സഹകരണ എക്‌സ്‌പോയില്‍ ശീതീകരിച്ച 200 സ്റ്റാളുകള്‍

Deepthi Vipin lal

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍പ്പെടുത്തി എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനൂറില്‍പ്പരം സ്റ്റാളുകള്‍ സജ്ജമാക്കും.

സഹകരണ മേഖലയിലെ എല്ലാ ഉല്‍പ്പാദക സംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും എക്‌സ്‌പോയില്‍ അവസരമൊരുക്കും. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാനതലങ്ങളില്‍ സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍, ഏറ്റെടുത്ത വെല്ലുവിളികള്‍, നടപ്പാക്കിവരുന്ന ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലെത്തിക്കാനും അവസരമൊരുക്കും. സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍ എന്നിവയുണ്ടാകും. സഹകരണ സ്ഥാപനങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര ബിസിനസ് മീറ്റുകളും എക്‌സ്‌പോയില്‍ സംഘടിപ്പിക്കും.

 

എക്‌സ്‌പോയുടെ നടത്തിപ്പിനായി പ്രാപ്തിയുള്ള സഹകരണ സംഘങ്ങളില്‍ നിന്നു 5000 രൂപ വീതം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.