വരുമാനമുണ്ടാക്കുന്നുണ്ട് ഈ പെണ്‍കൂട്ട്. ഒരാള്‍ക്ക് എട്ടായിരം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.

മികച്ച പ്രവര്‍ത്തനത്തിന്റെ പേരില്‍ എട്ട് പുരസ്‌കാരങ്ങള്‍ ഹരിയാലിയെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവുമെടുവില്‍ മലയാള മനോരമയുടെ പെണ്ണൊരുമ മല്‍സരത്തിലാണ് ഇവര്‍ക്ക് പുരസ്‌കാരം കിട്ടിയത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും. 400 പെണ്‍സംഘങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ നിന്നു കിട്ടിയ സമ്മാനത്തിന് തിളക്കം ഏറെയാണ്. ജില്ലാതലത്തില്‍ അമ്പതിനായിരം രൂപയും സംസ്ഥാന തലത്തില്‍ മൂന്നു ലക്ഷം രൂപയുമാണ് സമ്മാനത്തുക.

ഗ്രീന്‍ ആര്‍മി

ഹരിയാലിയുടെ അടുത്ത സ്വപ്നം തരിശു ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒരു ഗ്രീന്‍ ആര്‍മിയാണ്. പ്ലാസ്റ്റിക്ക് ബ്രിക്‌സ് നിര്‍മാണ യൂണിറ്റും ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ബാക്ടീരികളെ സൃഷ്ടിക്കുന്ന ഇന്നോക്കുലം യൂണിറ്റും വൈകാതെ പ്രാവര്‍ത്തികമാക്കാനുള്ള നീക്കത്തിലാണ് ഇവര്‍. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും ഓരോന്നായി , ഒരുമിച്ചു നിന്ന് സ്വന്തമാക്കുകയാണ് ഹരിയാലി സേന.

ഏറ്റെടുത്ത ദൗത്യം നിര്‍ത്തിപ്പോകാന്‍ ഒരുപാട് കാരണങ്ങള്‍ ഇവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു. കളിയാക്കല്‍ മുതല്‍ കൈയേറ്റം വരെ. ചെയ്യുന്ന ജോലിയോടുള്ള ഉത്തരവാദിത്തവും ആത്മാര്‍ത്ഥയും പിന്നെ കൂട്ടുകെട്ടിന്റെ ശക്തിയുമാണ് ഇവരെ മുന്നോട്ടു നയിച്ചത്. മാലിന്യമെടുക്കാന്‍ പോകുന്നത് ഹരിയാലിക്കാര്‍ക്ക് അപമാനമല്ല, അഭിമാനമാണ്. ഇവര്‍ക്കിത് വെറുമൊരു തൊഴില്‍ മാത്രമല്ല. നാടിനു വേണ്ടി സ്വമനസ്സാലെ തിരഞ്ഞെടുത്ത ഹരിത ദൗത്യമാണ്. ‘ ഒരു മിഠായിക്കടലാസ് പോലും ഞങ്ങള്‍ക്ക് താഴെ കളയാന്‍ തോന്നാറില്ല ‘ എന്ന് ഹരിയാലിയിലെ അംഗങ്ങള്‍ ഒരേ ശബ്ദത്തില്‍ പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുടെ ധ്വനിയുണ്ട്. നിറമുള്ള സ്വപ്‌നങ്ങള്‍ പെറുക്കിച്ചേര്‍ത്ത് ഈ പെണ്‍സേന മുന്നോട്ട് തന്നെയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published.