മില്‍മ സ്‌പെഷല്‍ ഗ്രേഡ്-സീനിയര്‍ ഓഡിറ്റേഴ്‌സ് തസ്തിക ഇല്ലാതാകുന്നു

moonamvazhi

ഉയര്‍ന്ന ഓഡിറ്റേഴ്‌സ് തസ്തിക വെട്ടിക്കുറയ്ക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ തീരുമാനം. ഇതിനുള്ള ശുപാര്‍ശ ക്ഷീരവകുപ്പ് മുഖേന സഹകരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റേഴ്‌സ് തസ്തിക പൂര്‍ണമായും ഒഴിവാക്കാനും സീനിയര്‍ ഓഡിറ്റേഴ്‌സ് തസ്തികകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുമാണ് തീരുമാനം. പകരം ജൂനിയര്‍ ഓഡിറ്റര്‍മാരെ നിയമിക്കും. സഹകരണ ഓഡിറ്റ് വിഭാഗത്തില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കുറയ്ക്കുന്നതാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ തീരുമാനം.

മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് കീഴില്‍ 26 ഓഡിറ്റര്‍മാരുടെ തസ്തികയാണുള്ളത്. അഞ്ച് സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍, 10 സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, 10 ജൂനിയര്‍ ഓഡിറ്റര്‍, ഒരു സൂപ്രണ്ട് എന്നിങ്ങനെയാണ് ഓഡിറ്റിലെ തസ്തികകള്‍. ഇവരെ സഹകരണ ഓഡിറ്റ് വകുപ്പില്‍നിന്നാണ് നിയമിക്കുക. ഓഡിറ്റ് വിഭാഗത്തില്‍ ഉയര്‍ന്ന തസ്തികയാണ് സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ എന്നുള്ളത്. ഓരോ സ്ഥാപനങ്ങളിലും നിലവിലുള്ള തസ്തികയുടെ എണ്ണത്തിന് അനുസരിച്ചാണ് വകുപ്പില്‍ സ്ഥാനക്കയറ്റം ഉണ്ടാകുക.

മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയനില്‍ ഇനി സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍മാര്‍ വേണ്ടെന്നും, മൂന്നു സീനിയര്‍ ഓഡിറ്ററും ബാക്കിയെല്ലാം ജൂനിയര്‍മാരും മതിയെന്നുമാണ് മില്‍മ സഹകരണ വകുപ്പിനെ അറിയിച്ചിട്ടുള്ളത്. ഒരുവര്‍ഷത്തേക്കാണ് ഓഡിറ്റര്‍മാരെ സഹകരണ ഓഡിറ്റ് വിഭാഗത്തില്‍നിന്ന് ഓരോ സ്ഥാപനങ്ങളിലേക്കും നിയമിക്കുക. നിലവിലെ ഓഡിറ്റര്‍മാര്‍ ആറുമാസം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് അവരെ മാറ്റാന്‍ മില്‍മ തിരുവനന്തപുരം മേഖലയൂണിയന്‍ ശ്രമിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഓഡിറ്റേഴ്‌സിനെ നിയമിക്കുമ്പോള്‍ അവരുടെ സാമ്പത്തിക ചെലവ് സ്ഥാപനം സര്‍ക്കാരിലേക്ക് അടക്കണം. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന എല്ലാ ചെലവുകളും ചേര്‍ത്താണ് തുക നല്‍കേണ്ടത്. ഇത് മുന്‍കൂറായി നല്‍കുകയും വേണം. രണ്ടുഗഡുക്കളായാണ് സര്‍ക്കാരിലേക്ക് പണം നല്‍കുക. ആദ്യത്തെ തുക തുടക്കത്തിലും രണ്ടാമത്തെ ഗഡു ആറുമാസം കഴിഞ്ഞുമാണ് നല്‍കേണ്ടത്. രണ്ടാമത്തെ തുക അടക്കേണ്ട ഘട്ടത്തിലാണ് മില്‍മ ഓഡിറ്റര്‍മാരുടെ തസ്തികയില്‍ മാറ്റം വരുത്തിയിട്ടുള്ളത്. അതിനാല്‍ മില്‍മ ഭരണസമിതി തീരുമാനം സഹകരണ വകുപ്പ് അംഗീകരിക്കുമോയെന്നത് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published.