വിരമിച്ച സഹകരണ ജീവനക്കാര്‍ക്കെതിരെയും അച്ചടക്ക നടപടിയെടുക്കാമെന്ന് കോടതി

moonamvazhi

ഒരു സഹകരണ സംഘത്തിലെ ജീവനക്കാര്‍ക്ക് സംഘവുമായുള്ള നിയമപരമായ ബന്ധം എത്രകാലം വരെയുണ്ടാകും. വിരമിച്ച ജീവനക്കാര്‍ക്കെതിരെ സംഘത്തിന് അച്ചടക്ക നടപടി സ്വീകരിക്കാനാകുമോ. ഇതിനെല്ലാമുള്ള ഉത്തരമാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതി നല്‍കിയത്. വിരമിച്ചാലും സഹകരണ ബാങ്ക് ജീവനക്കാര്‍ക്കെതിരേയുള്ള അച്ചടക്കനടപടി തുടരാനാകുമെന്നും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അച്ചടക്ക നടപടി പൂര്‍ത്തിയായശേഷം നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒരു ഭരണസമിതി അംഗത്തിന് നിയമപരമായ ബാധ്യത അദ്ദേഹത്തിന്റെ സ്ഥാനം ഒഴിവായതിന് ശേഷം രണ്ടുവര്‍ഷം കൂടി നിലനില്‍ക്കുമെന്ന വ്യവസ്ഥ സഹകരണ നിയമത്തില്‍ കൊണ്ടുവരുന്നുണ്ട്. സഹകരണ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യം സഹകരണ ചട്ടത്തിലാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പക്ഷേ, സഹകരണ ജീവനക്കാര്‍ക്ക് മാത്രമായി സര്‍വീസ് ചട്ടം നിലവിലില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സര്‍വീസ് ചട്ടം പൂര്‍ണമായി സഹകരണ ജീവനക്കാര്‍ക്ക് ബാധകവുമല്ല.

ഈ സാഹചര്യത്തിലാണ് വിരമിച്ച ജീവനക്കാരനെതിരെയുള്ള സംഘം ഭരണസമിതിയുടെ അച്ചടക്ക നടപടി ഹൈക്കോടതി കയറിയത്. കേരള കോഓപ്പറേറ്റീവ് ബാങ്ക് ഹൊസങ്കടി ശാഖ മാനേജര്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. ഈടായി നല്‍കിയ വസ്തുവിന് ഉയര്‍ന്നമൂല്യം നിര്‍ണയിച്ച് വായ്പ നല്‍കിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. 2020ല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ചില കുറ്റങ്ങള്‍ ഒഴിവാക്കി. 2020 മെയില്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. അച്ചടക്കനടപടി തുടരുന്നതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ല. തുടര്‍ന്ന് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.

ഈ അപ്പീല്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് തള്ളി. കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് റൂള്‍ 198(7) പ്രകാരം, വിരമിച്ചശേഷവും ക്രമക്കേടിന്റെ പേരിലുള്ള അച്ചടക്കനടപടി തുടരാന്‍ അനുവദിക്കുന്നുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, വിരമിച്ചിട്ട് ഏറെ നാളായതിനാല്‍ അച്ചടക്കനടപടികള്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിക്കാരന്‍ ഇതിനോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.