സഹകരണ വായ്പാസംഘങ്ങളെ ആദായ നികുതിയിൽ നിന്നൊഴിവാക്കണം – സുപ്രീം കോടതി

moonamvazhi

സഹകരണ വായ്പാസംഘങ്ങളെ ബാങ്കുകളായി പരിഗണിക്കരുതെന്നും അവയെ ആദായനികുതിപരിധിയിൽ നിന്നൊഴിവാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. സഹകരണ വായ്പാ സംഘങ്ങൾക്ക് ആദായനികുതി ബാധകമാക്കണമെന്ന പ്രിൻസിപ്പൽ കമ്മീഷണറുടെ അപ്പീൽ ( നമ്പർ 8719 / 2022 ) തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ ഉത്തരവിട്ടതെന്നു ‘  ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘  റിപ്പോര്‍ട്ട് ചെയ്തു.

ആദായനികുതി കമ്മീഷണറും അണ്ണാസാഹബ് പാട്ടീൽ മത്തടി കാംഗാർ സഹകാരി പട്‌പേഥി ലിമിറ്റഡും തമ്മിലുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഈ വിധി. വായ്പ നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ സഹകരണസംഘത്തെ ബാങ്കായി പരിഗണിക്കണമെന്നും 80 പി ( 4 ) അനുസരിച്ചുള്ള ആദായനികുതിയിളവിനു സംഘങ്ങൾ അർഹമല്ലെന്നായിരുന്നു കമ്മീഷണറുടെ വാദം.

സംഘത്തിലെ അംഗങ്ങൾക്കു വായ്പ കൊടുക്കുന്നതുകൊണ്ടുമാത്രം അതിനെ 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി ബാങ്കായി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വന്തം സംഘത്തിലെ അംഗങ്ങള്‍ക്കു വായ്പ കൊടുക്കുന്നതും പൊതുജനങ്ങള്‍ക്കു വായ്പയുള്‍പ്പെടെ വിവിധ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

 

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും വായ്പാസംഘങ്ങളുടെയും അപക്‌സ് സംഘടനയായ NAFCUB ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ) ന്റെ പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത സുപ്രീംകോടതിവിധിയെ ചരിത്രപരം എന്നു വിശേഷിപ്പിച്ചു. രാജ്യത്തെ വിവിധ കോടതികളില്‍ ആദായനികുതിയിളവ് സംബന്ധിച്ച കേസ് നിലവിലുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിവിധി സംഘങ്ങള്‍ക്കു വലിയൊരാശ്വാസമാണ്- അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!